‘കൊച്ചാപ്പാ.. എന്താ അനക്കിത്ര എടങ്ങേറ്...’; കെ.ടി. ജലീലിനെതിരെ പി.കെ. അബ്ദുറബ്ബ്

കോഴിക്കോട്: മുസ് ലിം ലീഗിന്‍റെ വയനാട് പുനരധിവാസ ഭൂമി വാങ്ങിയതിൽ വൻത്തട്ടിപ്പ് നടന്നുവെന്ന കെ.ടി. ജലീൽ എം.എൽ.എയുടെ ആരോപണത്തിന് മറുപടിയുമായി മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്. ജലീലിന്‍റെ പേരെടുത്ത് പറയാതെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അബ്ദുറബ്ബിന്‍റെ രൂക്ഷ വിമർശനം.

പോസ്റ്റുകൾ കൊണ്ടും വാക്കുകൾ കൊണ്ടും മുസ്ലിം ലീഗിന്‍റെ ഫണ്ടിങ്ങിനെ എന്നും തകർക്കാൻ വേണ്ടി മുന്നിൽ ഓടിനടന്ന ആളാണ് കൊച്ചാപ്പ. ലീഗിന്‍റെ വയനാട്‌ ഫണ്ടും അർഹരായ അവകാശികൾക്ക് കയ്യെത്തുംദൂരത്ത് എത്തിനിൽക്കെ അതിനെതിരെ ദിവസവും കഥകൾ മെനയുകയാണ്. നേരം വെളുത്താൽ 'ലീഗിന്‍റെ ഫണ്ട് എന്തായി' എന്ന് മാത്രം ചോദിച്ചു നടക്കുന്നത്ര കൊച്ചാപ്പ അസ്വസ്ഥനാണെന്നും അബ്ദുറബ്ബ് വ്യക്തമാക്കി.

'എല്ലാ ഫണ്ടുകളും മുടക്കാനല്ലെ നിങ്ങൾ നോക്കാറുള്ളൂ, ലീഗിന്‍റെ ഏതെങ്കിലും നല്ല പ്രവൃത്തിക്കള എപ്പോഴെങ്കിലും താങ്കൾ അഭിനന്ദിച്ചിട്ടുണ്ടോ, അഭിനന്ദിക്കണമെന്നില്ല, ഉപദ്രവിക്കാതിരിക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ?' -അബ്ദുറബ്ബ് എഫ്.ബി. പോസ്റ്റിൽ കുറിച്ചു.

പി.കെ. അബ്ദുറബ്ബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

റമദാൻ 29 ആയാൽ

അവ്വൽ സുബ്ഹിക്ക് തന്നെ എഴുന്നേറ്റ്

'പെരുന്നാൾ മാസം കണ്ടോ'

എന്നന്വേഷിച്ചു നടക്കുന്ന ഒരു

കുഞ്ഞാപ്പുവിൻ്റെ കഥ പണ്ട് പറഞ്ഞ് കേട്ടിട്ടുണ്ട്. രാവിലെ മുതൽ

വൈകുന്നേരം വരെ കുഞ്ഞാപ്പു

കാണുന്നോരോടൊക്കെ

'കണ്ടോ കണ്ടോ'

എന്നന്വേഷിച്ചങ്ങനെ

നടക്കും. നിരന്തരം ഈ ചോദ്യം

കേട്ട് സഹി കെട്ടിട്ടാണ് അന്നാട്ടിലെ

ഒരു ഹാജിയാര് ഓനോട് ചോദിച്ചത്,

'അല്ല കുഞ്ഞാപ്പു..

29 എണ്ണം ഇജ്ജ് ഒഴിവാക്കീലേ..

ഇഞ്ഞി ഒരെണ്ണം കൂടി ഒഴിവാക്കാൻ

എന്താ അനക്കിത്ര എടങ്ങേറ്...'

