കോഴിക്കോട്: മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിനെതിരെ കൊലവിളി മുദ്യാവാക്യവുമായി സി.പി.എം പ്രകടനം നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സി.പി.എം നേതാവിന്‍റെ നിയമസഭയിൽ നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗം ചൂണ്ടിക്കാട്ടിയതാണ് സി. ദാവൂദിനെതിരായ പകയുടെ അടിസ്ഥാനമെന്ന് സദ്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
എൻ. കണ്ണൻ നടത്തിയ പ്രസംഗം നിയമസഭാ രേഖകളിൽ ഉള്ളതാണ്, നിഷേധിക്കാനാവില്ല. പണിമുടക്കിന്‍റെ പേരിൽ നാട്ടുകാരുടെ നെഞ്ചത്ത് കയറിയതിന് ശേഷം ഇപ്പോൾ മാധ്യമപ്രവർത്തകരുടെ കൈവെട്ടലാണ് സഖാക്കളുടെ അടുത്ത ഭീഷണിയെന്നും സദ്ദീപ് വാര്യർ എഫ്.ബി. പോസ്റ്റിൽ വ്യക്തമാക്കി.
മാധ്യമപ്രവർത്തകൻ സി. ദാവൂദിന്റെ കൈ വെട്ടുമെന്നാണ് സിപിഎം ഭീഷണി മുദ്രാവാക്യം മുഴക്കിയിരിക്കുന്നത്. വണ്ടൂർ എംഎൽഎ ആയിരുന്ന സിപിഎം നേതാവ് കണ്ണൻ നിയമസഭയ്ക്കകത്ത് നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗം ചൂണ്ടിക്കാണിച്ചതാണ് ദാവൂദിനോടുള്ള സിപിഎം പകയുടെ അടിസ്ഥാനം. കണ്ണൻ ആ പ്രസംഗം നടത്തി എന്നത് സഭാ രേഖകളിൽ ഉള്ളതാണ്. നിഷേധിക്കാനാവില്ല. പണിമുടക്കിന്‍റെ പേരിൽ നാട്ടുകാരുടെ നെഞ്ചത്ത് കയറിയതിനു ശേഷം ഇപ്പോൾ മാധ്യമപ്രവർത്തകരുടെ കൈവെട്ടലാണ് സഖാക്കളുടെ അടുത്ത ഭീഷണി. ഈ ആക്രമിക്കൂട്ടത്തിന്റെ കൈകളിൽ നിന്ന് കേരളത്തെ മോചിപ്പിച്ചേ മതിയാകൂ. ദാവൂദിനെതിരെ സിപിഎം ഉയർത്തിയ ഭീഷണി മുദ്രാവാക്യത്തിൽ പ്രതിഷേധിക്കുന്നു.
മുൻ എം.എൽ.എ എൻ. കണ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗം സംബന്ധിച്ച പരാമർശത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മീഡിയവണ്ണിനെതിരെ വർഗീയ ആരോപണങ്ങൾ ഉന്നയിച്ച സി.പി.എം പ്രാദേശിക നേതാവിന് മറുപടി നൽകവേ മീഡിയവൺ മാനേജിങ് എഡിറ്ററായ ദി. ദാവൂദ് മുൻ എം.എൽ.എ കണ്ണൻ നടത്തിയ പ്രസംഗം പരാമർശിച്ചതാണ് പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചത്.
1996 മുതൽ 2001 വരെ വണ്ടൂർ എം.എൽ.എയായിരുന്ന എൻ. കണ്ണൻ 1999 മാർച്ച് 23 ന് നിയസഭയിൽ മലപ്പുറം ജില്ലയിലെ താലിബാൻ വത്കരണത്തെ കുറിച്ച് നടത്തിയ ഒരു സബ്മിഷനാണ് ചൂണ്ടിക്കാണിച്ചത്.
'ക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളിൽ പ്രകാശിപ്പിക്കുന്ന നക്ഷത്ര വിളക്കുകൾ മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. ശബരിമലക്ക് പോകുന്ന ഹിന്ദുക്കൾ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. എന്നുള്ള ശാസനയാണ് നൽകികൊണ്ടിരിക്കുന്നത്.' എന്ന് പറഞ്ഞ സഖാവിന്റെ പാർട്ടി ക്ലാസുകൾ കേട്ടുവളർന്നയാളാണ് മിഡിയവണിനെതിരെ വർഗീയ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു പരാമർശം.
എന്നാൽ, എൻ.ഡി.എഫിനെതിരെ നടത്തിയ പ്രസംഗം മുസ് ലിംകൾക്കെതിരെയായി മാറ്റിയെന്നാണ് സി.പി.എം വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.