മലപ്പുറം: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി വാങ്ങിയ ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ മുസ്ലിംലീഗ്. ഭൂമിയിലെ നിയമക്കുരുക്കുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇരട്ടിവില നൽകിയെന്ന് പറയുന്നവർ പകുതി വിലക്ക് ഭൂമി നൽകട്ടെയെന്നാണ് ലീഗ് നിലപാട്.
നിയമക്കുരുക്ക് മറികടക്കാൻ നേതൃത്വം നിയമോപദേശം തേടിയിട്ടുണ്ട്. പുത്തുമല ദുരന്തബാധിതരെ സർക്കാർ പുനരധിവസിപ്പിച്ചത് തോട്ടഭൂമിയിലാണെന്നും ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സർക്കാർ പദ്ധതികൾക്ക് തോട്ടഭൂമി ഉപയോഗിക്കാമെന്ന നിലപാടുള്ളവർ മറ്റുള്ളവർക്ക് മുന്നിൽ അനാവശ്യതടസ്സവാദം ഉന്നയിക്കുകയാണെന്നും നേതാക്കൾ പറയുന്നു.
അതേസമയം, പദ്ധതിക്ക് ലീഗ് നേതൃത്വം ചുമതലപ്പെടുത്തിയ ഉപസമിതിയുടെ ഭാഗത്തുനിന്ന് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട്, അനാവശ്യ തിടുക്കമുണ്ടായെന്ന വിലയിരുത്തൽ പാർട്ടിക്കുള്ളിലുണ്ട്. വാങ്ങിയത് തോട്ടഭൂമിയാണെങ്കിൽപോലും ക്രമവത്കരിക്കാൻ വഴികളുണ്ടായിരുന്നു.
ഉപസമിതിയുടെ ഭാഗത്തുനിന്ന് കൃത്യമായ ആശയവിനിമയം ഉണ്ടാവാതിരുന്നതാണ് പ്രശ്നമായത്. മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചിച്ച്, നിയമപരമായ നടപടികൾ പൂർത്തിയാക്കാത്തതാണ് ലാൻഡ് ബോർഡ് ഇടപടലിന് വഴിവെച്ചത്. ഭൂമിക്ക് ഉയർന്ന വില നൽകിയതിൽ തിരിമറി നടന്നെന്ന ആരോപണം ശക്തമാണ്. നിയമക്കുരുക്കഴിക്കാൻ സമയം വേണ്ടിവരുമെന്നതിനാൽ പദ്ധതി വൈകുമെന്ന ആശങ്ക നേതാക്കൾക്കുണ്ട്.
പുനരധിവാസത്തിന് വയനാട്ടിൽ 105 വീടുകൾ നിർമിച്ചുനൽകാനാണ് ലീഗിന്റെ പദ്ധതി. ഇതിനായി 40 കോടി രൂപയാണ് പ്രവർത്തകരിൽനിന്ന് പിരിച്ചത്. മേപ്പാടി പഞ്ചായത്തിലെ വെള്ളിത്തോട് എന്ന സ്ഥലത്ത് 12 കോടി രൂപയോളം വിലകൊടുത്ത് വാങ്ങിയ 11 ഏക്കർ ഭൂമി സംബന്ധിച്ചാണ് വിവാദം.
ലീഗ് വാങ്ങിയ ഭൂമിയിൽ ഒരു ഭാഗം കാപ്പിത്തോട്ടം തരംമാറ്റിയതെന്നാണ് തൃക്കൈപ്പറ്റ വില്ലേജ് ഓഫിസറുടെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോർഡില്‍ രേഖകള്‍ സഹിതം ഹാജരായി വിശദീകരണം നൽകാൻ മുൻ ഉടമകൾക്കും ലീഗ് നേതൃത്വത്തിനും നോട്ടീസ് നൽകിയിരുന്നെങ്കിലും ജൂലൈ 16ന് നിശ്ചയിച്ച ഹിയറിങ് മാറ്റിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.