അമൽ രാജ് (Photo credit: Social Media)
പേരിൽ നിന്ന് 'ഉണ്ണിത്താൻ' എന്ന ഭാഗം ഒഴിവാക്കുകയാണെന്ന് കോൺഗ്രസ് എം.പി രാജ്മോഹൻ ഉണ്ണിത്താന്‍റെ മകൻ അമൽ രാജ്. സമൂഹമാധ്യമങ്ങളിലെ 'അമൽ രാജ് ഉണ്ണിത്താൻ' എന്ന പേരിൽ നിന്ന് 'ഉണ്ണിത്താൻ' ഒഴിവാക്കി. തന്‍റെ 34ാം ജന്മദിനമായ ഇന്നാണ് ഈ വലിയ തീരുമാനമെടുത്തതെന്ന് അമൽ രാജ് പറഞ്ഞു.
ഇന്നത്തെ ജന്മദിനം ഒരു വ്യക്തിപരമായ മാറ്റത്തിന്റെയും തിരിച്ചറിവിന്റെയും ദിനമാണെന്ന് അമൽ രാജ് പറയുന്നു. ഇതുവരെ ഞാൻ പബ്ലിസിറ്റിയിൽ നിന്ന് അകലം പാലിച്ചാണ് ജീവിതം നയിച്ചത്.
ഇപ്പോൾ ഞാൻ സന്തോഷത്തോടെ, നിറഞ്ഞ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുന്നു. എപ്പോഴും എനിക്ക് ചിന്തയുണ്ടായിരുന്നത് – ഇതെല്ലാം എന്തിനാണ്? ഒരിക്കൽ നമ്മളെല്ലാവരും മരിക്കേണ്ടവരായാണ് . അതുവരെ ജീവിതം സന്തോഷത്തോടെ ജീവിക്കണം, മറ്റുള്ളവർക്കും സന്തോഷം പകർന്നുതരണം. അഹങ്കാരവും, കോപവും, മതവും ജാതിയുമൊക്കെ തള്ളി, മനുഷ്യനായിട്ടുള്ള ജീവിതം ജീവിക്കുക – അതാണ് വേണ്ടത്.
ഈ ജന്മദിനത്തിൽ ഒരു വലിയ തീരുമാനമാണ് ഞാൻ എടുത്തത് –സോഷ്യൽ മീഡിയയിൽ നിന്ന് എന്റെ ജാതിനാമമായ “ഉണ്ണിത്താൻ” ഒഴിവാക്കുന്നു. ഔദ്യോഗിക രേഖകളിൽ മാറ്റം വരുത്താൻ ഉള്ള കുഴപ്പങ്ങൾ ഒഴിവാക്കാനായി അവിടെ അതിങ്ങനെ തന്നെ തുടരും. എനിക്ക് വേണ്ടി, ഉണ്ണിത്താൻ എന്നത് ഒരു പേര് മാത്രമാണ് – ഒരു ജാതിയല്ല. എനിക്ക് ആ പേര് ഇഷ്ടമാണ്. പക്ഷേ, ചിലർക്ക് ഇത് ഒരു മേൽജാതിയാണെന്നും, മറ്റ് ആളുകളെക്കാൾ മേൽനിലയിൽ താനെന്നു ചിന്തിക്കാനുള്ള പേരാണെന്നുമുള്ള ഒരു ധാരണയുണ്ട്. അത്തരം ധാരണകൾക്കും മനോഭാവങ്ങൾക്കും എതിരായാണ് ഞാൻ ഈ തീരുമാനം എടുക്കുന്നത് -അമൽ രാജ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
“ജാതി പ്രാധാന്യം” കൊണ്ട് ജീവിക്കുന്ന ചില ഉണ്ണിത്താന്മാരും മറ്റും ഇത് കേട്ടിട്ട് ഇളകും, അസ്വസ്ഥരാകും എന്നുള്ളത് നിസ്സംശയം. പക്ഷേ, അതുകൊണ്ട് എനിക്കൊരു ചുക്കും സംഭവിക്കാനില്ല. ഇത് ഞാൻ മനസ്സിൽ നിന്ന് ചെയ്യുന്ന ഒരു നിലപാടാണ് – ഒരാളുടെ പേരിനൊപ്പം അതിന്റെ ജാതിയും ഉയരുകയും മറ്റുള്ളവരെ താഴ്ത്തുകയും ചെയ്യരുത്. ഇനി മുതൽ നിങ്ങൾക്ക് എന്നെ അമൽ രാജ് അല്ലെങ്കിൽ അമൽ രാജ്‌മോഹൻ എന്ന് വിളിക്കാം -പോസ്റ്റിൽ പറഞ്ഞു.
ഇന്ന് ഞാൻ 34-ാം വയസ്സിലേക്ക് കടക്കുകയാണ്.
