ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട തീവ്രമായ കാലാവസ്ഥാ സംഭവങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. 2050 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാന സംഭവങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള അടിസ്ഥാന നഗര സൗകര്യങ്ങൾ നിർമിക്കുന്നതിന് ഇന്ത്യ 24000 കോടി ഡോളറിലധികം നിക്ഷേപിക്കേണ്ടതുണ്ടെന്ന് ലോക ബാങ്ക് നിർദേശിച്ചു.
2020ൽ 480 ദശലക്ഷത്തിൽ നിന്ന് 2050 ആകുമ്പോഴേക്കും നഗരങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഏകദേശം ഇരട്ടിയായി 951ദശലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ക്രമരഹിതമായ മഴ, ഉഷ്ണതരംഗങ്ങൾ, സമുദ്രനിരപ്പ് ഉയരൽ എന്നിവ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ നഗരപ്രദേശങ്ങളെ കൂടുതൽ ദുർബലമാക്കുന്നുവെന്ന് ബാങ്ക് ഒരു റിപ്പോർട്ടിൽ പറഞ്ഞു.
ഭവനനിർമാണം, ഗതാഗതം, ജലം, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവയിൽ വലിയ തോതിലുള്ള നിക്ഷേപങ്ങൾ ഇല്ലെങ്കിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളിൽനിന്ന് ഇന്ത്യ വർധിച്ചുവരുന്ന ചെലവുകൾ നേരിടേണ്ടിവരുമെന്ന് ‘പ്രതിരോധശേഷിയുള്ളതും സമൃദ്ധവുമായ ഇന്ത്യൻ നഗരങ്ങളിലേക്ക്’ എന്ന റിപ്പോർട്ടിൽ പറയുന്നു.
‘ആ നഗരങ്ങളിൽ താമസിക്കുന്ന ആളുകൾ സുരക്ഷിതരായിരിക്കണമെങ്കിൽ നഗരങ്ങൾ കൂടുതൽ പ്രതിരോധശേഷിയുള്ളവരായി മാറേണ്ടതുണ്ട്’ -ഇന്ത്യയുടെ നഗരവികസന മന്ത്രാലയവുമായി സഹകരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ പ്രകാശന വേളയിൽ ലോക ബാങ്കിന്റെ ഇന്ത്യക്കുവേണ്ടിയുള്ള കൺട്രി ഡയറക്ടർ അഗസ്റ്റെ ടാനോ കൊവാമെ പറഞ്ഞു.
ഇന്ത്യയിൽ നഗരപ്രദേശങ്ങളിലെ വെള്ളപ്പൊക്കം മൂലം വാർഷിക നഷ്ടം ഇതിനകം 400കോടി ഡോളറാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പരിഹാര നടപടികളില്ലെങ്കിൽ ഈ കണക്ക് 2030 ആകുമ്പോഴേക്കും 500കോടി ഡോളറായും 2070 ആകുമ്പോഴേക്കും 3000കോടി ഡോളറായും ഉയരുമെന്നും പ്രവചിക്കുന്നു.
യാഥാസ്ഥിതിക നഗര ജനസംഖ്യാ വളർച്ചയെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിന്റെ കണക്കുകൾ പ്രകാരം, 2050 ആകുമ്പോഴേക്കും ഇന്ത്യയുടെ നിക്ഷേപ ആവശ്യങ്ങൾ 2.4 ട്രില്യൺ ഡോളറായും 2070 ആകുമ്പോഴേക്കും 10.9 ട്രില്യൺ ഡോളറായും ഉയരും.
പ്രതിരോധശേഷിയുള്ളതും കാര്യക്ഷമവുമായ മുനിസിപ്പൽ അടിസ്ഥാന സൗകര്യങ്ങളിലും സേവനങ്ങളിലും നിക്ഷേപിക്കുമ്പോൾ തന്നെ വെള്ളപ്പൊക്കത്തിലും കടുത്ത ചൂടിലും ഉണ്ടാകുന്ന കോടിക്കണക്കിന് വാർഷിക നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സമയബന്ധിതമായ നടപടികൾക്ക് കഴിയുമെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യ നിലവിൽ അതിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഏകദേശം 0.7% നഗര അടിസ്ഥാന സൗകര്യങ്ങൾക്കായി ചെലവഴിക്കുന്നുണ്ട്. ഇത് ആഗോള മാനദണ്ഡങ്ങളെക്കാൾ വളരെ താഴെയാണ്. കൂടാതെ പൊതു, സ്വകാര്യ ധനസഹായം ഗണ്യമായി വർധിപ്പിക്കേണ്ടതുണ്ടെന്നും ലോകബാങ്ക് റിപ്പോർട്ട് പറയുന്നു.
ഫെഡറൽ-സംസ്ഥാന-മുനിസിപ്പൽ സർക്കാറുകൾ പദ്ധതി ധനസഹായം മെച്ചപ്പെടുത്തുന്നതിനും കാലാവസ്ഥാ ബന്ധിത സാമ്പത്തിക കൈമാറ്റങ്ങൾ നൽകുന്നതിനും ഏകോപിപ്പിക്കണം. ഊർജ്ജ ക്ഷമതയുള്ള ജലവിതരണം, ശുചിത്വം, ഖരമാലിന്യ സംസ്കരണം, ഹരിത കെട്ടിടങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം വർധിപ്പിക്കണമെന്നും അത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.