ഒരു പരിപാടിയിലും വലിഞ്ഞുകയറി പോകാറില്ലെന്ന് അയിഷ പോറ്റി; ‘ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പങ്കെടുക്കുന്നത് ക്ഷണിച്ചിട്ട്, വിവാദമാക്കേണ്ട’

കൊട്ടാരക്കര: കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുന്നുവെന്ന വാർത്ത ചർച്ചയായതിന് പിന്നാലെ പ്രതികരണവുമായി മുൻ സി.പി.എം എം.എൽ.എ അയിഷ പോറ്റി. ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിലാണ് പങ്കെടുക്കുന്നതെന്നും പാർട്ടി പരിപാടിയിലല്ലെന്നും അയിഷ പോറ്റി പ്രതികരിച്ചു. മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഉമ്മൻചാണ്ടിക്കൊപ്പം മൂന്നു തവണ നിയമസഭയിൽ അംഗമായിരുന്നു. ഉമ്മൻചാണ്ടിയെ അനുസ്മരിക്കുകയാണ് മാത്രമാണ് തന്‍റെ കർത്തവ്യമെന്നും അയിഷ പോറ്റി മാധ്യമങ്ങളോട് വ്യക്തമാക്കി.

മുമ്പ് തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കാലിന് ചികിത്സ വേണ്ടി വന്നപ്പോൾ തനിക്ക് പകരം പുതിയ ആളുകളെ മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. പ്രഫഷണിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയായിരുന്നു തന്‍റെ തീരുമാനം. മുഴുവൻ സമയ പ്രാക്ടീസ് നടത്തിയിരുന്ന സമയത്താണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. ഭർത്താവും പാർട്ടി തീരുമാനത്തെ പിന്തുണച്ചു. അധികാരം മോഹിച്ച് രാഷ്ട്രീയത്തിലേക്ക് വന്നതല്ല.

പ്രവർത്തിക്കാൻ അസൗകര്യം നേരിട്ടതോടെയാണ് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. എം.എൽ.എ എന്ന നിലയിൽ പോകുന്നത് പോലെ പിന്നീട് ഓടിയെത്താൻ സാധിക്കാതെ വന്നു. മറ്റ് പാർട്ടികൾ പോലെയല്ല സി.പി.എം. പല സ്ഥലങ്ങളിൽ നടക്കുന്ന നിരവധി കമ്മിറ്റികളിൽ പങ്കെടുക്കേണ്ടി വരും. അത് തനിക്ക് വളരെ ബുദ്ധിമുട്ടായതോടെ വിവരം കെ.എൻ. ബാലഗോപാൽ അടക്കമുള്ളവരോട് തുറന്നു പറഞ്ഞിരുന്നു. തന്‍റെ ആവശ്യ പ്രകാരമാണ് ജില്ല കമ്മറ്റിയിൽ നിന്ന് ഒഴിവാക്കിയത്. 21 വർഷമായി ഏരിയ കമ്മിറ്റിയിലുണ്ടായിരുന്നു.

പാർട്ടി ചുമതലകൾ വഹിക്കാൻ പ്രാപ്തരായ നിരവധി വനിതകൾ പാർട്ടിയിലുണ്ട്. എല്ലാവരും എക്കാലവും ചുമതല വഹിക്കണമെന്നില്ല. പുതിയ ആളുകൾ കടന്നുവരണം. ഇപ്പോഴും പൊതുജനത്തോടൊപ്പം ഉണ്ട്. ക്ഷണിക്കാതെ വലിഞ്ഞു കയറി ഒരു പരിപാടിയിലും പോകേണ്ട കാര്യമില്ല. നോട്ടീസിൽ പേരില്ലാതെ പരിപാടിയിൽ പങ്കെടുക്കാൻ ആവശ്യപ്പെടുമെന്നും അതിനോട് താൽപര്യമില്ലെന്നും അയിഷ പോറ്റി പറഞ്ഞു.

തനിക്ക് റോളില്ലാത്ത സ്ഥലത്ത്, ജനപ്രതിനിധിയോ അധികാരമോ ഇല്ലാത്ത സാഹചര്യത്തിൽ പോകേണ്ട കാര്യമില്ല. രാഷ്ട്രീയ പ്രവർത്തനം നിർത്തി കുടുംബത്തോടൊപ്പം ഇരിക്കാൻ ബന്ധുക്കളും പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് മാറി നിന്നിട്ട് ഒന്നര വർഷമേ ആയിട്ടുള്ളു. കുടുംബശ്രീ ക്ലാസ് എടുക്കാനടക്കം പൊതുപരിപാടികളിൽ ഇപ്പോഴും പങ്കെടുക്കുന്നുണ്ട്. ഒരു രാഷ്ട്രീയ നേതാക്കളോടും അതൃപ്തിയില്ലെന്നും അയിഷ പോറ്റി കൂട്ടിച്ചേർത്തു.

സി.പി.എമ്മുമായി അകലം പാലിക്കുകയും സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്ത മുൻ എം.എൽ.എ പി. ​അ​യി​ഷ പോറ്റി കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നുവെന്നത് വലിയ വാർത്തക്ക് വഴിവെച്ചിരുന്നു. കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ് അ​യി​ഷ പോറ്റി പങ്കെടുക്കുന്നത്.

വ്യാഴാഴ്ച കലയപുരം ആശ്രയ സങ്കേതത്തിൽ നടക്കുന്ന അനുസ്മരണ പരിപാടി കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിയിൽ ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണം അ​യി​ഷ പോറ്റി നടത്തും. ചാണ്ടി ഉമ്മൻ എം.എൽ.എയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ​പി. അ​യി​ഷ പോ​റ്റി​യെ രം​ഗ​ത്തി​റ​ക്കി​യാണ് സി.​പി.​എം ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യി​ൽ നി​ന്ന് കൊട്ടാരക്കര മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ചത്. 2011ലും 2016 ലും അ​യി​ഷ പോ​റ്റി​യി​ലൂ​ടെ സി.​പി.​എം മ​ണ്ഡ​ലം നി​ല​നി​ര്‍ത്തി. മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്ത അ​യി​ഷ പോ​റ്റി ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ക്കുന്നതാ​ണ് കണ്ടത്.

2006ൽ 12,087 വോ​ട്ടു​ക​ളു​ടെ ഭൂരിപക്ഷത്തിലാണ് ​അ​യി​ഷ പോ​റ്റി​ ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ കു​തി​പ്പി​ന് ത​ട​യി​ട്ട​ത്. 2011ൽ ​കേ​ര​ള കോ​ൺ​ഗ്ര​സ് ബി​യി​ലെ ഡോ.​ എ​ൻ. മു​ര​ളി​യെ 20,592 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​. 2016ൽ 4​2,632 വോ​ട്ടിന് കോ​ൺ​ഗ്ര​സി​ലെ സ​വി​ൻ സ​ത്യ​നെ തോൽപിച്ച അ‍യിഷ പോറ്റി മൂന്നാം തവണയും നിയമസഭാംഗമായി.

Tags:    
News Summary - participation in the Oommen Chandy's commemoration should not be made controversial -Aisha Potty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.