ഉത്തരാഖണ്ഡ് മിന്നൽ പ്രളയം: നൂറുകണക്കിന് പേർ മണ്ണിനടിയിൽ തന്നെ; ധാരാലി റോഡ് വീണ്ടും തുറന്നതിനെതിരെ നാട്ടുകാർ

ന്യൂഡൽഹി: മിന്നൽ പ്രളയത്തിൽ തകർന്ന ഉത്തരകാശിയിലെ ധാരാലി ഗ്രാമത്തെ ഗംഗോത്രിയുമായി ബന്ധിപ്പിക്കുന്ന റോഡ്  പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. കുറഞ്ഞത് 200 മൃതദേഹങ്ങളെങ്കിലും മണ്ണിലും അവശിഷ്ടങ്ങളിലും ആഴത്തിൽ കുഴിച്ചു മൂടപ്പെട്ടു കിടക്കുന്നതിനിടയിൽ ആണ് റോഡ് തുറന്നതെന്ന് നാട്ടുകാർ ആരോപിച്ചു. 

ആഗസ്റ്റ് 5നുണ്ടായ മിന്നൽ പ്രളയത്തിൽ​പ്പെട്ട ഹോട്ടലുകളിലും ഹോംസ്റ്റേകളിലും താമസിച്ചിരുന്ന കുടുംബാംഗങ്ങളെ തേടി മഹാരാഷ്ട്ര, കേരളം, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ ധരാലിയിലേക്ക് എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം ആറ് ആണെന്നാണ് കണ്ടെത്തിയ മൃതദേഹങ്ങളുടെ അടിസ്ഥാനത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാൽ, കാണാതായവരുടെ കണക്കുകൾ 200ലേറെ വരുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. 

അതിനിടയിലാണ് ദുരന്തത്തിന് തൊട്ടുപിന്നാലെ അടച്ചിട്ട ഖീർ ഗംഗാ നദിക്കരയിലെ റോഡ്  ഗംഗോത്രിയിലേക്ക് പോകുന്ന തീർഥാടകർക്കായി വീണ്ടും തുറന്നത്.  പ്രദേശത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി മൃതദേഹങ്ങൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുമ്പോൾ ഈ സംഭവം തിരച്ചിൽ പ്രവർത്തനത്തിന്റെ ആത്മാർഥതയിൽ  സംശയമുണർത്തുന്നു. 

‘അവശിഷ്ടങ്ങൾക്കടിയിൽ പുതഞ്ഞുകിടക്കുന്ന മൃതദേഹങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്ത സമയത്ത്, റോഡിന്റെ ഒരു ഭാഗം വാഹനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുന്നു. ഇത് ആശങ്കാജനകമാണെ’ന്ന് പ്രദേശവാസിയായ രാജേഷ് സെംവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

‘100 മീറ്റർ ചുറ്റളവിൽ അവ ഇവിടെ കുഴിച്ചു മൂട​പ്പെട്ടുവെന്ന് ഞങ്ങൾക്കറിയാം. അതിൽ റോഡും ഉൾപ്പെടുന്നു. 200ലധികം ആളുകൾ അതിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. പക്ഷെ, സർക്കാർ മരിച്ചവരുടെ എണ്ണം ആറായി കണക്കാക്കുന്നു’വെന്നും അദ്ദേഹം പറഞ്ഞു. 

എന്നാൽ, ഗംഗോത്രിയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ചാർധാം വിനോദസഞ്ചാരികൾക്ക് ലഭ്യമായ ഏക മാർഗം ഈ റോഡാണെന്നാണ് എൻ‌.ഡി.‌ആർ.‌എഫ് ഉദ്യോഗസ്ഥൻ പറയുന്നത്.  ‘മൃതദേഹങ്ങൾ ഉണ്ടെങ്കിൽ, അവ ഉപരിതലത്തിൽ നിന്ന് പത്തോ ഇരുപതോ അടി താഴെയായിരിക്കാം. നിലത്തു തുളച്ചുകയറുന്ന റഡാറുകളുടെയും സ്നിഫർ നായ്ക്കളുടെയും സഹായത്തോടെ ഭൂമിയിൽ നിന്ന് 10-12 മീറ്റർ താഴെ വരെ മനുഷ്യ സാന്നിധ്യം നമുക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. ഉടൻ കുഴിക്കൽ ആരംഭിക്കാനായി അത്തരം 20 സ്ഥലങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെ’ന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.  കാണാതായവരെ കണ്ടെത്താൻ തങ്ങൾ എല്ലാം ചെയ്യുന്നുണ്ടെന്നാണ് ഇൻസ്പെക്ടർ ജനറൽ അരുൺ മോഹൻ ജോഷി പറയുന്നത്.

 നിലത്തു തുളച്ചുകയറുന്ന റഡാറുകളെക്കുറിച്ച് അറിവുള്ള ഒരു വിദഗ്ധൻ, ഉപകരണത്തിന്റെ ട്രാക്കിങ് കഴിവ് മണ്ണിന്റെ ഘടന ഉൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് പറഞ്ഞു. ‘മിക്ക കേസുകളിലും, ഇതിലൂടെ കണ്ടെത്തുന്ന വസ്തുക്കൾ തകർന്ന വീടിന്റെ ഭാഗമാണോ അതോ മൃതദേഹമാണോ എന്ന് അതിന് പറയാൻ കഴിയില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


Tags:    
News Summary - Dharali lifeline road reopens amid searches, locals claim hundreds buried under mud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.