‘ജനപ്രതിനിധിയാക്കിയ ജനതയോട് എഴുത്തുകാരനായ നേതാവിന് കടപ്പാടുണ്ട്, താങ്കൾ എഴുതിയ പുസ്തകങ്ങളോടുള്ള ഉത്തരവാദിത്തം എവിടെ?’; തരൂരിനെതിരെ താര ടോജോ അലക്സ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും കോൺഗ്രസിനെയും പാർട്ടി നേതാക്കളെയും ഇകഴ്ത്തുകയും ചെയ്യുന്ന ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോഡിനേറ്റർ താര ടോജോ അലക്സ്. മോദിയെ പ്രശംസിക്കാൻ തുടങ്ങുന്നതിന് മുമ്പ് തരൂർ സ്വയം കത്തിച്ചു കളിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്‍റെ തന്നെ പ്രസിദ്ധമായ പുസ്തകങ്ങളുണ്ടെന്ന് താരാ ഫേസ്ബുക്കിൽ കുറിച്ചു. 

താൻ ഒരിക്കലും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് പരസ്യമായി ആവർത്തിക്കുന്നുണ്ടെങ്കിലും മോദിയെ ഭാരതത്തിന്റെ ആഗോള പ്രതിഛായ എന്നും കൂടുതൽ ശക്തനായ ഭരണാധികാരി എന്നും തരൂർ പറയുമ്പോൾ, എഴുതിയ കൃതികളോട് അദ്ദേഹം എന്ത് നീതിയാണ് പുലർത്തുന്നത്. ജനപ്രതിനിധിയാക്കിയ ജനതയോട് എഴുത്തുകാരനായ നേതാവിന് കടപ്പാടും എഴുതിയ പുസ്തകങ്ങളോട് ഉത്തരവാദിത്തവുമുണ്ടെന്നും താര ടോജോ അലക്സ് എഫ്.ബി. പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. കത്തിച്ച് കളയണമെന്ന് ആവശ്യപ്പെട്ട തരൂരിന്‍റെ പ്രശസ്തമായ ഏഴ് പുസ്തകങ്ങളുടെ പേരുവിവരങ്ങളും താരാ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

താര ടോജോ അലക്സിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ശ്രീ ശശി തരൂർ ഈയിടെയായി നരേന്ദ്ര മോദിയേ അഭിനന്ദിച്ചും അനുകൂലിച്ചും നടത്തുന്ന പ്രസ്താവനങ്ങകളെ കുറിച്ചുള്ള വാർത്തകളും, മാധ്യമ ചർച്ചകളും, സാമൂഹികമാധ്യമ പ്രതികരണങ്ങളും നമ്മൾ കാണുന്നുണ്ടല്ലോ.

മോദിയെ പ്രശംസിക്കാൻ തുടങ്ങുന്നതിന് മുമ്പ്

ശശി തരൂർ സ്വയം കത്തിച്ചു കളിക്കേണ്ടിയിരുന്ന അദ്ദേഹത്തിൻ്റെ തന്നെ പ്രസിദ്ധമായ ചില പുസ്തകങ്ങൾ ഉണ്ട്.

അത് ഇവയാണ്:

1) The Paradoxical Prime Minister: Narendra Modi and His India(2018)

നരേന്ദ്ര മോദിയെ കുറിച്ച് ഒരു മുഴുനീള, വിമർശനാത്മക രാഷ്ട്രീയ ജീവചരിത്രം. മോദിയുടെ ഉയർച്ച, പിആർ മെഷിനറി, വർഗീയ രാഷ്ട്രീയം, സ്വേച്ഛാധിപത്യ പ്രവണതകൾ എന്നിവ തരൂർ ഈ പുസ്തകത്തിൽ വിശകലനം ചെയ്യുന്നു. മോദിയുടെ വ്യക്തിത്വം എങ്ങനെ നിർമ്മിക്കപ്പെട്ടു, ആർഎസ്എസുമായുള്ള അദ്ദേഹത്തിന്റെ ബന്ധം, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനാധിപത്യം എങ്ങനെ ദുർബലപ്പെടുത്തപ്പെട്ടു എന്നതെല്ലാം ഈ പുസ്തകത്തിൽ വിശദമായി തന്നെ പരിശോധിക്കുന്നുണ്ട്.

