കൊച്ചി: നവകേരള സദസ്സിനെതിരായ പ്രതിഷേധ സമരങ്ങളെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നേരിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘രക്ഷാപ്രവർത്തന’ പരാമർശത്തിൽ കേസെടുക്കണമെന്ന സ്വകാര്യ അന്യായത്തിലെ തുടർ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ അന്യായവും അതിൻമേൽ കേസെടുക്കാൻ നിർദേശിച്ചതടക്കം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ തുടർനടപടികളുമാണ് ജസ്റ്റിസ് വി.ജി.അരുൺ മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തത്. പരാതിയും തുടർനടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. മജിസ്ട്രേറ്റ് കോടതി അധികാരപരിധി മറികടന്ന് ഇടപെട്ടുവെന്നും പ്രസംഗത്തിൽ അക്രമത്തിനുള്ള പ്രേരണയില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദത്തിൽ പ്രഥമദൃഷ്ട്യ വസ്തുതയുണ്ടെന്നും കോടതി വിലയിരുത്തി.
2023 നവംബർ 21ന് മുഖ്യമന്ത്രി നടത്തിയ പരാമർശം നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ പാർട്ടി പ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണത്തിന് പ്രേരണയായെന്നായിരുന്നു ഷിയാസിന്റെ പരാതി. കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെയും മുഖ്യമന്ത്രിയുടെ ഗൺമാന്റെയും പ്രവൃത്തിയെ രക്ഷാപ്രവർത്തനം എന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിന് പ്രേരണയായെന്നായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ വിലയിരുത്തൽ. അതേസമയം, ഇതിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെങ്കിൽ പരാതിക്കാരൻ ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി ഹാജരാക്കണമെന്ന് ജൂലൈ മൂന്നിന് കോടതി ഉത്തരവിട്ടു. ഈ പരാതിയും ഉത്തരവും തുടർ നടപടികളും റദ്ദാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. എറണാകുളം സി.ജെ.എമ്മിന്റെ അധികാര പരിധിക്ക് പുറത്ത് നടന്ന കാര്യത്തിലാണ് ഉത്തരവിട്ടിരിക്കുന്നത്. തന്റെ പരാമർശവും അക്രമ സംഭവങ്ങളുമായി ബന്ധിപ്പിക്കുന്ന യാതൊന്നുമില്ല. പ്രസംഗത്തിൽ നിന്ന് അടർത്തിയെടുത്ത ഭാഗമാണ് പരാതിക്ക് അടിസ്ഥാനമാക്കിയിരിക്കുന്നത്. പ്രാഥമിക പരിശോധന പോലും മജിസ്ട്രേറ്റ് നടത്തിയിട്ടില്ല. അതിനാൽ ഉത്തരവ് പൂർണമായും തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഹരജിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.