ഇതിനുമുമ്പ് ഞാൻ ഒരിക്കലും ജന്മദിനം ആഘോഷിച്ചിട്ടില്ല. നമ്മൾ മലയാളികൾ മരണം വരെ ആഘോഷിക്കാറുള്ള കൾച്ചറിലാണല്ലോ വളർന്നത്! അതാണ് എന്നെ പഠിപ്പിച്ചതും! അതുകൊണ്ടായിരിക്കും ഞാൻ മറ്റുള്ളവരുടെ ജന്മദിനങ്ങളിലും ഒരുപാട് താത്പര്യം കാണിച്ചിരുന്നില്ല. പക്ഷേ, ഇന്നത്തെ ജന്മദിനം ഞാൻ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു — കാരണം ഇത് ഒരു വ്യക്തിപരമായ മാറ്റത്തിന്റെയും തിരിച്ചറിവിന്റെയും ദിനമാണ്. ഇതുവരെ ഞാൻ പബ്ലിസിറ്റിയിൽ നിന്ന് അകലം പാലിച്ചാണ് ജീവിതം നയിച്ചത്. ഇപ്പോൾ ഞാൻ സന്തോഷത്തോടെ, നിറഞ്ഞ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുന്നു. എപ്പോഴും എനിക്ക് ചിന്തയുണ്ടായിരുന്നത് – ഇതെല്ലാം എന്തിനാണ്? ഒരിക്കൽ നമ്മളെല്ലാവരും മരിക്കേണ്ടവരായാണ്. അതുവരെ ജീവിതം സന്തോഷത്തോടെ ജീവിക്കണം, മറ്റുള്ളവർക്കും സന്തോഷം പകർന്നുതരണം. അഹങ്കാരവും, കോപവും, മതവും, ജാതിയുമൊക്കെ തള്ളി, മനുഷ്യനായിട്ടുള്ള ജീവിതം ജീവിക്കുക – അതാണ് വേണ്ടത്.ഈ ജന്മദിനത്തിൽ ഒരു വലിയ തീരുമാനമാണ് ഞാൻ എടുത്തത് –സോഷ്യൽ മീഡിയയിൽ നിന്ന് എന്റെ ജാതിനാമമായ “ഉണ്ണിത്താൻ” ഒഴിവാക്കുന്നു. ഔദ്യോഗിക രേഖകളിൽ മാറ്റം വരുത്താൻ ഉള്ള കുഴപ്പങ്ങൾ ഒഴിവാക്കാനായി അവിടെ അതിങ്ങനെ തന്നെ തുടരും. എനിക്ക് വേണ്ടി, ഉണ്ണിത്താൻ എന്നത് ഒരു പേര് മാത്രമാണ് – ഒരു ജാതിയല്ല. എനിക്ക് ആ പേര് ഇഷ്ടമാണ്. പക്ഷേ, ചിലർക്ക് ഇത് ഒരു മേൽജാതിയാണെന്നും, മറ്റ് ആളുകളെക്കാൾ മേൽനിലയിൽ താനെന്നു ചിന്തിക്കാനുള്ള പേരാണെന്നുമുള്ള ഒരു ധാരണയുണ്ട്. അത്തരം ധാരണകൾക്കും മനോഭാവങ്ങൾക്കും എതിരായാണ് ഞാൻ ഈ തീരുമാനം എടുക്കുന്നത്. ഇത് വലിയവൻ ആവാനുള്ള ശ്രമമോ പബ്ലിസിറ്റിക്കായുള്ള നാടകമോ അല്ല. അതിന് എനിക്ക് വേറേ വഴികൾ കണക്കായി കിട്ടും. ഇത് ഒരാളെക്കൂടി ശുദ്ധമായ മനസ്സോടെ ജീവിതം നയിക്കാൻ പ്രേരിപ്പിക്കാനാകുകയാണെങ്കിൽ, അതിനേക്കാൾ വലിയ വിജയമൊന്നും വേണ്ട.
ഇത് കേട്ടിട്ട് “ജാതി പ്രാധാന്യം” കൊണ്ടു ജീവിക്കുന്ന ചില ഉണ്ണിത്താന്മാരും മറ്റും ഇളകും, അസ്വസ്ഥരാകും എന്നുള്ളത് നിസ്സംശയം. പക്ഷേ, അതുകൊണ്ട് എനിക്കൊരു ചുക്കും സംഭവിക്കാനില്ല. തെറി അഭിഷേകം നടത്താം. എന്തും ചെയ്യാം, കൊള്ളണമെങ്കിൽ കൊള്ളാം... ഇത് ഞാൻ മനസ്സിൽ നിന്ന് ചെയ്യുന്ന ഒരു നിലപാടാണ് – ഒരാളുടെ പേരിനൊപ്പം അതിന്റെ ജാതിയും ഉയരുകയും മറ്റുള്ളവരെ താഴ്ത്തുകയും ചെയ്യരുത്. ഇത് പോലെ, പേരിന്റെ ഭാഗമായുള്ള ജാതിനാമങ്ങൾക്കുള്ള അഭിമാനവും ഭേദഭാവവും മാറ്റിവെക്കാനുള്ള ഒരു തുടക്കമാകട്ടെ. നാം ഓരോരുത്തരെയും ജാതിയിലോ, മതത്തിലോ, വർണ്ണത്തിലോ അല്ല, മനുഷ്യനായിട്ടാണ് കാണേണ്ടത്. മാനവികതയ്ക്കും സമത്വത്തിനുമുള്ള ബഹുമാനമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇനി മുതൽ നിങ്ങൾക്ക് എന്നെ അമൽ രാജ് അല്ലെങ്കിൽ അമൽ രാജ്‌മോഹൻ എന്നും വിളിക്കാം. ഇന്ന് എന്നെ ഓർത്ത് ആശംസിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി! നിങ്ങളുടെ സ്നേഹവും പിന്തുണയും എനിക്ക് ഒരേറെ വിലപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.