ന്യൂഡൽഹി: ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൺ റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാക്കി കേരളം. ആദ്യ നൂറ് റാങ്കിൽ എട്ട് നഗരസഭകളുണ്ട്. 82 നഗരസഭകൾ 1,000ത്തിലും ഇടം പിടിച്ചു. മട്ടന്നൂർ നഗരസഭ പ്രത്യേക വിഭാഗത്തിൽ അവാർഡ് നേടി ദേശീയ ശ്രദ്ധയാകർഷിച്ചു. കഴിഞ്ഞ വർഷം 1,000 റാങ്കിൽ ഒരു നഗരസഭ പോലും കേരളത്തിൽ നിന്നുണ്ടായിരുന്നില്ല.
മട്ടന്നൂർ, കൊച്ചി, തൃശൂർ, കോഴിക്കോട്, ആലപ്പുഴ, ഗുരുവായൂർ, തിരുവനന്തപുരം, കൊല്ലം നഗരസഭകളാണ് രാജ്യത്തെ മികച്ച 100ൽ ഇടം പിടിച്ചത്. 23 നഗരസഭകൾക്ക് ഗാർബേജ് ഫ്രീ സിറ്റി നക്ഷത്ര പദവി നേടാനായി.
അജൈവ മാലിന്യശേഖരണം, സംഭരണം, സംസ്കരണം നൂറു ശതമാനത്തിൽ എത്തിക്കാൻ സാധിച്ചത് മട്ടന്നൂരിന്റെ നേട്ടത്തിന് കാരണമായി. ഖരമാലിന്യ ശേഖരണം, ദ്രവമാലിന്യ പരിപാലന സംവിധാനങ്ങൾ, ചിക്കൻ വേസ്റ്റ് റെന്ററിങ് പ്ലാന്റ്, സാനിറ്ററി മാലിന്യ സംസ്കരണം, ബയോ മെഡിക്കൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, വേസ്റ്റ് ടു ആർട്ട്, വണ്ടർ പാർക്കുകൾ, ഐ.ഇ.സി ബോധവത്കരണം, ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുള്ള പരിപാടികൾ, ജലസ്രോതസ്സുകളുടെ പരിപാലന പ്രവർത്തനങ്ങൾ എന്നിവ മട്ടന്നൂരിനെ മികവിന്റെ കേന്ദ്രമാക്കി.
സർക്കാറിന്റെ മാലിന്യ സംസ്കരണ പ്രവൃത്തികൾക്കുള്ള അംഗീകാരമാണ് നേട്ടമെന്ന് കേരളത്തിനുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ശേഷം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഇത്രയധികം മുന്നേറ്റത്തിനും പുരസ്കാരങ്ങൾക്കും സംസ്ഥാനം അർഹത നേടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
● തിരുവനന്തപുരം കോർപറേഷന് വാട്ടർ പ്ലസ് (WATER+)
● കൊച്ചി കോർപറേഷൻ, കൽപറ്റ, ഗുരുവായൂർ ഒ.ഡി.എഫ് പ്ലസ് പ്ലസ് ( ODF++)
● ആലപ്പുഴ, ഷൊർണൂർ, പട്ടാമ്പി നഗരസഭകൾക്ക് ജി.എഫ്.സി ത്രീസ്റ്റാർ
20 നഗരസഭകൾക്ക് ജി.എഫ്.സി വൺ സ്റ്റാർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.