തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമീഷൻ. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ കമീഷൻ ആവശ്യപ്പെട്ടു.
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും റിപ്പോർട്ട് തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയത്. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫിസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ വിശദ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശം നൽകിയിട്ടുണ്ട്. കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്കും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്റ്റർക്കുമാണ് മന്ത്രി നിർദേശം നൽകിയത്. സ്കൂൾ കെട്ടിടത്തോട് ചേർന്ന നിർമിച്ച സൈക്കിൾ ഷെഡിന് മുകളിലൂടെയാണ് വൈദ്യുതി ലൈൻ കടന്നു പോകുന്നത്.
അപകടസാധ്യത സ്കൂളിനെ അറിയിച്ചിരുന്നുവെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് ഇക്കാര്യം സ്കൂൾ അധികൃതരോട് പറഞ്ഞിരുന്നു. അസിസ്റ്റന്‍റ് എൻജിനീയറുമായി ചർച്ചയും നടത്തി. ഷോക്കേൽക്കാത്ത വിധത്തിൽ വൈദ്യുതി ലൈൻ വലിക്കാമെന്ന് അറിയിച്ചിരുന്നതായും ഉദ്യോഗസ്ഥൻ ഷാജി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെ ഒമ്പതരയോടെ കൊല്ലം തേവലക്കര കോവൂര്‍ ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി വലിയപാടം മിഥുന്‍ ഭവനില്‍ മനുവിന്‍റെ മകന്‍ മിഥുനാണ് (13) ഷോക്കേറ്റ് മരിച്ചത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ കളിച്ച് കൊണ്ട് നിൽക്കെ സ്കൂൾ സൈക്കിള്‍ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴാണ് അപകടം.
ചെരുപ്പ് എടുക്കാന്‍ മതിൽ വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേൽക്കുകയായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.