കൊച്ചി: കോരിച്ചൊരിയുന്ന മഴക്കും ശക്തമായ കാറ്റിനും സാക്ഷ്യംവഹിച്ച മാസമാണ് കടന്നുപോയത്. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂലൈയിൽ 577.8 മില്ലീമീറ്റർ മഴയാണ് പെയ്തത്. സാധാരണഗതിയിൽ കണക്കുകൾ പ്രകാരം ലഭിക്കേണ്ടത് 660.5 മില്ലീമീറ്റർ മഴയായിരുന്നു. 13 ശതമാനം മഴ കുറവാണ് ലഭിച്ചതെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു. അതേസമയം, ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് ഒന്ന് വരെയുള്ള കണക്കുകൾ പ്രകാരം 1275.3 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. 1382.8 മില്ലീമീറ്ററാണ് സാധാരണ ലഭിക്കേണ്ടത്. എട്ട് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഇത് ‘നോർമൽ’ എന്ന നിലയിലാണ് ഇത് അധികൃതർ പരിഗണിക്കുന്നത്. സമീപ ജില്ലകളായ ഇടുക്കിയിൽ 30 ശതമാനവും കോട്ടയത്ത് 13 ശതമാനവും തൃശൂരിൽ മൂന്ന് ശതമാനവും കുറവ് രേഖപ്പെടുത്തുന്നു.
മഴ വർധന പ്രതീക്ഷിക്കാം
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ പ്രകാരം ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ശനിയാഴ്ച യെല്ലോ അലർട്ടായിരുന്നു. വരുംദിവസങ്ങളിൽ പൊതുവെ മഴയിൽ വർധയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്. കിഴക്കൻ കാറ്റിന്റെ സ്വാധീനത്താൽ മലയോര മേഖലയിലാണ് കൂടുതൽ സാധ്യത. ചെറുതായി ഇടിമിന്നലിനും സാധ്യതയുണ്ട്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സാധാരണ ലഭിക്കുന്ന മഴയേക്കാൾ കുറവായിരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുമുണ്ട്.
കാറ്റ് ശക്തമായേക്കും
മഴക്കൊപ്പം കാറ്റും വരുംദിവസങ്ങളിൽ ശക്തമായേക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ശനിയാഴ്ച എറണാകുളം ബോട്ട് ജെട്ടിയിൽ 37 കിലോമീറ്റർ വേഗത്തിൽ കാറ്റ് റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂലൈയിൽ കാറ്റിൽ വ്യാപക നാശം ജില്ലയിലുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകുകയും വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. വൈദ്യുതിബന്ധം തടസ്സപ്പെടുകയും റോഡിൽ മരം വീണ് ഗതാഗതം സ്തംഭിക്കുകയുമൊക്കെയുണ്ടായി.
മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് ജാഗ്രതയോടെയാകണം മഴക്കാലത്ത് യാത്രകൾ. അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.