കൊച്ചാപ്പാനോടും ഇത് തന്നെയാണ്

പറയാനുള്ളത്. എല്ലാ ഫണ്ടുകളും

മുടക്കാനല്ലെ നിങ്ങൾ നോക്കാറുള്ളൂ,

ലീഗിൻ്റെ ഏതെങ്കിലും നല്ല പ്രവർത്തിക്കള എപ്പോഴെങ്കിലും

താങ്കൾ അഭിനന്ദിച്ചിട്ടുണ്ടോ,

അഭിനന്ദിക്കണമെന്നില്ല,

ഉപദ്രവിക്കാതിരിക്കുകയെങ്കിലും

ചെയ്തിട്ടുണ്ടോ?

അതൊക്കെ മറികടന്ന് ലീഗ്

ഇത്രയൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ

ഇതും കൂടിയങ്ങ് സഹിച്ചേക്കൂ..!

ലീഗിൻ്റെ കത്ത് വ ഫണ്ടിലേക്കും,

ഡൽഹി ആസ്ഥാനമന്ദിര ഫണ്ടിലേക്കും,

വയനാട്‌ ഫണ്ടിലേക്കും എന്നു വേണ്ട,

സി.എച്ച് സെൻ്ററിൻ്റെ ഫണ്ടിലേക്കു

പോലും ഒരു നയാ പൈസ കൊടുക്കാതെ;

പോസ്റ്റുകൾ കൊണ്ടും, വാക്കുകൾ കൊണ്ടും ലീഗിൻ്റെ ഫണ്ടിംഗിനെ എന്നും തകർക്കാൻ വേണ്ടി മുന്നിൽ

ഓടിനടന്ന ഒരാളാണ് കൊച്ചാപ്പ.

ലീഗിൻ്റെ വയനാട്‌ ഫണ്ടും അർഹരായ അവകാശികൾക്ക്

കയ്യെത്തും ദൂരത്ത് എത്തി നിൽക്കെ

പോലും അതിനെതിരെ ദിവസവും

കഥകൾ മെനഞ്ഞ് മെനഞ്ഞ്..

നേരം വെളുത്താൽ

'ലീഗിൻ്റെ ഫണ്ടെന്തായി' എന്നു മാത്രം

ചോദിച്ചു നടക്കുന്നത്ര കൊച്ചാപ്പ അസ്വസ്ഥനാണ് മക്കളെ,

അസ്വസ്ഥൻ!

#അലറലോടലറൽ!

കഴിഞ്ഞ ദിവസമാണ് ലീഗിന്‍റെ വയനാട് പുനരധിവാസ ഭൂമി വാങ്ങിയതിൽ വൻത്തട്ടിപ്പ് നടന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ.ടി. ജലീൽ ആരോപിച്ചത്. ലീഗ് വാങ്ങിയ സ്ഥലത്തിൻ്റെ സമീപത്ത് ആധാരത്തിൽ കാണിച്ച വിലയുടെ നാലിലൊന്ന് പോലും വിലയില്ലത്രെ

ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഭൂമി വാങ്ങാൻ ലീഗുണ്ടാക്കിയ "ഇമ്മിണി വലിയ കമ്മിറ്റി"!

വയനാട് ദുരിത ബാധിതർക്ക് വീട് വെച്ച് നൽകാൻ ഭൂമി വാങ്ങുന്നതിന് മുസ്ലിംലീഗുണ്ടാക്കിയ "ഇമ്മിണി വലിയ സബ് കമ്മിറ്റി"യിലെ അംഗങ്ങളെ നോക്കിയാൽ അറിയാം എത്ര ലാഘവത്തോടെയാണ് ലീഗ് ഇത്തരം കാര്യങ്ങളെ കണ്ടതെന്ന്! പൊതുജനങ്ങളിൽ നിന്ന് 40 കോടിയിലധികം രൂപ സർക്കാരിൻ്റെ വെല്ലുവിളിച്ച് ഉണ്ടാക്കിയിട്ടും സർക്കാർ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ലീഗിൻ്റെ ഭവന സമുച്ഛയം തുടങ്ങാൻ പോലും കഴിയാത്തതിന് ലക്ഷക്കണക്കിന് മനുഷ്യരോടാണ് ലീഗ് മറുപടി പറയേണ്ടി വരിക!

