തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആര്. അജിത്കുമാറിനെതിരെ നടന്ന വിജിലന്‍സ് അന്വേഷണത്തിന്റെ കേസ് ഡയറിയും അനുബന്ധ രേഖകളും 25ന് ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി നിര്‍ദേശം. അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്കി വിജിലന്‍സ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അസലും ഹാജരാക്കണമെന്ന് നിര്‍ദേശിച്ചു.
അന്വേഷണപരിധിയില്‍ എന്തൊക്കെ കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെടാനാണ് രേഖകള്‍ ആവശ്യപ്പെട്ടത്. ഇത് രണ്ടും പരിശോധിച്ചശേഷമേ അജിത്കുമാറിനെ കുറ്റവിമുക്തനാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയൂവെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന് നാഗരാജ് നല്കിയ ഹര്‍ജി അനുവദിച്ചാണ് കോടതി നടപടി.
എ.ഡി.ജി.പിയുടെ കീഴിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയതുകൊണ്ടാണ് ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് ഹര്‍ജിക്കാരന്റെ വാദം. പട്ടം സബ് രജിസ്ട്രാര്‍ ഓഫിസ് പരിധിയിലുള്ള ഭൂമി 33 ലക്ഷം രൂപക്ക് വാങ്ങിയതും കവടിയാറില്‍ 31 ലക്ഷത്തിന് ഫ്ലാറ്റ് വാങ്ങി 65 ലക്ഷം രൂപക്ക് മറിച്ചുവിറ്റതും സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിച്ചില്ലെന്നും ഹര്ജിക്കാരന് പറയുന്നു.
അജിത്കുമാര്‍ ഭാര്യാസഹോദരനുമായി ചേര്‍ന്ന് കവിടിയാറില്‍ സെന്റിന് 70 ലക്ഷം വിലയുള്ള ഭൂമി വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി. ശശി എ.ഡി.ജി.പിയെ വഴിവിട്ട് സഹായിക്കുന്നതായും ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.