​''വൈകീട്ട് ചെരിപ്പ് മേടിക്കണമെന്ന് പറഞ്ഞ് സ്കൂളിലേക്ക് പോയതാണ്, അവനെ വിട്ട് കുറച്ച് കഴിഞ്ഞ് വിളി വന്നു, എനിക്ക​ത്രയേ അറിയാവൂ''; വിങ്ങിപ്പൊട്ടി മിഥുന്റെ അച്ഛൻ

കൊല്ലം: ​തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച ദാരുണ സംഭവത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നാടുമുഴുവൻ. മകൻ മരിച്ച വേദന താങ്ങാനാകാതെ കഴിയുകയാണ് അച്ഛൻ മനോജ്. എല്ലാ ദിവസവും സ്കൂൾ ബസിൽ പോയിരുന്ന മിഥുൻ ഇന്ന് അച്ഛ​ന്റെ കൂടെ സ്കൂട്ടറിലാണ് എത്തിയത്. വൈകീട്ട് ചെരിപ്പ് വാങ്ങണമെന്ന് അവൻ അച്ഛനെ ഓർമിപ്പിക്കാനും മറന്നില്ല. മകനെ സ്കൂളിലിറക്കിയ ശേഷം മനോജ് മടങ്ങി. എന്നാൽ കുറച്ചു കഴിഞ്ഞ് പെട്ടെന്ന് ആശുപത്രിയിൽ എത്തണം എന്ന് പറഞ്ഞ് ആരൊക്കെയോ മനോജിനെ വിളിച്ചു. അപ്പോഴും എന്തിനാണെന്ന് മനോജിന് മനസിലായില്ല.

''വൈകീട്ട് ചെരിപ്പ് മേടിക്കണമെന്ന് പറഞ്ഞ് സ്കൂളിലേക്ക് പോയതാണ്. അവനെ സ്കൂളിൽ വിട്ട് കുറച്ചു കഴിഞ്ഞ് ആൾക്കാര് വിളിച്ചു. പെട്ടെന്ന് ആശുപത്രിയിലേക്ക് ചെല്ലാൻ പറഞ്ഞു. എനിക്കത്രയേ അറിയുകയുള്ളൂ. അതിൽ കൂടുതലായി ഒന്നും അറിയില്ല. എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു''-പൊട്ടിക്കരഞ്ഞ മനോജിന് വാക്കുകൾ പൂർത്തിയാക്കാൻ സാധിച്ചില്ല.

കൂലിപ്പണിയാണ് മനോജിന്. മൂത്ത മകനാണ് മിഥുൻ. ഇളയ മകൻ ആറാം ക്ലാസ് വിദ്യാർഥിയാണ്. മൂന്നു മാസം മുമ്പാണ് മിഥുന്റെ അമ്മ സുജ കുവൈത്തിലേക്ക് ഹോംനഴ്സായി പോയത്. അമ്മയെ മരണ വിവരം ഇതുവരെ അറിയിച്ചിട്ടില്ല. ഇന്ന് രാവിലെയും അമ്മ മക്കളെയും മനോജിനെയും ഫോണിൽ വിളിച്ചതാണ്.

വളരെ ദരിദ്ര പശ്ചാത്തലമുള്ള കുടുംബമാണ് മിഥുന്റെത്. താമസയോഗ്യമായ വീട് പോലും ഈ കുടുംബത്തിനില്ല. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായ മിഥുൻ ആണ് ഷോക്കേറ്റ് മരിച്ചത്. കളിക്കിടെ പെട്ടെന്ന് മിഥുന്റെ ചെരിപ്പ് തൊട്ടടുത്തുള്ള സൈക്കിൾ ഷെഡിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇത് എടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മിഥുന് ഷോക്കേറ്റത്. ബെഞ്ച് എടുത്ത് ഷീറ്റിനുമേൽ വെച്ചശേഷമായിരുന്നു ചെരിപ്പെടുക്കാനുള്ള ശ്രമം. തെന്നിയപ്പോൾ വീഴാതിരിക്കാൻ വേണ്ടി കൈ നീട്ടിയത് തൊട്ടടുത്തുള്ള ത്രീ ഫെയ്സ് ലൈനിലായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഷോക്കേറ്റത് കണ്ട് ഓടിയെത്തിയ അധ്യാപകർ ഉടൻ തന്നെ ട്രാൻസ്ഫോർമർ ഓഫ് ചെയ്തു. മിഥുനെ മേൽക്കൂരയിൽ നിന്ന് താഴെയിറക്കി ശാസ്താം കോട്ട ആശുപത്രിയിലേക്ക് കുതിച്ചു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. എട്ടാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ വിശദ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും നിർദേശം നൽകിയിട്ടുണ്ട്. കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കുമാണ് മന്ത്രി നിർദേശം നൽകിയത്.

Tags:    
News Summary - Kollam school student death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.