‘അധ്യാപകർക്ക് എന്താണ് ജോലി? പ്രശ്നം പരിഹരിച്ചില്ലെങ്കിൽ തുടരെ അറിയിക്കണ്ടേ?’; വീണ്ടും വിർശനവുമായി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ, അധ്യാപകരെ വിമർശിച്ച് വീണ്ടും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. അധ്യാപകരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്നും അന്തിമ റിപ്പോർട്ട് കിട്ടിയാൽ വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ടത് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ഷോക്കേറ്റ് മരിച്ച വിദ്യാർഥിയെ കുറ്റപ്പെടുത്തിയ മന്ത്രി ജെ. ചിഞ്ചുറാണിക്കും മന്ത്രി മറുപടി നൽകി. കുട്ടികൾ ആകുമ്പോൾ കളിക്കും. കുട്ടികൾ കയറാൻ പാടില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

“അധ്യാപകർക്ക് എന്താണ് ജോലി? അവരുടെ ആവശ്യങ്ങൾ എല്ലാം പരിഹരിച്ചല്ലേ മുന്നോട്ട് പോകുന്നത്? കെ.എസ്.ഇ.ബിയെ അറിയിച്ചു എന്നാണ് ഒരു വാദം. പരിഹരിച്ചില്ലെങ്കിൽ തുടരെ തുടരെ അറിയിക്കണ്ടതല്ലേ? മന്ത്രിയെ അറിയിച്ചോ? തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിൽ നടപടി ഉണ്ടാകും” -മന്ത്രി പറഞ്ഞു.

അതേസമയം വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുറ്റം വൈദ്യുതി വകുപ്പിന്റെ മാത്രമല്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് കുട്ടിക്ക് അബദ്ധം പറ്റിയതാണെന്ന് മനസ്സിലായിട്ടുണ്ട്. ഷെഡ്ഡ് കെട്ടാൻ അനുമതി എങ്ങനെ കിട്ടിയെന്നത് പഞ്ചായത്ത് അടക്കം പരിശോധിക്കണം. കോൺഗ്രസ് സമരം അവരുടെ കാലത്തെ തെറ്റ് മറക്കാൻ വേണ്ടിയാണ്. പ്രതിഷേധങ്ങൾ കണക്കാക്കുന്നില്ലെന്നും കുടുംബത്തിനൊപ്പമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യാൻ തീരുമാനമായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ഇന്നും പരിശോധനയുണ്ട്.

വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കളിക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തോട് ചേർന്നുള്ള ഇരുമ്പ് ഷീറ്റ് പാകിയ സൈക്കിൾ ഷെഡിന്റെ മുകളിലേക്ക് ചെരുപ്പ് വീണു. ഇത് എടുക്കാൻ കയറിയതായിരുന്നു മിഥുൻ. കാൽ തെന്നിപ്പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. ഉടൻതന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    
News Summary - Minister V Sivankutty criticises teachers for death of class 8 student at Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.