മനുഷ്യപ്പറ്റുള്ള ലിവർപൂൾ മറക്കില്ല ജോട്ടയെ, ഭാര്യക്ക് 172 കോടി രൂപ നൽകും, മക്കളുടെ ചെലവുകൾ മുഴുവൻ ഏറ്റെടുക്കും

ലണ്ടൻ: തങ്ങളുടെ പ്രിയതാരത്തിന്റെ കുടുംബത്തെ അങ്ങനെയെങ്ങ് കൈവിട്ടു​ കളയാൻ ഒരുക്കമല്ല ലിവർപൂൾ ക്ലബ്. കാറപകടത്തിൽ മരിച്ച മുന്നേറ്റതാരം ഡിയഗോ ജോട്ടയുടെ കുടുംബത്തിന്റെ മുന്നോട്ടുള്ള വഴികളിൽ കൈത്താങ്ങായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരുണ്ടാകും. ​28കാരനുമായി ക്ലബ് ഒപ്പുവെച്ച കരാർ പ്രകാരമുള്ള തുക ജോട്ടയുടെ ഭാര്യ റൂത്ത് കാർഡോസോക്ക് നൽകുമെന്ന് ക്ലബ് അധികൃതരെ ഉദ്ധരിച്ച് ​നായ പോർചുഗീസ് ദിനപത്രമായ റെക്കോർഡ് റിപ്പോർട്ട് ചെയ്തു. മക്കളുടെ വിദ്യാഭ്യാസ ചെലവുകളും ക്ലബ് വഹിക്കും.

പോർചുഗീസുകാരനുമായി ലിവർപൂൾ അഞ്ചുവർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. അഞ്ചുവർഷത്തെ കരാറിൽ രണ്ടുവർഷം കൂടി ബാക്കിയുള്ളപ്പോഴാണ് ചൊവ്വാഴ്ച ജോട്ടയുടെ ദാരുണ മരണം. ജോട്ടയും പോർചുഗലിലെ പ്രൊഫഷനൽ ഫുട്ബാൾ താരമായ സഹോദരൻ ആന്ദ്രേ സിൽവയും വടക്ക്‌ പടിഞ്ഞാറൻ സ്‌പെയ്‌നിലെ സമോറയ്ക്കടുത്തുണ്ടായ അപകടത്തിലാണ്‌ മരിച്ചത്‌. പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയിൽ (A-52) ചൊവ്വാഴ്‌ച രാവിലെയോടെയായിരുന്നു അപകടം. ജോട്ടയും സഹോദരനും സഞ്ചരിച്ച ലംബോർഗിനി കാർ മറ്റൊരു കാറിനെ മറികടക്കാനുള്ള ശ്രമത്തിൽ ടയർ പൊട്ടി നിയന്ത്രണംവിട്ട് തീപിടിക്കുകയായിരുന്നു.

Full View

2022ലാണ് അഞ്ചുവർഷത്തെ കരാറിൽ ഡിയഗോയും ലിവർപൂളും ഒപ്പുവെച്ചത്. കരാർ പ്രകാരം ഒരു വർഷം പത്തു ദശലക്ഷം ഡോളറാണ് ക്ലബ് ജോട്ടക്ക് നൽകേണ്ടിയിരുന്നത്. രണ്ടു വർഷത്തേക്ക് 20 ​ദശലക്ഷം ഡോളർ. ഏകദേശം 172 കോടി രൂപയാണിത്. ഇത്രയും തുകയാണ് ലിവർപൂൾ തങ്ങളുടെ പ്രിയതാരത്തിന്റെ വിധവക്ക് നൽകുക.

ഇതിനുപുറമെയാണ് മൂന്നു മക്കളുടെയും വിദ്യാഭ്യാസ ചെലവുകൾ പൂർണമായും ക്ലബ് ഏറ്റെടുക്കുന്നത്. ഇവർക്കായി പ്രത്യേക ഫണ്ടും ലിവർപൂൾ കരുതിവെക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

1996ല്‍ പോര്‍ട്ടോയിലായിരുന്നു ജോട്ടയുടെ ജനനം. പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സിസ്റ്റത്തിലൂടെയാണ് കളി ജീവിതം ആരംഭിച്ചത്. 2016ല്‍ അത്‍ലറ്റിക്കോ മഡ്രിഡിന്റെ താരമായി. തൊട്ടടുത്ത വര്‍ഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ വോള്‍വര്‍ഹാംപ്ടണിന്റെ അണിയിലെത്തി. ലിവര്‍പൂൾ 2020ലാണ് താരത്തെ ആൻഫീൽഡിലെത്തിക്കുന്നത്. ക്ലബ്ബിനായി 182 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയ ഡിയഗോ പോർചുഗൽ ദേശീയ ജഴ്സിയിൽ 49 മത്സരങ്ങൾ കളിച്ചു. ദേശീയ ടീമിനൊപ്പം രണ്ടുതവണ യുവേഫ നാഷൻസ് ലീഗ് കിരീട വിജയത്തിൽ പങ്കാളിയായി.

ലിവർപൂളിന്റെ അണിയിൽ അനിവാര്യ സന്ദർഭങ്ങളിൽ അത്യുജ്വല പ്രകടനം പുറത്തെടുത്ത ജോട്ട നാലു കിരീടനേട്ടങ്ങളിലും പങ്കാളിയായിരുന്നു. ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടിയതിനുപുറമെ ഒരു തവണ എഫ്.എ കപ്പ് ജയത്തിലും രണ്ടു ഇ.എഫ്.എൽ കപ്പ് നേട്ടങ്ങളിലും ലിവർപൂളിന്റെ ഭാഗമായി. 


Tags:    
News Summary - Liverpool to pay Diogo Jota contract up in full in support of grieving family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.