കൊല്ലം: കുറച്ചുകാലം മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ ഉന്നത പദവികൾ അലങ്കരിച്ച സി.വി. പത്മരാജന്റേത് പാർട്ടിക്ക് വേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു. കോൺഗ്രസിൽ സംഘടന രംഗത്ത് സജീവമായപ്പോഴും അധികാര രാഷ്ട്രീയത്തിന്റെ വഴികളിൽ സഞ്ചരിച്ചപ്പോഴും അദ്ദേഹം വേറിട്ടുനിന്നു.
ചങ്ങനാശ്ശേരി എസ്.ബി കോളജിൽ ഇൻറർമീഡിയറ്റിന് പഠിക്കുമ്പോൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനമായ വിദ്യാർഥി കോൺഗ്രസിൽ അംഗമായ അദ്ദേഹം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ വിദ്യാർഥി സമരങ്ങളിൽ പങ്കെടുത്തിരുന്നു. എസ്.ബിയിൽ വിദ്യാർഥിയായിരിക്കെ പുന്നപ്ര വയലാർ സമരത്തെ എതിർത്താണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. ചാത്തന്നൂർ േബ്ലാക്ക് കോൺഗ്രസ് പ്രസിഡൻറായാണ് കോൺഗ്രസിലെ സംഘടന ഭാരവാഹിത്വം ആരംഭിക്കുന്നത്.
കോൺഗ്രസ് ഐ വിഭാഗക്കാരനായിരുന്നുവെങ്കിലും പിന്നീട് ഒരു ഗ്രൂപ്പിലും പെടാതെ സ്വതന്ത്ര നിലപാട് സ്വീകരിച്ചായിരുന്നു പ്രവർത്തനം. അതിനാൽത്തന്നെ, എല്ലാ വിഭാഗത്തിൽപെട്ടവരുടെയും ആദരവും സ്നേഹവും നേടാനായി. പത്മരാജന് മന്ത്രിയായിരിക്കെയാണ് പൂന്തുറ കലാപം നടന്നത്. പ്രശ്ന പരിഹാരത്തിന് അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ഇദ്ദേഹം വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് 20 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന പാവപ്പെട്ട ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യമാക്കിയത്.
സഹകരണ പ്രസ്ഥാനം പത്മരാജന് എന്നും പ്രിയപ്പെട്ടതായിരുന്നു. സഹകരണ പ്രസ്ഥാനങ്ങളുടെ എല്ലാ വിഷയങ്ങളും നന്നായി പഠിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും എപ്പോഴും ശ്രദ്ധിച്ചു. പരവൂർ എസ്.എൻ.വി ആർ.സി ബാങ്ക് ട്രഷററായാണ് സഹകരണ മേഖലയിലെ പ്രവർത്തനം തുടങ്ങിയത്.
ഇത്തിക്കര മാർക്കറ്റിങ് സൊസൈറ്റി, കൊല്ലം ക്ഷീരോൽപാദക സഹകരണ സംഘം ഡയറക്ടർ, കൊല്ലം ജില്ല സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്, ആൾ കേരള അർബൻ ബാങ്ക്സ് ഫെഡറേഷൻ പ്രസിഡൻറ് എന്നീ നിലകളിലും സേവനമനുഷ്ടിച്ചു. സംസ്ഥാനത്തെ ഏറ്റവും നല്ല സഹകാരിക്കുള്ള കെ. സദാനന്ദൻ സ്മാരക അവാർഡിനും അർഹനായി. കൊല്ലം സഹകരണ അർബൻ ബാങ്ക് പ്രസിഡൻറായി 1968 മുതൽ പ്രവർത്തിച്ചു. 53 വർഷം ആ പദവി വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.