എ.ഐയുടെ കാലത്ത് കാണുന്നതെല്ലാം കണ്ണുമടച്ച് വിശ്വസിക്കാനാവില്ല. യാഥാർഥ്യമെന്ന് തോന്നിക്കുന്ന വിഡിയോകൾ വളരെ സമർത്ഥമായി എ.ഐ ഉപയോഗിച്ച് നിർമിക്കാനുള്ള സംവിധാനങ്ങളുണ്ട്. എന്നാൽ, കണ്ടാൽ എ.ഐ ആണെന്ന് തോന്നിക്കുമെങ്കിലും വിസ്മയിക്കുന്ന ഒരു യഥാർഥ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ഐ.എഫ്.എസ് ഓഫിസർ പ്രവീൺ കാസ്വാൻ.
കൂറ്റനൊരു രാജവെമ്പാലയെ കൈയിലേന്തി നിൽക്കുന്ന യുവാവിന്‍റെ വിഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. 11 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ യാതൊരു പേടിയുമില്ലാതെ വലിയൊരു രാജവെമ്പാലയെ യുവാവ് അനായാസം കൈകാര്യം ചെയ്യുന്നത് കാണാനാകും. 'രാജവെമ്പാലയുടെ യഥാർഥ വലിപ്പത്തെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?' എന്ന ചോദ്യവുമായാണ് അദ്ദേഹം വിഡിയോ പോസ്റ്റ് ചെയ്തത്.
ഇന്ത്യയിൽ എവിടെയാണ് രാജവെമ്പാലയെ കാണുന്നത് എന്നും കണ്ടാൽ നിങ്ങൾ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
കരയിൽ ജീവിക്കുന്ന ഏറ്റവും വലിപ്പമുള്ള വിഷപ്പാമ്പാണ് രാജവെമ്പാല. കടിയേറ്റാൽ ശരാശരി 15 മിനിറ്റിനകം മനുഷ്യൻ മരിക്കാനിടയുണ്ട്. ഒറ്റക്കടിയിൽ 6 മുതൽ 7 വരെ മില്ലിലീറ്റർ വിഷമുണ്ടാകും. കേരളത്തിൽ പലയിടത്തും രാജവെമ്പാലകളെ കാണാറുണ്ട്. അഞ്ച് വർഷത്തിനിടെ മനുഷ്യവാസ മേഖലകളിൽ നിന്ന് 494 രാജവെമ്പാലയെ കണ്ടെത്തിയതായാണ് ഔദ്യോഗിക കണക്കുകൾ.
കഴിഞ്ഞ ദിവസം വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജി.എസ്. രോഷ്നി രാജവെമ്പാലയെ പിടികൂടിയ ദൃശ്യങ്ങൾ വൈറലായിരുന്നു. ലക്ഷക്കണക്കിനാളുകളാണ് വിഡിയോ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.