ഈ പുസ്തകത്തിലെ മൂന്നാം അദ്ധ്യായം, Chapter 3: "The Modi Mystique" എന്ന അധ്യായത്തിൽ

2012-ൽ പ്രസിദ്ധമായ Caravan മാഗസിനിൽ നിന്ന് അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത് ഇങ്ങനെയാണ്:

"Modi is like a scorpion sitting on a Shivling. You can neither remove him with your hand nor hit it with a chappal.”

"മോദി ശിവലിംഗത്തിൽ ഇരിക്കുന്ന ഒരു തെളിനെപ്പോലെയാണ്. നമ്മുക്ക് അതിനെ കൈ കൊണ്ട് തട്ടിക്കളയാനും കഴിയില്ല, ചപ്പൽ കൊണ്ട് അടിക്കാനും കഴിയില്ല."

ശശി തരൂർ ഇത് 2018-ൽ ഒരു പൊതുപ്രസംഗത്തിൽ പരാമർശിച്ചു, അതിന് പിന്നാലെ വലിയ വിവാദമുണ്ടായി.

2) Why I Am a Hindu (2018)

സംഘപരിവാറിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി തരൂർ തന്റെ വ്യക്തിപരമായ ഹിന്ദു വിശ്വാസങ്ങളെ താരതമ്യം ചെയ്യുന്നതാണ് ഈ പുസ്തകത്തിൻറെ ഇതിവൃത്തം. .

സവർക്കറുടെ ഹിന്ദുത്വവും ആർഎസ്എസ്സിന്റെ ചരിത്രവുംമോദിയും ബിജെപിയും മതത്തിന്റെ പേരിൽ വോട്ട് ബാങ്ക് രാഷ്ട്രീയം നടത്തുന്നതും തുറന്നുപറയുന്നു. ആർഎസ്എസിന്റെ സാംസ്കാരിക ദേശീയതയുടെ അപകടങ്ങളെക്കുറിച്ചും അത് ഇന്ത്യയുടെ ബഹുസ്വര ഘടനയെ എങ്ങനെ ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള സമഗ്രമായ ആർഎസ്എസ്-ഹിന്ദുത്വ വിമർശനം വിശദീകരിക്കുന്നതിനാണ് പുസ്തകം മുഴുവൻ ഭാഗങ്ങളും നീക്കിവച്ചിരിക്കുന്നത്

3) The Hindu Way: An Introduction to Hinduism (2019)

ഹിന്ദുത്വം എന്നത് ഹിന്ദുമതം അല്ലെന്ന തരൂരിന്റെ നിലപാട് പ്രതിഫലിക്കുന്ന പുസ്തകമാണിത്.

ജനാധിപത്യ മൂല്യങ്ങൾ ദുർബലമാക്കുകയും, മതേതരത്വം തകർക്കുകയും ചെയ്യുന്ന ബിജെപി-ആർഎസ്എസ് ആശയങ്ങൾ രാജ്യത്തിന് അപകടകരം എന്ന് അദ്ദേഹം ഈ പുസ്തകത്തിലൂടെ വിളിച്ചുപറയുന്നു.

4) Ambedkar: A Life (2022)

ജാതീയമായ അടിച്ചമർത്തലിൽ നിന്ന് ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായി മാറുന്നതിലേക്കുള്ള ഡോ. ബി.ആർ. അംബേദ്കറുടെ ഒരു സംക്ഷിപ്തവും വ്യക്തവുമായ ജീവചരിത്രം. ജാതി വിവേചനത്തിനെതിരായ അംബേദ്കറുടെ പോരാട്ടങ്ങൾ ഭരണഘടനാപരമായ ജനാധിപത്യം, സാമൂഹിക നീതി, വ്യക്തിഗത അവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനങ്ങൾ വിവരിക്കുന്ന പുസ്തകം

അതോടൊപ്പം മതേതരത്വം, ജാതി ഉന്മൂലനം, ന്യൂനപക്ഷ അവകാശങ്ങൾ തുടങ്ങിയ അംബേദ്കറുടെ പല അടിസ്ഥാന മൂല്യങ്ങളെയും എതിർക്കുമ്പോൾ തന്നെ, ബിജെപി-ആർഎസ്എസ് ഇന്ന് അംബേദ്കറുടെ പൈതൃകം അവകാശപ്പെടാൻ ശ്രമിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു.

