കോഴിക്കോട്: മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിനെതിരെ കൊലവിളി മുദ്യാവാക്യവുമായി സി.പി.എം പ്രകടനം നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു. സി. ദാവൂദിനെ കൊടും ഭീകരനാക്കി സാമാജ്യത്വ മാതൃകയിൽ 'സാത്താന്റെ അച്ചുതണ്ട്' എന്ന സങ്കൽപ ശത്രുവിനെ, വരും ഇലക്ഷന് മുന്നേ സൃഷ്ടിച്ച് യുദ്ധകാഹളം മുഴക്കുകയാണ് സി.പി.എം എന്ന് ഫൈസൽ ബാബു ഫേസ്ബുക്കിൽ കുറിച്ചു.
മുസ്‍ലിം മതസംഘടനകളോടല്ല, മുസ്‍ലിം സാമൂഹ്യ വിഭാഗത്തോട് തന്നെയാണ് സി.പി.എമ്മിന്‍റെ അസഹിഷ്ണുത. ജമാഅത്തെ ഇസ് ലാമി വെറും മറയാണ്. ഇസ് ലാമിനെ തന്നെയാണ് സി.പി.എം ശത്രുപക്ഷത്ത് നിർത്തി അക്രമിക്കുന്നത്. ഒരു കാലത്ത് ക്രൈസ്തവരെയും ഇതുപോലെ പിടികൂടിയിരുന്നു. അഭിവന്ദ്യ പിതാക്കന്മാരെ നികൃഷ്ട ജീവികളാക്കി. സഭകൾ നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പരിഹസിച്ചെന്നും എഫ്.ബി പോസ്റ്റിൽ ഫൈസൽ ബാബു വ്യക്തമാക്കി.
സിപിഎം കൈവെട്ടു കളി; കൈവിട്ട കളി.
——
മീഡിയാവൺ മാനേജിംഗ് എഡിറ്റർ ദാവൂദിനെതിരെ, കൈവെട്ട് ആക്രോശം ഏതോ ഡിഫി ഗുണ്ടകളുടേതാകും എന്നാ ആദ്യം കരുതിയത്.
പിന്നെ പ്രകടനത്തിന്റെ വിഷ്വൽ കണ്ടു. വണ്ടൂർ ഏരിയാ കമ്മിറ്റിയുടെ ബാനറിൽ ഔദ്യോഗിക പരിപാടിയാണത്.!
അതിലെ എയ്ജ് ഗ്രൂപ്പ് ശ്രദ്ധിച്ചു: എല്ലാവരും 40-50 വയസിനു മുകളിലുള്ളവർ.
"ദാവൂദെന്ന തെമ്മാടീ,
പ്രസ്ഥാനത്തിനു നേരെ വന്നാൽ,
ആ കൈകൾ വെട്ടി മാറ്റും."
സ്ത്രീകൾ മുതൽ മുതുമുത്തച്ചൻമാരെ കൊണ്ട് വരെ ഇങ്ങനെ വിളിപ്പിക്കുന്ന സിപിഎം സംഘടനാ സ്കൂൾ അപാരം.! പാർട്ടി കൈവെട്ടിയാലും തലയറുത്താലും അത് മതനിരപേക്ഷ അറുക്കലും വെട്ടലുമാണ്.!
ശരിക്കും നിലമ്പൂരാനന്തരം എന്താണ് സംഭവിക്കുന്നത്. ''അമീർ - ഹസ്സൻ - കുഞ്ഞാലിക്കുട്ടി” എന്ന പ്രചരണത്തേക്കാൾ പ്രഹര ശേഷി കൂടുതലുള്ള ആയുധം സിപിഎം കണ്ടെടുത്തു. 'ജമാഅത്ത് യുഡിഎഫുമായി കൂടി കേരളം ഭരിക്കും, മതരാഷ്ട്രം വരും.' ഓടിക്കോ....
അന്ന് ജോർജ് ബുഷ് പറഞ്ഞ പോലെ പാർട്ടിയും പറയുന്നു: ''ഒന്നുകിൽ ഞങ്ങളുടെ പക്ഷം, അല്ലെങ്കിൽ സാത്താന്റെ പക്ഷം.''
ദാവൂദിനെ കൊടും ഭീകരനാക്കി സാമാജ്യത്വ മാതൃകയിൽ 'സാത്താന്റെ അച്ചുതണ്ട്' എന്ന സങ്കൽപ്പ ശത്രുവിനെ, വരും ഇലക്ഷന് മുന്നേ സൃഷ്ടിച്ച് യുദ്ധകാഹളം മുഴക്കുകയാണ് സിപിഎം.
