കൊല്ലം: സി.പി.എമ്മുമായി അകലം പാലിക്കുകയും സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്ത കൊട്ടാരക്കര മുൻ എം.എൽ.എ പി. അയിഷ പോറ്റി കോൺഗ്രസ് വേദിയിലേക്ക്. കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ് അയിഷ പോറ്റി പങ്കെടുക്കുന്നത്.
കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുന്നത് വാർത്തയായതോടെ പ്രതികരണവുമായി അയിഷ പോറ്റി രംഗത്തെത്തി. സി.പി.എമ്മുമായി നിലവിൽ ബന്ധമില്ലെന്നും ഇഷ്ടമുള്ള കാര്യം ചെയ്യാമല്ലോ എന്നും അയിഷ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
വ്യാഴാഴ്ച കലയപുരം ആശ്രയ സങ്കേതത്തിൽ നടക്കുന്ന അനുസ്മരണ പരിപാടി കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിയിൽ ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണം അയിഷ പോറ്റി നടത്തും. ചാണ്ടി ഉമ്മൻ എം.എൽ.എയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പി. അയിഷ പോറ്റിയെ രംഗത്തിറക്കിയാണ് സി.പി.എം ആർ. ബാലകൃഷ്ണപിള്ളയിൽ നിന്ന് കൊട്ടാരക്കര മണ്ഡലം തിരിച്ചുപിടിച്ചത്. 2011ലും 2016 ലും അയിഷ പോറ്റിയിലൂടെ സി.പി.എം മണ്ഡലം നിലനിര്‍ത്തി. മണ്ഡലം പിടിച്ചെടുത്ത അയിഷ പോറ്റി രണ്ട് തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വർധിപ്പിക്കുന്നതാണ് കണ്ടത്.
2006ൽ 12,087 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അയിഷ പോറ്റി ബാലകൃഷ്ണപിള്ളയുടെ കുതിപ്പിന് തടയിട്ടത്. 2011ൽ കേരള കോൺഗ്രസ് ബിയിലെ ഡോ. എൻ. മുരളിയെ 20,592 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2016ൽ 42,632 വോട്ടിന് കോൺഗ്രസിലെ സവിൻ സത്യനെ തോൽപിച്ച അയിഷ പോറ്റി മൂന്നാം തവണയും നിയമസഭാംഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.