കൊല്ലം തേവലക്കര കോവൂര്‍ ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്‍ (13) ഷോക്കേറ്റു മരിച്ച സംഭവത്തിലെ അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് കെ.എസ്.യു വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി സ്കൂളുകളിൽ പഠിപ്പ് മുടക്കി പ്രതിഷേധിക്കും.
സ്കൂളിനോട് ചേർന്ന വൈദ്യുതി ലൈനിൽ പിടിച്ച് വിദ്യാർഥി മരിച്ച സംഭവം വളരെ ഗൗരവത്തോട് കൂടി കാണേണ്ടതാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. സി.പി.എം മാനേജ്‌മെന്റിൽ ഉള്ള സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്കിയെന്നു മന്ത്രി പറയുമ്പോൾ വലിയ സ്വജന പക്ഷപാതവും അധികാര ദുർവിനിയോഗവുമാണ് ഉണ്ടായിരിക്കുന്നത്. സുരക്ഷിതമല്ലാത്ത സാഹചര്യത്തിലുള്ള ആയിരക്കണക്കിന് സ്കൂളുകൾ സംസ്ഥാനത്തുണ്ട്. അതിനെ തുറന്നു കാണിക്കപ്പെടേണ്ടതാണ് -അലോഷ്യസ് സേവ്യർ പറഞ്ഞു.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് കൊല്ലം തേവലക്കര കോവൂര്‍ ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ചത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ കളിക്കുന്നതിനിടെ സ്കൂളിലെ സൈക്കിള്‍ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴാണ് അപകടം. ചെരുപ്പ് എടുക്കാന്‍ മതിൽ വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേൽക്കുകയായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മിഥുന്‍റെ മരണം ഇന്ന് വൈകീട്ടോടെയാണ് കുവൈത്തിൽ ഹോം നഴ്സായി ജോലി ചെയ്യുന്ന അമ്മ സുജയെ അറിയിക്കാനായത്. രാവിലെ മുതൽ നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിഞ്ഞിരുന്നില്ല. സുജ ജോലി ചെയ്യുന്ന വീട്ടിലെ കുടുംബത്തോടൊപ്പം കുവൈത്തിൽ നിന്ന് തുർക്കിയിലേക്ക് യാത്രക്ക് പോയതായിരുന്നു. രാവിലെ മുതൽ സുജയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വൈകിട്ടോടെയാണ് ബന്ധുക്കൾക്ക് സുജയെ വിവരം അറിയിക്കാനായത്. ആദ്യ ഘട്ടത്തിൽ മകന് അപകടം സംഭവിച്ചുവെന്ന് മാത്രമാണ് അറിയിച്ചിരുന്നെങ്കിലും നാട്ടിലേക്ക് വളരെ വേഗം എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മരണ വിവരം അറിയിച്ചുവെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.