ലോകത്ത് വ്യാപകമായി നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതി പ്രശ്നമാണ് കാലാവസ്ഥാ വ്യതിയാനം. ഇത് ഇപ്പോൾ ഭൂമിയുടെ ജലചക്രത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. മുമ്പില്ലാത്ത രീതിയിൽ ഭൂമിയിൽനിന്ന് ജലത്തിന്‍റെ അളവ് നഷ്ട്ടപെട്ടിരിക്കുന്നു എന്ന പ്രധാന കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഗവേഷകർ. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി നടത്തിയ ഉപഗ്രഹ നിരീക്ഷണങ്ങളിലാണ് ലോകത്ത് അഭൂതപൂർവമായ തോതിൽ ശുദ്ധജലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന കണ്ടെത്തൽ.
'സയൻസ് അഡ്വാൻസസ്' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഗോളതലത്തിൽ മഴ, ബാഷ്പീകരണം, നീരൊഴുക്ക് എന്നിവയിൽ വ്യതിയാനങ്ങൾ സംഭവിക്കുന്നതിനാൽ ഐസ്, മഞ്ഞ്, ഉപരിതല ജലം, മണ്ണിലെ ഈർപ്പം, ഭൂഗർഭജലം എന്നിങ്ങനെ കരയിൽ സംഭരിച്ചിരിക്കുന്ന എല്ലാത്തരം ഭൗമ ജല സംഭരണവും ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു.
ഇത്തരം മാറ്റങ്ങൾ ജലലഭ്യതക്കും സുസ്ഥിര ജല പരിപാലനത്തിനും ഗുരുതരമായ വെല്ലുവിളികൾ ഉയർത്തുന്നു. ആവാസവ്യവസ്ഥക്കും മനുഷ്യന്റെ ഉപജീവനമാർഗത്തിനും ഭീഷണിയാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇവ ആഗോഗളതലത്തിൽ നിരവധി പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. കുടിയേറ്റം മുതൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളിലേക്ക് വരെ ഇവ നയിച്ചേക്കാമെന്നും ഗവേഷകർ പറയുന്നു.
ഉത്തരാർദ്ധഗോളത്തിൽ വരൾച്ച വളരെ രൂക്ഷമാണ്. വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത്, തെക്കുപടിഞ്ഞാറൻ, മധ്യ അമേരിക്ക, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളില്ലാം ഗുരുതരമായി ഇവ ബാധിക്കപ്പെട്ടിട്ടുണ്ട്. 2002 മുതൽ ശുദ്ധജലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന 101 രാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ 75ശതമാനവും താമസിക്കുന്നത്.
ലോകത്തിലെ വരണ്ട പ്രദേശങ്ങൾ കൂടുതൽ വരണ്ടുണങ്ങുകയും നദികളിലെയും തടാകങ്ങളിലെയും ഉപരിതല ജലശേഖരം കുറയുകയും ചെയ്യുന്നതിനാൽ ജനങ്ങൾ ഭൂഗർഭജലത്തെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ വർധിച്ച ആശ്രിതത്വം അതിന്റെ ദീർഘകാല ശോഷണത്തിന് കാരണമായിട്ടുണ്ട്.
ജലനഷ്ടം സംഭവിക്കുന്ന പല വരണ്ട പ്രദേശങ്ങളും മേഖലകളും ഇപ്പോള്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ട് ഉത്തരാര്‍ദ്ധഗോളത്തില്‍ നാല് വലിയ അതിവരള്‍ച്ചാ മേഖലകള്‍ രൂപപ്പെട്ടിരിക്കുന്നു എന്നതാണ് സുപ്രധാന കണ്ടെത്തല്‍. ഇത് ആഗോള ജലചക്രത്തിൽ ഒരു വലിയ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.