പി.വി അബ്ദുൽ വഹാബ് എം.പി ഉൾപ്പടെ പ്രഗൽഭരായ നിരവധി മുതിർന്ന ലീഗ് നേതാക്കൾ ഉണ്ടായിട്ടും ഭൂമി വാങ്ങാൻ ലീഗുണ്ടാക്കിയത് കത്വ- ഉന്നാവോ ഫണ്ട് മുക്കിയതിൻ്റെ പേരിൽ കോടതിയുടെ അന്വേഷണം നേരിടുന്ന യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ള മൂന്ന് യൂത്ത് ലീഗ് ഭാരവാഹികളെയാണ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട്, യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളും മുൻ ലീഗ് എം.എൽ.എ ടി.പി.എം സാഹിറിൻ്റെ മകനുമായ ജിഷാൻ എന്നിവരാണവർ. ഇവരെ കൂടാതെ കമ്മിറ്റിയുടെ കൺവീനറായി പി.കെ ബഷീറിനെയും അംഗമായി വയനാട് ജില്ലാ ലീഗ് സെക്രട്ടറി ടി മുഹമ്മദിനെയും കമ്മിറ്റി ചുമതലപ്പെടുത്തി.

ലീഗ് വാങ്ങിയ സ്ഥലത്തിൻ്റെ സമീപത്ത് ആധാരത്തിൽ കാണിച്ച വിലയുടെ നാലിലൊന്ന് പോലും വിലയില്ലത്രെ. ഈ തട്ടിപ്പ് ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്ന നിലപാടിലാണ് ലീഗിലെ സാധാരണ പ്രവർത്തകർ. ലീഗ് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥരിൽ ഒരാൾ അഭിഭാഷകനാണ്. ഇദ്ദേഹം പ്രമുഖനായ ഒരു ലീഗ് നേതാവിൻ്റെ ഭാര്യയുടെ സ്വന്തം അമ്മാവനാണെന്നും ശ്രുതിയുണ്ട്. അദ്ദേഹത്തെ കൊണ്ടാണ് നിയമ പരിശോധന "സബ് കമ്മിറ്റി" നടത്തിച്ചതെന്നും ആക്ഷേപമുണ്ട്.

വിൽക്കുന്ന സ്ഥലത്തിൻ്റെ ഉടമസ്ഥൻ തന്നെ നിയമോപദേശകനായാൽ ഉണ്ടാകുന്ന എല്ലാ നൂലാമാലകളും സാദിഖലി തങ്ങളുടെ പേരിൽ റജിസ്റ്റർ ചെയ്ത ഭൂമിക്കുണ്ടെന്നാണ് കേൾവി. ലീഗ് വാങ്ങിയ ഭൂമി തോട്ടഭൂമിയാണെന്ന പരാതിയെ തുടർന്ന് ലാൻബോർഡ് വില്ലേജ് ഓഫീസറോട് വിശദീകരണം തേടിയിരുന്നു. വില്ലേജ് റെക്കോർഡിൽ ''കാപ്പി" എന്നാണത്രെ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ റിപ്പോർട്ടിൻ്റെ വെളിച്ചത്തിലാണ് സബ് കളക്ടർ നാല് സ്ഥലമുടമകൾക്ക് രേഖകൾ കൊണ്ടുവരാൻ പറഞ്ഞ് നോട്ടീസയച്ചിരിക്കുന്നത്. നാളെയാണ് ഹിയറിംഗ്. ഉടമസ്ഥരുടെ വാദം കേട്ട ശേഷം ഒറിജിനൽ രേഖകളും കൂടി പരിശോധിച്ച ശേഷമേ ഭൂമിയിൻമേലുള്ള വിവാദങ്ങൾക്ക് അറുതിയാകൂ. അതിന് എത്ര സമയമെടുക്കുമെന്ന് പറയാനാവില്ല. അയലിൻമേൽ കിടക്കുന്ന ഈ ഭൂമി നാലിരട്ടി വില കൊടുത്ത് വാങ്ങി ലീഗിനെ ചതിക്കുഴിയിൽ പെടുത്തിയവരെ വെറുതെ വിടരുത്.

