സി.വി പത്മരാജൻ
മുതിർന്ന നേതാവ് അഡ്വ. സി.വി. പത്മരാജന്റെ ആകസ്മിക നിര്യാണം വളരെ ദുഃഖത്തോടും നടുക്കത്തോടുമാണ് കേൾക്കാനിടയായത്. അദ്ദേഹവുമായി ദീർഘകാലത്തെ അടുത്ത ബന്ധമുണ്ട്. അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായിരിക്കുമ്പോൾ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്നു ഞാൻ.
അന്നുമുതൽ തുടങ്ങിയ സ്നേഹബന്ധത്തിനാണ് കണ്ണിയറ്റത്. ചെറുപ്പക്കാർക്ക്, പ്രത്യേകിച്ച് പാർട്ടി പ്രവർത്തനങ്ങളിൽ താൽപര്യമുള്ളവർക്ക് അദ്ദേഹം എല്ലാ പ്രോത്സാഹവും നൽകി. എല്ലാവരോടും വളരെ സ്നേഹബഹുമാനത്തോടെയാണ് അദ്ദേഹം ഇടപഴകിയത്. ശരിക്കും സ്നേഹപരിലാളനകളുടെ പത്മരാജ്യമാണ് നമ്മെ വിട്ടുപിരിഞ്ഞത്.
കോൺഗ്രസിലെ സൗമ്യമുഖം. ആരോടും പരിഭവമോ പിണക്കമോ ഇല്ലാത്തൊരാൾ. 1978ൽ പാർട്ടി പിളർപ്പിനുശേഷം പാർട്ടിയെ ഒരുമിച്ചുനിർത്താൻ അദ്ദേഹം കാണിച്ച വൈഭവം ചെറുതല്ല.
ലീഡർ കെ. കരുണാകരനെയും എ.കെ. ആന്റണിയെയും ഇരുവശത്തുമിരുത്തിയാണ് 1982 മുതൽ പാർട്ടിയെ നയിച്ചത്. കൊല്ലം ഡി.സി.സി അധ്യക്ഷനായിരിക്കെ, മന്ത്രിസഭയിലെത്തിയ പത്മരാജൻ, മന്ത്രിപദവി രാജിവെച്ചാണ് പാർട്ടി നേതൃത്വം ഏറ്റെടുത്തത്.
പാർട്ടിയിൽ താഴേത്തട്ടു മുതൽ പ്രവർത്തിച്ച അദ്ദേഹം കെ.പി.സി.സി അധ്യക്ഷൻ, മന്ത്രി, ആക്ടിങ് മുഖ്യമന്ത്രി തുടങ്ങിയ നിലകളിലെല്ലാം തിളങ്ങി. അധ്യാപകനായും അഭിഭാഷകനായും പ്രഫഷനൽ മികവു പുലർത്തി. കൊല്ലം സഹകരണ അർബൻ ബാങ്ക് സ്ഥാപക നേതാക്കളിൽ പ്രമുഖനായ അദ്ദേഹം അര നൂറ്റാണ്ടിലധികം ബാങ്കിനെ നയിച്ചു.
നിലവിൽ 2000 കോടി രൂപയുടെ പ്രവർത്തന ശേഷിയുള്ള വലിയ ബാങ്കാണ് അത്. ജൂലൈ 22ന് അദ്ദേഹത്തിന്റെ പേരിൽ ഒരു ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്യാനിരുന്നതാണ്.
അതിന് തൊട്ടുമുമ്പാണ് മരണം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. സി. കേശവൻ, ആർ. ശങ്കർ, സി.എം. സ്റ്റീഫൻ, എ.എ. റഹിം തുടങ്ങിയ തലമുതിർന്ന നേതാക്കളുടെ തട്ടകമായ കൊല്ലത്ത് കോൺഗ്രസ് പ്രസ്ഥാനം പടുത്തുയർത്തുന്നതിന് നിർണായക നേതൃത്വം വഹിച്ച പിന്മുറക്കാരന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
അഡ്വ. സി.വി. പത്മരാജന്റ വേർപാട് വളരെയധികം വേദനാജനകമാണ്. അദ്ദേഹവുമായി സംവത്സരങ്ങളുടെ സ്നേഹബന്ധമാണ് എനിക്കുള്ളത്. കെ.എസ്.യു പ്രവർത്തകനായിരുന്ന കാലം തൊട്ടേ ബന്ധമുണ്ട്. അന്നത്തെ കൊല്ലം ഡി.സി.സി വൈസ് പ്രസിഡന്റാണ്. മാത്രമല്ല, പ്രഗത്ഭ അഭിഭാഷകൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.
കൊല്ലത്ത് കെ.എസ്.യുവിന്റെ പരിപാടിക്കെത്തിയപ്പോഴാണ് ആദ്യം കാണുന്നതും പരിചയപ്പെടുന്നതും. അദ്ദേഹവുമായി നടത്തിയ ആശയവിനിമയങ്ങൾ അതീവ ഹൃദ്യമായിരുന്നു. ആശയപരമായ വ്യക്തതയും ഉറച്ച നിലപാടുമുള്ള വക്കീലിനോട് തികഞ്ഞ മതിപ്പ് അക്കാലം മുതലേ തനിക്കുണ്ടായിരുന്നു.
ആ സ്നേഹബന്ധം അനുസ്യൂതം തുടർന്നു.കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ മികച്ച സംഘടന പ്രവർത്തനത്തിന് നേതൃത്വം കൊടുത്തുവെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. കോൺഗ്രസിന് നേരെ ഉയർന്ന എല്ലാ വെല്ലുവിളികളെയും യുക്തിസഹമായും സമർഥവുമായാണ് നേരിട്ടത്.
കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ ഗ്രൂപ്പുകൾക്കും വിഭാഗീയതകൾക്കും അതീതമായി പ്രവർത്തകരെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ എക്കാലത്തും നേതൃപദവിയിലേക്ക് വരുന്ന ആളുകൾക്ക് അനുകരണീയ മാതൃകയാണ്. മന്ത്രിയായിരിക്കെ സ്വന്തം കൈയക്ഷരത്തിലാണ് നോട്ടുകളെല്ലാം എഴുതാറുള്ളത്.
മികച്ച സംഘാടകൻ, പ്രഗത്ഭ ഭരണാധികാരി, മികച്ച പാർലമെന്റേറിയൻ, കോൺഗ്രസ് പ്രസ്ഥാനത്തെ സമർഥമായി നയിച്ച നേതാവ്, സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവ്, ജനകീയ നേതാവ് എന്നിവയെല്ലാം ഒത്തുചേർന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലും അദ്ദേഹത്തിന്റെ സംഭാവനകൾ മറക്കാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.