ലക്ഷ്യം: കേരളമെന്ന കപ്പലിനെ അപ്പാടെ മുക്കിയും മൂന്നാം ടേം പിടിക്കണം.!
ദാവൂദിനെയും ജമാഅത്തിനെയും ഒറ്റതിരിഞ്ഞ് അക്രമിക്കുകയാണെന്ന് നിഷ്കളങ്കർ കരുതണ്ട.
സമസ്തയോട്: സ്കൂൾ സമയമാറ്റം ഞങ്ങൾക്ക് സൗകര്യം പോലെ നടപ്പാക്കും. നിങ്ങൾ മിണ്ടരുതെന്ന് ശിവൻകുട്ടി.
വിസ്ഡം മുജാഹിദിനോട്: ആർഎസ്എസ്ന് ഇഷ്ടക്കേടാവുന്ന രീതിയിൽ ദഅവത് നടത്തേണ്ടെന്ന് പിണറായി വക ക്ളാസ്, അതും നിയമസഭയിൽ.
യോഗി-യുപിയെ തോൽപ്പിക്കും വിധത്തിൽ പിണറായി-കേരളം നടത്തുന്ന മുസ്ലിം വേട്ടയുടെ ക്ലാസിക്കൽ ഉദാഹരണമാണ് ടികെ അഷറഫിന്റെ സസ്പെൻഷൻ.
മുസ്ലിം മത സംഘടനകളോടല്ല, മുസ്ലിം സാമൂഹ്യ വിഭാഗത്തോട് തന്നെയാണ് സിപിഎം അസഹിഷ്ണുത. ജമാഅത്തെ ഇസ്ലാമി വെറും മറയാണ്; ഇസ്ലാമിനെ തന്നെയാണ് സിപിഎം ശത്രുപക്ഷത്ത് നിർത്തി അക്രമിക്കുന്നത്.
ഒരുകാലത്ത് ക്രൈസ്തവരെയും ഇതുപോലെ പിടികൂടിയിരുന്നു. അഭിവന്ദ്യ പിതാക്കന്മാരെ നികൃഷ്ട ജീവികളാക്കി. സഭകൾ നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പരിഹസിച്ചു.
രൂപതയെ 'രൂപ'-താ എന്നും അതിരൂപത 'കുറെ രൂപ താ' എന്നും വികൃതമാക്കി അപഹസിച്ച കാലം. വിദ്യാഭ്യാസം പണം കൊയ്യുന്ന വൻ വ്യവസായമാക്കി മാറ്റുകയാണ് ക്രിസ്ത്യൻ സഭകളെന്ന മട്ടിൽ പാർട്ടി പ്രചരിപ്പിച്ചു.
പക്ഷേ സുസംഘടിത ക്രിസ്ത്യൻ സഭകൾ സിപിഎമ്മിന്റെ ബ്ളാക്മെയ്ലിംഗിന് വഴങ്ങിയില്ല. ഇടയലേഖനങ്ങൾ കരുത്തുറ്റ രാഷ്ട്രീയ ആയുധമാക്കി രക്ഷാകവചം തീർത്തു.
സ്വന്തം അസ്ഥിത്വത്തെ പാർട്ടിക്ക് പണയപ്പെടുത്താതെ അവർ പൊരുതിയപ്പോൾ സിപിഎമ്മിന് ക്രിസ്ത്യൻ വേട്ടയിൽ നിന്ന് തോറ്റു പിന്മാറേണ്ടി വന്നു. ഇപ്പോൾ കാസയെന്ന ക്രിസംഘിയോട് കലഹിക്കാൻ പോലും സിപിഎമ്മിന് മുട്ടു വിറക്കുകയാണ്.
ഒടുവിൽ ഒരുതരം ഏകസിവിൽകോഡ് നടപ്പാക്കുന്ന മട്ടിൽ ഭീതി പരത്തിയാണ് സുംബാ നൃത്തം അടിച്ചേൽപ്പിച്ചത്. മാന്യമായ വിയോജനങ്ങളെ "കണ്ടില്ലേ, മുസ്ലിം സമുദായം ഒന്നും ഉൾക്കൊള്ളില്ല. കാടൻ ശരീഅത്താണ് ഇങ്ങനെ കലഹിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്." എന്ന രീതിയിൽ സിപിഎം വിഷയത്തെ വെടക്കാക്കി തനിക്കാക്കി.