വീടു നിർമ്മാണത്തിന് ഏൽപ്പിച്ച കോൺട്രാക്ടർക്ക് റജിസ്ട്രേഷൻ കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും ഭൂമി കൈമാറാൻ സാധിക്കാത്തത് ഭൂമിയിലെ നിർമ്മാണാനുമതിയെ സംബന്ധിച്ച തർക്കങ്ങളാണ്. അതെന്നു തീരുമെന്ന് ഇനിയും പറയാറായിട്ടില്ല. ലീഗിൻ്റെ വാക്ക് കേട്ട് സർക്കാറിൻ്റെ ടൗൺഷിപ്പിൽ വീടും സ്ഥലവും വേണ്ടെന്ന് പറഞ്ഞ് 15 ലക്ഷം നഷ്ടപരിഹാരം വാങ്ങി പോന്ന നൂറ്റിമൂന്നോളം പേർ പെരുവഴിയിലാക്കുന്ന മട്ടാണ്. സർക്കാർ ടൗൺഷിപ്പ് യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്. ഡിസംബറോടു കൂടി വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി പുനരധിവാസത്തിൻ്റെ ആദ്യഘട്ടം കഴിഞ്ഞ് നാടിന് സമർപ്പിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഗവൺമെൻ്.

എന്നാൽ ലീഗിനെ വിശ്വസിച്ച് സർക്കാർ പദ്ധതി ഉപേക്ഷിച്ചവർ കടത്തിണ്ണയിൽ കിടക്കേണ്ടി വരുമോ എന്നാണ് ജനങ്ങളുടെ സംശയം? വയനാട് ദുരന്ത ബാധിതർക്ക് ലീഗിൻ്റെ മുൻകയ്യിൽ ഉണ്ടാകുന്ന ഭവനങ്ങൾ, ഗുജറാത്തിൽ കലാപബാധിതർക്ക് ലീഗ് ഉണ്ടാക്കി നൽകിയ ഷീറ്റിട്ട ചോർന്നൊലിക്കുന്ന വീടുകൾക്ക് സമാനമായവ ആകാതിരുന്നാൽ മഹാഭാഗ്യം!

സാദിഖലി തങ്ങളുടെ പേരിൽ റജിസ്റ്റർ ചെയ്ത ഭൂമിയിൽ നിർമ്മിക്കുന്ന വീടുകളുടെ ഉടമസ്ഥാവകാശം നൂറോളം കുടുംബങ്ങൾക്ക് എന്ന് പതിച്ചു നൽകാനാകുമെന്ന കാര്യത്തിലും ദുരൂഹത തുടരുകയാണ്! പുതിയ വിവാദത്തിൽ മറുപടി പറയാൻ ബാദ്ധ്യസ്ഥരായവർ ലീഗ് സംസ്ഥാന നേതൃത്വമാണ്. അല്ലാതെ വയനാട് ജില്ലാ ലീഗ് നേതാക്കളല്ല. പണം പിരിച്ചുവരും, സ്ഥലം വാങ്ങിയവരും തന്നെ ജനങ്ങളോട് സമാധാനം പറയണം. അല്ലെങ്കിൽ ആകാശത്തു നിന്ന് ദൈവകോപം ലീഗ്ഹൗസിൻ്റെ മോന്തായം കടന്ന് ശീതീകരിച്ച റൂമിലിരിക്കുന്ന നേതൃനിരയുടെ തലയിൽ പതിക്കും.

Tags:    
News Summary - PK Abdurabb Facebook Post against KT Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.