റിയാദ്: ആധുനിക ഫുട്ബാളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് ലോകം പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വാഴ്ത്തുന്നത്. 40കളിലും പ്രായം തളർത്താത്ത വീര്യവുമായി ദേശീയ ജഴ്സിയിലും ക്ലബ് ഫുട്ബാളിലും തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
അടുത്തിടെ പോർചുഗലിന് രണ്ടാം യുവേഫ നേഷൻസ് ലീഗ് കിരീടം നേടികൊടുത്തു. അഞ്ചു തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയ, സി.ആർ 7 കരിയറിൽ ഇതുവരെ 938 ഗോളുകളാണ് നേടിയത്. കഴിഞ്ഞമാസമാണ് സൗദി പ്രോ ലീഗ് ക്ലബ് അൽ നസ്ർ താരവുമായി രണ്ടു വർഷത്തേക്ക് കരാർ പുതുക്കിയത്. അതായത് 42 വയസ്സുവരെ താരം ക്ലബിൽ തുടരും. അടുത്ത ഫിഫ ലോകകപ്പിലും താരം പോർചുഗലിനായി കളിക്കാനിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
എന്നാൽ, ഇതൊന്നും മകൻ മറ്റിയോയിൽ മതിപ്പുണ്ടാക്കിയിട്ടില്ല എന്നുവേണം കരുതാം, കാരണം ഫുട്ബാളിൽ പിതാവിനേക്കാൾ മകന് പ്രിയം റയൽ മഡ്രിഡിന്‍റെ ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെയോടാണ്. ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘മറ്റിയോ, അവൻ എംബാപ്പെയെ ശരിക്കും ഇഷ്ടപ്പെടുന്നു. ചിലപ്പോഴൊക്കെ എന്നോട് പറയും; ഡാഡി, നിങ്ങളേക്കാൾ മികച്ച താരം എംബാപ്പെയാണെന്ന്. അല്ല, ഞാനാണ് മികച്ചതെന്നും കൂടുതൽ ഗോളുകൾ നേടിയതെന്നും മറുപടി നൽകും’ -ക്രിസ്റ്റ്യാനോ വെളിപ്പെടുത്തി. ഫ്രഞ്ച് ടീമിനൊപ്പം ഫിഫ ലോകകപ്പ് നേടിയ എംബാപ്പെ, പി.എസ്.ജി വിട്ടാണ് സ്പാനിഷ് ക്ലബിനൊപ്പം ചേർന്നത്. ക്രിസ്റ്റ്യാനോയെ മറികടന്ന് അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോഡ് എംബാപ്പെ സ്വന്തമാക്കിയിരുന്നു.
ലാ ലിഗയിൽ തുടക്ക സീസണിൽ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി 42 ഗോളുകളാണ് നേടിയത്. ഇതിൽ 31 ഗോളുകളും ലാ ലിഗയിലാണ്. ക്രിസ്റ്റ്യാനോ 33 ഗോളുകളും. ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രണ്ടു വർഷത്തേക്ക് ക്രിസ്റ്റ്യാനോ സൗദി ക്ലബുമായു കരാർ പുതുക്കിയത്. ഇത്തവണയെങ്കിലും ടീമിന് ഒരു കിരീടം നേടിക്കൊടുക്കണമെന്ന അതിയായ ആഗ്രഹത്തിലാണ് താരം. അതിനായി ടീമിനെ അടിമുടി പുതുക്കി പണിയാനുള്ള തയാറെടുപ്പിലാണ് ക്രിസ്റ്റ്യാനോ.
പ്രോ ലീഗില്‍ കഴിഞ്ഞ സീസണിൽ അല്‍ ഇത്തിഹാദിനും അല്‍ ഹിലാലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് നസ്ർ ഫിനിഷ് ചെയ്തത്. തുടർച്ചയായി രണ്ടാം തവണയും ക്രിസ്റ്റ്യാനോ ടോപ് സ്കോററായി. മൂന്നു സീസണുകളിലായി അൽ നസറിനൊപ്പം വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിൽ 111 മത്സരങ്ങളില്‍നിന്നായി 99 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.