മേഘസ്ഫോടനം, പ്രളയം, മണ്ണിടിച്ചിൽ, മരണം; പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച് ഹിമാചൽ

ഷിംല: ഹിമാചൽ പ്രദേശിനെ വിടാതെ പിന്തുടർന്ന് തുടർച്ചയായ മഴയും മേഘവിസ്ഫോടനവും വെള്ളപ്പൊക്കവും. നാശനഷ്ടങ്ങളും കെടുതികളും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു.  396 റോഡുകൾ തടസ്സപ്പെടുകയും നിരവധി പഞ്ചായത്തുകൾ ഒറ്റപ്പെടുകയും ചെയ്തു. എണ്ണമറ്റ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വാഹനങ്ങൾ ഒഴുകിപ്പോയി. ഒന്നിലധികം ജില്ലകളിൽ വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടു. 

ജൂൺ 20ന് മൺസൂൺ ആരംഭിച്ചതിനുശേഷം സംസ്ഥാനത്തിന് 2,031 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. 31 മേഘസ്ഫോടനങ്ങൾ, 63 വെള്ളപ്പൊക്കങ്ങൾ, 57 വലിയ മണ്ണിടിച്ചിലുകൾ. 126 മരണങ്ങൾ, 36 പേരെ കാണാതായതായി. 

ബുധനാഴ്ചയും ഷിംല, കുളു, കിന്നൗർ, ലഹൗൽ, സ്പിതി ജില്ലകളിൽ കനത്ത മഴ പെയ്തു. എന്നാൽ, ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.  ഷിംലയിലെ രാംപൂർ പ്രദേശത്ത് മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ കനത്ത മഴയെ തുടർന്ന് ഒരു പാലം തകർന്നു.

1,593 വൈദ്യുതി വിതരണ ട്രാൻസ്‌ഫോർമറുകളും 178 ജലവിതരണ പദ്ധതികളും നിലവിൽ തകരാറിലാണെന്നും എൻ‌.എച്ച് 305 ഉൾപ്പെടെയുള്ള റോഡ് അടച്ചിട്ടതായും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു.

മാണ്ടി ജില്ലയിൽ 173 റോഡുകളും കുളുവിൽ 71 റോഡുകളും തടസ്സപ്പെട്ടതായും മറ്റ് നിരവധി ജില്ലകളിൽ നിന്ന് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതായും എസ്‌.ഇ.ഒ.സി അറിയിച്ചു. 

കുളു ജില്ലയിലെ ശ്രീഖണ്ഡ്-ബത്താധ് മലകളിലെ മേഘവിസ്ഫോടനങ്ങളും ഷിംലയിലെ രാംപൂർ പ്രദേശത്തെ നാശനഷ്ടങ്ങളുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ ഉൾപ്പെടുന്നത്. കുർപാൻ മലയിടുക്കിലെ വെള്ളപ്പൊക്കം മൂലം ബാഗിപുൾ മാർക്കറ്റിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ’കോട്ടേജുകൾക്ക് കേടുപാടുകൾ സംഭവിച്ചു, വാഹനങ്ങൾ ഒഴുകിപ്പോയി. എന്നാൽ, ഇതുവരെ ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല’ന്ന് കുളു ഡെപ്യൂട്ടി കമീഷണർ ടോറുൾ എസ്. രവീഷ് പറഞ്ഞു.

ഷിംല ജില്ലയിൽ, മൂന്ന് ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഗാൻവി, കിയാവോ, കൂട്ട്, കിൻഫി, കുട്രു, സുരു, രൂപ്നി, ഖനിധാർ, ഖുഞ്ച എന്നിവിടങ്ങളിലേക്കുള്ള റോഡ് ബന്ധം വിച്ഛേദിക്കപ്പെട്ടു. ഗാൻവി പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഒരു പൊലീസ് പോസ്റ്റും ഒരു വൈദ്യുതി ഡിപ്പാർട്ട്‌മെന്റ് സ്റ്റോറും തകർന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. പല സ്ഥലങ്ങളിലും കാറുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.

ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലേക്കുള്ള റോഡ് മണ്ണിടിച്ചിലിലും മരങ്ങൾ കടപുഴകി വീണും തടസ്സപ്പെട്ടു. നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ജുബ്ബാൽ സബ് ഡിവിഷനിലെ സ്കൂളുകൾ അടച്ചിട്ടു.

ലഹൗൾ, സ്പിതി ജില്ലകളിൽ, മായാദ് താഴ്‌വരയിലെ കർപത്, ചങ്കുട്ട്, ഉദ്‌ഗോസ് നാല എന്നിവിടങ്ങളിൽ അപ്രതീക്ഷിത വെള്ളപ്പൊക്കം ഉണ്ടായി. പാലങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

ബുധനാഴ്ച വൈകുന്നേരം ഋഷി ഡോഗ്രി താഴ്‌വരയുടെ ഉയർന്ന പ്രദേശങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സത്‌ലജ് നദിക്ക് കുറുകെയുള്ള ഒരു പാലം വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് കിന്നൗർ ജില്ലയിൽ സാധാരണക്കാരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. ഇരുട്ടും, ശക്തമായ നീരൊഴുക്കും, അസ്ഥിരമായ ഭൂപ്രകൃതിയും മറികടന്നാണ് മാനുഷിക സഹായ, ദുരന്ത നിവാരണ സേന കുടുങ്ങിക്കിടക്കുന്ന സംഘത്തിലേക്ക് എത്തിയത്. ഫ്ലഡ്‌ലൈറ്റുകളുടെ വെളിച്ചത്തിൽ സംഘം അവരെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി. പരിക്കേറ്റവരെ റെക്കോങ് പിയോയിലെ റീജിയണൽ ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Himachal floods: 396 roads shut, Army rescues four as cloudbursts cut off villages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.