അംബേദ്കർ എങ്ങനെയാണ് ഹിന്ദുത്വ

ഭൂരിപക്ഷവാദത്തെ അടിസ്ഥാനപരമായി എതിർത്തിരുന്നതെന്നും അദ്ദേഹത്തിന്റെ തത്വങ്ങൾ ആർഎസ്എസിന്റെയും ബിജെപിയുടെ സമകാലിക രാഷ്ട്രീയത്തിന്റെയും പ്രത്യയശാസ്ത്ര നിലപാടുകളുമായി എങ്ങനെ പൊരുത്തപ്പെടുന്നില്ലെന്നും തരൂർ എടുത്തുകാണിക്കുന്നു.

സമത്വപരവും മതേതരവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് തടസ്സങ്ങളായി അംബേദ്കർ ഹിന്ദുത്വ തീവ്ര ദേശീയ ശക്തികളെ തുറന്നു കാണിച്ചു എന്നും അദ്ദേഹം കുറിക്കുന്നു.

5) Inglorious Empire: What the British Did to India – 2017

ഈ പുസ്തകത്തിൽ ബ്രിട്ടീഷ് കോളനിയലിസം മുഖാന്തരം ഇന്ത്യക്കുണ്ടായ നാശനഷ്ടങ്ങൾ, സാമ്പത്തിക തകർച്ചകൾ, സാമൂഹ്യ അധിനിവേശം, ബ്രിട്ടീഷുകാർ ഇന്ത്യയെകൊള്ളയടിച്ചു, വിദ്യാഭ്യാസം, വാണിജ്യം, കൃഷി, വ്യവസായം, ഭരണകൂടം എന്നിവയെ തകർത്തു, ആഭ്യന്തര കലഹങ്ങൾ വിതച്ച് ഭരിച്ചു തുടങ്ങിയവയുടെ ആധികാരിക രേഖകളും വസ്തുതകളും തരൂർ ആഴത്തിൽ ചർച്ച ചെയ്യുന്നുണ്ട്.

അതോടൊപ്പം തന്നെ, ബ്രിട്ടീഷുകാർ ഇന്ത്യയെ സാമൂഹികമായി തകർത്തതിന്റെ ചരിത്ര പശ്ചാത്തലത്തിൽ, ഇന്ന് ആർഎസ്എസ്-ബിജെപി ചരിത്രം തിരുത്താൻ നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം ശക്തമായി വിമർശിക്കുന്നുണ്ട്.

RSS–BJP ഇന്ത്യയെ പുരാതന ഹിന്ദു രാഷ്ട്രം എന്ന് അവകാശപ്പെടുന്നു, എന്നാൽ ഇന്ത്യ എപ്പോഴും പല മതങ്ങൾ, ഭാഷകൾ, സംസ്കാരങ്ങൾ ഉണ്ടായ ഒരു ബഹുസ്വര, മതേതര, വൈവിധ്യഭരിത രാജ്യമായിരുന്നു എന്ന് ശശി തരൂർ ഊന്നിപ്പറയുന്നു.

ബ്രിട്ടീഷുകാർ ഇന്ത്യയെ നശിപ്പിച്ചത് പോലെ തന്നെ ആർഎസ്എസ്-ബിജെപി ഇന്ന് ഇന്ത്യയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത് വ്യാഖ്യാനിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഗംഭീര പുസ്തകം.

6) The Battle of Belonging (2020)

ഇന്ത്യയിലെ ദേശീയതയെയും സ്വത്വത്തെയും കുറിച്ചുള്ള ഒരു രാഷ്ട്രീയ-ദാർശനിക കൃതി.

മോദി സർക്കാരും ആർ‌എസ്‌എസും ദേശീയതയെ ഭൂരിപക്ഷവാദത്തിലേക്ക് വളച്ചൊടിക്കുകയും മതേതരത്വത്തെയും ഭരണഘടനാ മൂല്യങ്ങളെയും അട്ടിമറിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് തരൂർ വാദിക്കുന്നു. ഇത് ഹിന്ദുത്വ, സ്വത്വ രാഷ്ട്രീയം, സ്വേച്ഛാധിപത്യ ദേശീയത എന്നിവയെ ശക്തമായി വിമർശിക്കുന്നു.

