മിഥുന്റെ മരണം: പാർട്ടിയുടെ സ്കൂളല്ല അത്, നടത്തുന്നത് പാർട്ടിക്കാർ ഉൾപ്പെട്ട ജനകീയ സമിതി -എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: തേവലക്കരയിൽ സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചത് അതീവ ദുഃഖകരമെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷം ശ്രമിക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയുടെ സ്കൂളല്ല അത്. പാർട്ടിക്കാർ ഉൾപ്പെടെയുള്ള ജനകീയ സമിതിയാണ് സ്കൂളിന്‍റെ നടത്തിപ്പുകാരെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത് ആശ്വാസമാണ്. ഇതിന് ഫലപ്രദമായി ഇടപെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടേത് മാനവീയത ഉയർത്തിപ്പിടിക്കുന്ന നിലപാടാണ്. ഇക്കാര്യത്തിൽ കാന്തപുരത്തെ പിന്തുണക്കുന്നതിനുപകരം വർഗീയ ചേരിതിരിവിന് കുത്സിത ശ്രമം നടത്തുന്നു. അതിനെതിരെ കേരളീയ സമൂഹം ജാഗരൂകരാകണം.

സ്കൂൾ സമയമാറ്റത്തിൽ സർക്കാറിന് തുറന്ന മനസ്സാണ്. ഇക്കാര്യത്തിൽ സർക്കാർ ഒരുനിലപാട് സ്വീകരിച്ചു. ചിലർക്കതിൽ പ്രയാസമുണ്ടാകും. അതിൽ കൂടിയാലോചന നടത്തുന്നതിന് പ്രശ്നമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

കേരളത്തിന്റെ മകനാണ് മിഥുൻ, കുടുംബത്തിന് സ്കൗട്സ് ആൻഡ് ഗൈഡ്സ് വീട് നിർമിച്ചുനൽകും -മന്ത്രി

തിരുവനന്തപുരം: മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി. റിപ്പോർട്ടിൽ ചില അനാസ്ഥകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദ റിപ്പോർട്ട് നാളെ ലഭിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ മകനാണ് മിഥുൻ. മിഥുന്റെ കുടുംബത്തിന് സ്കൗട്സ്‌ ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ വീട് നിർമിച്ചുനൽകും. പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്കൗട്സ്‌ ആൻഡ് ഗൈഡ്സ്‌ സംസ്ഥാന പ്രസിഡന്റ്. പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തി മന്ത്രി മിഥുന് ആദരാഞ്ജലിയർപ്പിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലും ഒപ്പമുണ്ടായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ വെള്ളിയാഴ്ച നിശ്ചയിച്ച പരിപാടികളിൽ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കില്ല.

മനുഷ്യാവകാശ, ബാലാവകാശ കമീഷനുകൾ കേസെടുത്തു

കൊല്ലം: വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും സ്വമേധയാ കേസെടുത്തു. അസ്വാഭാവിക മരണത്തിന് ശാസ്താംകോട്ട പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറും ജില്ല പൊലീസ് മേധാവിയും അടിയന്തരമായി അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ അംഗം വി. ഗീത നിർദേശം നൽകി. സംസ്ഥാന ബാലാവകാശ കമീഷൻ വെള്ളിയാഴ്ച സ്കൂൾ സന്ദർശിക്കും.

അപകട കാരണം പരിശോധിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ മരിച്ചത് അങ്ങേയറ്റം ദുഃഖകരമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അപകടകാരണം സർക്കാർ വിശദമായി പരിശോധിക്കും. മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - mv govindan about thevalakkara student death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.