ഷോക്കേറ്റ് മരിച്ച മിഥുൻ, മന്ത്രി ജെ. ചിഞ്ചുറാണി
കൊച്ചി: കൊല്ലം തേവലക്കരയിൽ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിവാദ പരാമർശവുമായി മന്ത്രി ജെ. ചിഞ്ചുറാണി. അപകടത്തിൽ അധ്യാപകരെ കുറ്റം പറയാൻ പറ്റില്ലെന്നും സഹപാഠികൾ വിലക്കിയിട്ടും മിഥുൻ വലിഞ്ഞുകയറിയതാണ് അപകടമുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു.
എറണാകുളം തൃപ്പൂണിത്തുറയിൽ സി.പി.ഐയുടെ വനിത സംഗമ വേദിയിൽ സംസാരിക്കവെയാണ് ജെ.ചിഞ്ചുറാണിയുടെ പരാമർശം. വിദ്യഭ്യാസ വകുപ്പ് അടക്കം വീഴ്ചയുണ്ടെന്ന് സമ്മതിച്ചിട്ടും ഒരു മന്ത്രി സംഭവത്തെ ലഘൂകരിക്കുന്നത് സന്ദർഭത്തിന് യോജിച്ചതല്ലെന്നാണ് ഉയരുന്ന വിമർശനം.
'ചെരിപ്പ് എടുക്കാൻ പയ്യൻ ഷെഡിന് മുകളിൽ കയറിയപ്പോൾ ഉണ്ടായ അപകടമാണ്. കാലൊന്ന് തെന്നി, പെട്ടെന്ന് കയറിപ്പിടിച്ചത് വലിയ ലൈൻ കമ്പിയിലാണ്. അതിലൂടെയാണ് വൈദ്യുതി കടന്നുവന്നത്. ആ കുഞ്ഞ് അപ്പോഴേ മരിച്ചു. അതാരെങ്കിലും അധ്യാപകരുടെ കുഴപ്പമൊന്നുമല്ല. പക്ഷെ നമ്മുടെ കുഞ്ഞുങ്ങൾ കളിച്ച് കളിച്ച് ഈ ഇതിൻ്റെയൊക്കെ മുകളിലൊക്കെ ചെന്നു കയറുമ്പോൾ ഇത്രയും ആപൽക്കരമായിട്ടുള്ള സംഭവങ്ങൾ ഉണ്ടാകുമെന്ന് നമുക്കറിയുമോ. നമ്മളൊക്കെ അന്തിച്ചുപോകും. ഒരു കുഞ്ഞ് രാവിലെ സ്കൂളിൽ ഒരുങ്ങിപ്പോയ കുഞ്ഞാണ്. ആ കുഞ്ഞ് മരിച്ച് തിരിച്ചുവരുന്ന അവസ്ഥ. അധ്യാപകരെ നമുക്ക് കുറ്റം പറയാൻ പറ്റില്ല. അവിടെ കയറരുതെന്ന് സഹപാഠികൾ പറഞ്ഞിട്ട് പോലും അവനവിടെ വലിഞ്ഞുകയറി എന്നുള്ളതാണ് നമുക്ക് അറിയാൻ കഴിഞ്ഞത്. അങ്ങനെയുള്ള എത്ര സംഭവങ്ങളാണ് നടക്കുന്നത്.'- എന്നാണ് മന്ത്രി പ്രസംഗത്തിൽ പറഞ്ഞത്.
ഇന്ന് രാവിലെ ഒമ്പതരയോടെ കൊല്ലം തേവലക്കര കോവൂര്‍ ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ചത്. വലിയപാടം മിഥുന്‍ ഭവനില്‍ മനോജിന്റെ മകന്‍ മിഥുനാണ് (13) മരിച്ചത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ കളിച്ച് കൊണ്ട് നിൽക്കെ സ്കൂൾ സൈക്കിള്‍ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴാണ് അപകടം. ചെരുപ്പ് എടുക്കാന്‍ മതിൽ വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേൽക്കുകയായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.