പാലക്കാട്: സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ വൻ കുറവ്. 2017ലെ സെൻസസിൽ 5706 എണ്ണമുണ്ടായിരുന്ന കാട്ടാനകൾ 2024ലെ സെൻസസ് പ്രകാരം 1795 മാത്രമാണുള്ളത്. ഏഴു വർഷത്തിൽ കുറഞ്ഞത് 3911 കാട്ടാനകൾ. ആനപ്രേമി സംഘം ജില്ല പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങലിന് ലഭിച്ച വിവരാവകാശരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആരും പിടിക്കുന്നില്ല, പിന്നെവിടെ ?
സംസ്ഥാനത്ത് 1972 മുതൽ ആനപിടിത്തം ഇല്ല. അപ്പോൾ ബാക്കി ആനകൾ എവിടെ പോയി എന്നാണ് ചോദ്യമുയരുന്നത്. കാട്ടാനകൾ വ്യാപകമായി ഇറങ്ങുന്ന മേഖലയിലുള്ളവർ പറയുന്നത് അവയുടെ എണ്ണത്തിൽ വർധനയുണ്ടായെന്നാണ്. എന്നാൽ, വനം വകുപ്പിന്റെ കണക്കനുസരിച്ച് ആനകൾ കുറഞ്ഞിരിക്കുകയാണ്. 2017ൽ കേരളത്തിലെ വനങ്ങളിൽ 5706 ആനകൾ ഉണ്ടായിരുന്നത് 2022ൽ 2785 ആയി കുറഞ്ഞു. 2023ൽ 1920ഉം 2024ൽ 1795ഉം ആയി. ഈ കാലയളവിൽ വനങ്ങളിൽ ചെരിഞ്ഞതായി റിപ്പോർട്ട് ചെയ്തത് 870ഓളം ആനകൾ മാത്രമാണ്. അപ്പോഴും ബാക്കി ആനകളുടെ കണക്ക് വ്യക്തമാകുന്നില്ലെന്ന് ഹരിദാസ് മച്ചിങ്ങൽ പറയുന്നു.
കുറവുവന്ന ആനകൾ കാട്ടിൽ ചെരിഞ്ഞതാണോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ ആന സർവേ സമയത്ത് രേഖപ്പെടുത്താത്തതാണോ എന്ന് വ്യക്തമല്ല. കാട്ടാനകളുടെ എണ്ണത്തിലെ വ്യത്യാസം സംബന്ധിച്ച് ഗൗരവമായ അന്വേഷണം വേണമെന്നാണ് ആനപ്രേമിസംഘത്തിന്റെ ആവശ്യം.
477 നാട്ടാനകൾ
● വനംവകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ആകെ 477 നാട്ടാനകൾ.
● ഇതിൽ 384 എണ്ണം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലും 93 എണ്ണം ദേവസ്വങ്ങൾക്കു കീഴിലും
● സ്വകാര്യ വ്യക്തികളിൽ 293 കൊമ്പന്മാരും 78 പിടിയാനകളും. മഘന (മോഴയാന) 13 എണ്ണവുമുണ്ട്.
● തിരുവനന്തപുരം, കൊച്ചി, ഗുരുവായൂർ, മലബാർ ദേവസ്വങ്ങൾക്കു കീഴിൽ 93 ആനകൾ. ഇതിൽ 84 കൊമ്പന്മാരും എട്ടു പിടിയാനകളും ഒരു മഘനയും. ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലാണ് മഘനയുള്ളത്.
● 2020 ജനുവരി ഒന്നു മുതൽ 2025 ഏപ്രിൽ 30 വരെ 113 നാട്ടാനകൾ സംസ്ഥാനത്ത് ചെരിഞ്ഞു. രോഗവും പ്രായാധിക്യവുമാണ് കാരണം. 90 കൊമ്പന്മാരും 18 പിടിയാനകളും അഞ്ച് മഘനകളും ചെരിഞ്ഞവയിൽ ഉൾപ്പെടുന്നു.
ആനത്താവളങ്ങളിൽ 39 ആനകൾ
● സംസ്ഥാനത്തെ അഞ്ച് ആനത്താവളങ്ങളിലായി 39 ആനകൾ. 21 കൊമ്പന്മാരും രണ്ടു പിടിയാനകളും 16 മഘനകളുമാണിത്. വനങ്ങളിൽനിന്ന് പിടികൂടുന്നതും ആളെക്കൊല്ലികളായിരുന്ന കാട്ടാനകളെ പിടികൂടി ചട്ടം പഠിപ്പിച്ച് കുങ്കിയാനകളാക്കുന്നതും സംരക്ഷിക്കുന്നതുമെല്ലാം ഈ ആനത്താവളങ്ങളിലാണ്.
● കോട്ടൂർ, കോടനാട്, കോന്നി, മുത്തങ്ങ, ധോണി എന്നിവയാണ് കേരളത്തിലെ ആനത്താവളങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.