7) Pax Indica: India and the World of the 21st Century (2012)

നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത്തിന് മുമ്പുതന്നെ, ബിജെപിയുടെ വിദേശനയ നിലപാടുകളെയും ആർ‌എസ്‌എസിന്റെ അന്തർമുഖമായ ദേശീയതയെയും ഈ പുസ്തകം വിമർശിക്കുന്നു, വർഗീയവൽക്കരിക്കപ്പെട്ട വിദേശനയത്തിന്റെ അപകടസാധ്യതകളെ കുറിച്ചും ഈ പുസ്തകത്തിലൂടെ ശശി തരൂർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഒരു നേതാവ് എവിടെനിന്ന് എവിടേക്ക് പോകണം എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്.

ജനാധിപത്യത്തിൽ എല്ലാ മനുഷ്യർക്കും തീരുമാനമെടുക്കാനുള്ള അവകാശം ഉണ്ടെന്നത് സമ്മതിക്കുമ്പോൾ തന്നെ,

ഇന്ന് ശശി തരൂർ മോദിയെ പുകഴ്ത്തുന്നപ്പോൾ ചോദ്യം ഇതാണ്.

"WHAT CHANGED?????!!!!!"

താൻ ഒരിക്കലും ബി ജെ പി യിലേക്ക് പോകില്ലെന്ന് പരസ്യമായി ആവർത്തിക്കുന്നുണ്ടെങ്കിലും

അതേ മോദിയെ ഇന്നിപ്പോൾ 'ഭാരതത്തിന്റെ ആഗോള പ്രതിഛായ' എന്നും 'കൂടുതൽ ശക്തനായ ഭരണാധികാരി' എന്നും തരൂർ പറയുമ്പോൾ,

അദ്ദേഹം എഴുതിയ ഈ കൃതികളോട് എന്ത് നീതിയാണ് പുലർത്തുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ട്.

ശ്രീ ശശി തരൂർ,

1. എന്തുകൊണ്ടാണ് താങ്കൾ മോദിയെ പുകഴ്ത്താൻ തുടങ്ങിയതെന്ന് ജനങ്ങളോട് തുറന്നു പറയണം.

2. പുസ്തകങ്ങളിൽ എഴുതിയിരിക്കുന്ന വിചാരങ്ങളോടും വിമർശനങ്ങളോടും ഇനി താങ്കൾ എങ്ങനെ നീതി പുലർത്തുന്നു എന്നത് ജനങ്ങളോട് വിശദീകരിക്കണം.

3. അല്ലെങ്കിൽ താങ്കൾ സ്വന്തം രാഷ്ട്രീയ താല്പര്യങ്ങൾക്കായി താങ്കളുടെ നിലപാടുകൾ മാറ്റിയതാണെന്ന് അംഗീകരിക്കണം.

4. അതുമല്ലെങ്കിൽ താങ്കൾ എഴുതിയ പുസ്തകങ്ങൾ അതാത് കാലഘട്ടത്തിന് തക്കവണ്ണമുള്ള വിലയിരുത്തലായിരുന്നു, ഇപ്പോൾ "കാലം മാറി, കഥ മാറി" എന്നെങ്കിലും തുറന്നു പറയണം.

ഒരു ജനപ്രതിനിധിയുടെ വിചാരധാരകളും, സാമൂഹ്യനീതിയും, ചരിത്രബോധവുമാണ് താൻ എഴുതിയ ഓരോ പുസ്തകങ്ങളുടെയും പിന്നിലെ കാതൽ.

ആ പുസ്തകങ്ങൾ വായിച്ചും, ചിന്തിച്ചും, അംഗീകരിച്ചും, എഴുത്തുകാരനെ ജനപ്രതിനിധിയാക്കിയ ജനതയോട്,

ആ എഴുത്തുകാരനായ നേതാവ് കടപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തമുണ്ട്.

ശശി തരൂർ എന്ന ബുദ്ധിജീവിയും രാഷ്ട്രീയക്കാരനും എഴുത്തുകാരനും ഒരു കാലത്ത് താൻ ശക്തമായി വിമർശിച്ച നരേന്ദ്രമോദിയേയും ആർഎസ്എസ്സിനേയും ബി.ജെ.പിയേയും, ഇന്ന് പുകഴ്ത്താൻ തുടങ്ങുമ്പോൾ,

"താങ്കൾ എഴുതിയ പുസ്തകങ്ങളോടുള്ള ഉത്തരവാദിത്തം എവിടെ" എന്നതാണ് യുക്തിയുള്ള തലമുറയുടെ ചോദ്യം.

Tags:    
News Summary - Tara Tojo Alex's Facebook post against Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.