ദേശീയഗാനം പാടലും മാനിക്കലും പൗരന്മാർക്ക് ഒരു മൗലിക കാര്യമായിട്ടും, അത് പാടാൻ യഹോവസാക്ഷികളായ ക്രൈസ്തവർക്ക് വിശ്വാസ കാരണത്താൽ ബാധ്യതയില്ല എന്ന് കൽപ്പിച്ച ഒരു ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ.
ആ നാട്ടിലാണ് സിപിഎം കേവലം ഒരു ചാടിക്കളി പരിപാടിയുടെ പേരിൽ മുസ്ലിംഫോബിയ പരത്തി, എതിരഭിപ്രായങ്ങളെ സസ്പെൻഷൻ-ബുൾഡോസർ വെച്ച് നേരിട്ടത് എന്നോർക്കണം.
തൂണിലും തുരുമ്പിലും വർഗീയത പറഞ്ഞ് സിപിഎം ഒരു 'കേരളാ-ബിജെപി' ആകാനുള്ള തയ്യാറെടുപ്പിലാണ്.
പക്ഷെ സഖാക്കളേ, ഈ (തീ)കളിയിൽ സിപിഎം പാർട്ടി തോൽക്കും. പരമാവധി, വർഗീയതയുടെ ഒരു സർപ്ളസ് സ്റ്റോറ് തുറക്കാനേ നിങ്ങൾക്ക് പറ്റൂ.
വെറുപ്പിന്റെ ഒറിജിനൽ കട (നഫ്റത് കി ബസാർ) നടത്താൻ മറ്റേ കൂട്ടരാണ് മിടുക്കർ. നിങ്ങൾ ചിലപ്പോൾ ദാവൂദിന്റെ കൈ വെട്ടും. എന്നാൽ മറ്റേ ടീം നിങ്ങളെ അടിവേരോടെ വെട്ടും; ത്രിപുരയിൽ ചെയ്ത പോലെ. ബംഗാളിലേത് പോലെ ബാക്കിയുണ്ടാകില്ല.
കേരളത്തെ ആർഎസ്എസിന് കൂട്ടിക്കൊടുക്കുന്ന മാർക്സിസ്റ്റ് അജണ്ടകളെ പ്രബുദ്ധ ജനം പുഛത്തോടെ തള്ളും. ഇഎംഎസ് മഴുവെറിഞ്ഞ് ഉണ്ടായതല്ലല്ലോ കേരളം.!
മുൻ എം.എൽ.എ എൻ. കണ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗം സംബന്ധിച്ച പരാമർശത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മീഡിയവണ്ണിനെതിരെ വർഗീയ ആരോപണങ്ങൾ ഉന്നയിച്ച സി.പി.എം പ്രാദേശിക നേതാവിന് മറുപടി നൽകവേ മീഡിയവൺ മാനേജിങ് എഡിറ്ററായ ദി. ദാവൂദ് മുൻ എം.എൽ.എ കണ്ണൻ നടത്തിയ പ്രസംഗം പരാമർശിച്ചതാണ് പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചത്.
1996 മുതൽ 2001 വരെ വണ്ടൂർ എം.എൽ.എയായിരുന്ന എൻ. കണ്ണൻ 1999 മാർച്ച് 23 ന് നിയസഭയിൽ മലപ്പുറം ജില്ലയിലെ താലിബാൻ വത്കരണത്തെ കുറിച്ച് നടത്തിയ ഒരു സബ്മിഷനാണ് ചൂണ്ടിക്കാണിച്ചത്.
'ക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളിൽ പ്രകാശിപ്പിക്കുന്ന നക്ഷത്ര വിളക്കുകൾ മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. ശബരിമലക്ക് പോകുന്ന ഹിന്ദുക്കൾ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. എന്നുള്ള ശാസനയാണ് നൽകികൊണ്ടിരിക്കുന്നത്.' എന്ന് പറഞ്ഞ സഖാവിന്റെ പാർട്ടി ക്ലാസുകൾ കേട്ടുവളർന്നയാളാണ് മിഡിയവണിനെതിരെ വർഗീയ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു പരാമർശം.
എന്നാൽ, എൻ.ഡി.എഫിനെതിരെ നടത്തിയ പ്രസംഗം മുസ് ലിംകൾക്കെതിരെയായി മാറ്റിയെന്നാണ് സി.പി.എം വാദം.
Fyzal Babu, C. Dawood, Youth League, CPM, Death Threat, സി. ദാവൂദ്, ഫൈസൽ ബാബു, മീഡിയവൺ മാനേജിങ് എഡിറ്റർ, സി.പി.എം വധഭീഷണി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.