‘പ്ലാസ്റ്റിക് ഫ്രീ മാര്‍ക്കറ്റ്’ കാമ്പയിന് വക്കൻ ശര്‍ഖിയ ഗവര്‍ണറേറ്റിൽ തുടക്കമായപ്പോൾ


പ്ലാസ്റ്റിക് സഞ്ചികളുടെ ഉയോഗം കുറക്കൽ; കാമ്പയിനുമായി ഒമാനിലെ വക്കൻ ശര്‍ഖിയ

മസ്കത്ത്: പ്ലാസ്റ്റിക് ഉപഭോഗം കുറക്കാനും പരിസ്ഥിതി അവബോധം വളര്‍ത്താനും ലഷ്യമിട്ട് ‘പ്ലാസ്റ്റിക് ഫ്രീ മാര്‍ക്കറ്റ്’ കാമ്പയിന് വക്കൻ ശര്‍ഖിയ ഗവര്‍ണറേറ്റിൽ തുടക്കമായി. പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തില്‍ ‘സുസ്ഥിരവും ശുചിത്വമുള്ളതുമായ പരിസ്ഥിതിയിലേക്ക്’ എന്ന സന്ദേശത്തില്‍ ആരംഭിച്ച കാമ്പയിന്റെ ഭാഗമായി വ്യത്യസ്ത പദ്ധതികളാണ് നടപ്പിലാക്കുന്നത്.

പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് ബാഗുകളെ ആശ്രയിക്കുന്നത് കുറക്കുന്നതിനുമുള്ള അതോറിറ്റിയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് വടക്കന്‍ ശര്‍ഖിയയിലെ പരിസ്ഥിതി അതോറിറ്റി ഡയറക്ടര്‍ മുഹമ്മദ് ബിന്‍ അമര്‍ അല്‍ ഹജ്‌രി പറഞ്ഞു. ചെറുകിട വാണിജ്യ സ്ഥാപനങ്ങളിലും ഷോപ്പിങ് സെന്ററുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് പരിസ്ഥിതി സൗഹൃദ ബദലുകള്‍ ഉപയോഗിക്കുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കാമ്പയിന്‍ പ്രോത്സാഹനം നല്‍കുന്നു.

കാമ്പയിന്റെ ഭാഗമായി പരിസ്ഥിതി വിഭാഗം 250 പുനരുപയോഗ ബാഗുകള്‍, 45 ബോധവത്ക്കരണ ബ്രോഷറുകള്‍, അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ 200 ബഹുഭാഷാ ലഘുലേഖകള്‍ വിതരണം ചെയ്തു. പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കാനുള്ള മന്ത്രിതല തീരുമാനം നടപ്പിലാക്കുന്നതിനെ പിന്തുണക്കക മാത്രമല്ല, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഈ സംരംഭം സംഭാവന ചെയ്യുന്നുവെന്ന് അല്‍ ഹജ്‌രി ഊന്നിപ്പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തെ പിന്തുണക്കുന്നതിനായി ബിസിനസുകളിലും ഉപഭോക്താക്കളിലും പെരുമാറ്റപരമായ മാറ്റം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, വര്‍ഷാവസാനം വരെ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ തുടരും. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഗവര്‍ണറേറ്റിലെ മുഴുവന്‍ വിലായത്തുകളിലേക്കും വ്യാപിപ്പിക്കും. രാജ്യത്താകമാനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ഘട്ടംഘട്ടമായി നടപ്പിലാക്കിവരികയാണ്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കുന്നതിനുള്ള ദേശീയ സംരംഭത്തിന്റെ മൂന്നാം ഘട്ടം ജൂലൈ ഒന്ന് മുതൽ നടപ്പിൽവന്നിട്ടുണ്ട്. ഏറ്റവും പുതിയ ഘട്ടത്തിൽ ചില്ലറ വിൽപ്പന, ഭക്ഷ്യ മേഖലകളിലെ അധിക വിഭാഗങ്ങൾ കൂടി നിരോധനത്തിന്റെ പരിധിയിൽ വരും. പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന കടകൾ, പാക്കേജിങ് യൂനിറ്റുകൾ, പലചരക്ക് കടകൾ, മധുരപലഹാരങ്ങൾ, മിഠായി ഫാക്ടറികൾ, ബേക്കറികൾ, ഗിഫ്റ്റ് ഷോപ്പുകൾ, ബ്രെഡ്, പേസ്ട്രികൾ, മധുരപലഹാരങ്ങൾ എന്നിവ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ എന്നിവ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നൽകുന്നത് നിർത്തി പുനരുപയോഗിക്കാവുന്ന തുണി അല്ലെങ്കിൽ പേപ്പർ ബാഗുകൾ പോലുള്ള സുസ്ഥിര ബദലുകളിലേക്ക് മാറേണ്ടതുണ്ട്.

രാജ്യത്ത്​ 2027ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് അധികൃതർ പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മൂന്നാം ഘട്ട നിരോധനം വരുന്നത്. പ്ലാസ്റ്റിക് സഞ്ചികളുടെ ആദ്യഘട്ട നിരോധനം​ ആരോഗ്യ സ്ഥാപനങ്ങളിൽ 2024ജൂലൈ ഒന്ന്​ മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയിലാണ്​ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നുത്​ നിരോധിച്ചിട്ടുള്ളത്​. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഈ വർഷം ജനുവരി ഒന്ന് മുതൽ തുണിത്തരങ്ങൾ, ​ടെക്സ്​റൈൽസ്​ വസ്ത്രങ്ങൾ, ഇവയുടെ മറ്റ്​ സ്റ്റോറുകൾ, തയ്യൽ കടകൾ, കണ്ണട കടകൾ, മൊബൈൽ ഫോൺ വിൽപന, ഇവയുടെ അറ്റകുറ്റപണിക്കുള്ള സ്റ്റോറുകൾ, വാച്ചുകൾ വിൽക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കടകൾ, ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ എന്നിവ വിൽക്കുന്ന സ്റ്റോറുകൾ തുടങ്ങിയവയിലും പ്ലാസ്റ്റിക്ക് സഞ്ചികൾക്ക് നിരോധനം വന്നിട്ടുണ്ട്. ​

Tags:    
News Summary - Reduce the use of plastic bags; Wakkana Sharqiya joins the campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.