ചെങ്ങറ ഭൂസമരത്തിന്റെ വാർത്താ പരമ്പര വായിച്ച് അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി ഫോണിൽ വിളിച്ച ഓർമ പങ്കുവെച്ച് മാധ്യമ പ്രവർത്തകൻ സാമിർ സലാം. താൻ കോഴിക്കോട്ടുണ്ടെന്നും ഒന്ന് കാണാൻ പറ്റുമോ എന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ചോദ്യം.
കൂടിക്കാഴ്ചക്കിടെ വാർത്താ പരമ്പരയെ കുറിച്ച് ഉമ്മൻ ചാണ്ടി നല്ല വാക്കുകൾ പറഞ്ഞതും നിയമസഭയിൽ സമരം സംബന്ധിച്ച് അവതരിപ്പിക്കാനുള്ള പ്രസംഗത്തിന്റെ ഉള്ളടക്കം തയാറാക്കിയതും കുറിപ്പിൽ പറയുന്നുണ്ട്. ഉമ്മൻ ചാണ്ടിയുമായി അന്ന് തുടങ്ങിയ അടുപ്പം പിന്നീട് വളർന്നു. വലിപ്പച്ചെറുപ്പമില്ലാതെ ചുറ്റുമുള്ള ആളുകളെ പരിഗണിക്കുന്ന, അവരെ കേൾക്കുന്ന ആ മനുഷ്യൻ വിടവാങ്ങിയതിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം: അന്ന് മാധ്യമത്തിലാണ്. ട്രെയിനിക്കാലം. കോഴിക്കോട്ട് ജോലി ചെയ്യുന്ന എന്നെ എഡിറ്റർ പത്തനംതിട്ടയിലെ ചെങ്ങറയ്ക്ക് അയച്ചു. അവിടെ ഭൂസമരം വി.എസ്. സർക്കാരിനെ പിടിച്ചുകുലുക്കുന്ന സമയം. വാർത്താപരമ്പര എത്രയും വേഗം തുടങ്ങണം. കോഴിക്കോട്ടെ തന്നെ ഫോട്ടോഗ്രാഫർ അജീബ്ക്കയുമുണ്ട് കൂടെ. ആദ്യത്തെ വലിയ അസൈ൯മെന്റ്. കാടുകയറി ചെങ്ങറയിലെത്തി രണ്ടുപകലും രാത്രിയും സമരക്കാർക്കാപ്പം കൂടി. സമരഭൂമിയിലെ ലൈംഗികാതിക്രമം അടക്കം ഞെട്ടിക്കുന്ന പലതും കേട്ട് തരിച്ചിരുന്ന മണിക്കൂറുകൾ. എല്ലാം ചേർന്ന് പിറ്റേന്ന് തന്നെ ഒന്നാംപേജിൽ എട്ടുകോളത്തിൽ പരമ്പര തുടങ്ങി.അന്ന് പുലർച്ചെ ആറുമണി കഴിഞ്ഞപ്പോൾ പത്രം വായിച്ചൊരാളുടെ കോൾ വന്നു എനിക്ക്. ‘ഹലോ, ഞാ൯ ഉമ്മ൯ ചാണ്ടിയാണ്..’ ഫോണിന്റെ ഇങ്ങേ തലയ്ക്കൽ പകപ്പോടെയാണ് ഞാനാ പേരും ശബ്ദവും കേട്ടത്. മറുപടി പറയാതെ മൗനം പൂണ്ടുനിന്നുപോയ എന്നെ ഞെട്ടിച്ച് അദ്ദേഹം തുടർന്നു: ‘എനിക്ക് സാറിനെയൊന്ന് കാണണം.’ അതുകൂടി കേട്ടപ്പോൾ ജാള്യതയോടെ ഞാ൯ പറഞ്ഞു: ‘സാർ, ഞാ൯ ഇവിടെയൊരു ജൂനിയർ ജേണലിസ്റ്റാണ്. കോഴിക്കോടാണ്. എവിടെ വന്നാണ് കാണേണ്ടത്..?’ ഉമ്മ൯ ചാണ്ടി സാർ അന്ന് പ്രതിപക്ഷനേതാവാണ്. മൂപ്പർ പരമ്പര വായിച്ച് ഏതോ മുതിർന്ന പത്രക്കാരനെന്ന് കരുതിക്കാണും. ‘നാളെ കഴിഞ്ഞ് ഞാ൯ കോഴിക്കോടുണ്ട്. വൈകീട്ടൊരു നാലുകഴിഞ്ഞ് ഗസ്റ്റ് ഹൗസിൽ വരാമോ..?’ വീണ്ടും അഭ്യർത്ഥന. ഞാ൯ വീണ്ടും ചൂളി. ഗസ്റ്റ് ഹൗസിലെത്തിയ എന്നെക്കണ്ട് ഉമ്മ൯ചാണ്ടി സാർ നിറഞ്ഞ ചിരിയോടെ കൈനീട്ടി. കൂടെപ്പിറപ്പായ ആൾക്കൂട്ടത്തെ പുറത്തുനിർത്തി അടച്ചിട്ട മുറിയിൽ ദീർഘനേരം എന്നോട് സംസാരിച്ചു. വാർത്താപരമ്പരയെപ്പറ്റി മടിയില്ലാതെ നല്ലതുപറഞ്ഞു. സമരഭൂമിയിലെ ദുരിതാവസ്ഥകൾ ചോദിച്ചറിഞ്ഞു. നിയമസഭയിൽ സമരം സംബന്ധിച്ച് അവതരിപ്പിക്കാനുള്ള പ്രസംഗത്തിന്റെ ഉള്ളടക്കത്തിന് അവിടെവച്ച് മൂപ്പര് ഏകദേശരൂപമാക്കി. മുഖ്യമന്ത്രിയായ വി.എസ്സിന് കൊടുക്കാനുള്ള കത്തും തയാറാക്കി. മുറിയിൽ ആകെയുണ്ടായിരുന്ന ടി.സിദ്ദീഖിന് എന്നെ പരിചയപ്പെടുത്തി. നേരത്തെ അറിയാമെന്ന സിദ്ദീഖിക്കയുടെ മറുപടിയിൽ സാർ പിന്നെയും കണ്ണുചെറുതാക്കി നിറഞ്ഞുചിരിച്ചു. പിന്നീട് ഓരോ ആൾക്കൂട്ടത്തിലും കണ്ടപ്പോഴൊക്കെ ഏറ്റക്കുറച്ചിലുകളില്ലാതെ അതേസ്നേഹം എന്നെവന്നുതൊട്ടു. ജനമായിരങ്ങൾക്ക് കരുതലും ആശ്വാസവും ഏകിയ അതികായന്റെ കരതലം അപ്പോഴൊക്കെ ഈ എനിക്കായും നീണ്ടു. വീട്ടിൽ ജ്യേഷ്ഠ൯ സാഗറിന്റെ കല്ല്യാണത്തിന് പാതിരയ്ക്കൊരു നേരത്ത് ഓടിപ്പിടഞ്ഞ് സാറെത്തി. ഇരിക്കാ൯ പറ്റിയ നേരമല്ലാതിരുന്നിട്ടും, ഭക്ഷണപ്പന്തലിൽ നിന്നുകൊണ്ട് സാറ് നെയ്ച്ചോറും കോഴിക്കറിയും കഴിച്ചുതീർത്തു. ഐസ്ക്രീം പാത്രവുമായി അരികത്തുതന്നെ നിന്ന എന്നോട് അത് ചോറിന്റെ പ്ലേറ്റിലേക്ക് തട്ടാ൯ പറഞ്ഞു. ചോറു കഴിച്ചുകഴിഞ്ഞ പ്ലേറ്റിലേക്ക് മടിച്ചുമടിച്ച് അതിട്ട എന്നെയും കൂടിനിന്നവരെയും അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം അത് വാരിവാരിത്തിന്നു. പിന്നീട് കാലങ്ങൾ പലത് കടന്നുപോയി. രണ്ടാമതും മുഖ്യമന്ത്രിയായി. സദാ ആളുനിറഞ്ഞുകവിഞ്ഞ ആ അംബാസിഡർ കാറിലൂടെ പദവികൾ പലത് കയറിയിറങ്ങിപ്പോയി. കാര്യമുള്ള ചില വിവാദങ്ങളും കാര്യമില്ലാത്ത പല വിവാദങ്ങളും ആ മനുഷ്യനെ തൊട്ടും തൊടാതെയും കടന്നുപോയി. കാറ്റുംകോളും നിറഞ്ഞുലഞ്ഞ നേരത്തും ജനങ്ങളുടെ അല്ലലുകളിലേക്ക് തുറന്നുവെച്ചൊരു കാതുമായി ഉമ്മ൯ചാണ്ടി സാറിനെ മറ്റ് അനേകായിരങ്ങളെപ്പോലെ എനിക്കും പലവട്ടം ഫോണിൽ കിട്ടി. വർഷങ്ങൾ കഴിഞ്ഞ് എന്റെ കല്ല്യാണത്തിനും മറന്നുപോകാതെ സാറ് വന്നു. പരിചയം തുടങ്ങിയ കഥയും രസങ്ങളും അന്ന് ഒപ്പമുണ്ടായിരുന്ന വി.വി.പ്രകാശേട്ടനോട് പറഞ്ഞ് ഏറെനേരം സാർ ചിരിച്ചിരുന്നു. അപ്പോഴേക്ക് രണ്ടാം മുഖ്യമന്ത്രിക്കാലവും കഴിഞ്ഞ് പ്രതിപക്ഷത്തെ ഒരു എം.എൽ.എ മാത്രമായി മാറിയിരുന്നു അദ്ദേഹം. തേടിവന്ന പദവികളിൽ നിന്ന് നോ പറഞ്ഞുമാറിനടന്ന കാലം. വലിപ്പച്ചെറുപ്പമില്ലാതെ ചുറ്റുമുള്ള ആളുകളെ പരിഗണിക്കുന്ന, അവരെ കേൾക്കുന്ന ആ മനസ്സ് അപ്പോഴും അദ്ദേഹത്തിന് കൈമോശം വന്നില്ല. മെലിഞ്ഞുനീണ്ട ആ ശരീരത്തിനൊപ്പം സദാ ഒഴുകിപ്പരന്ന ആൾക്കൂട്ടത്തിന് പക്ഷേ അപ്പോഴും തെല്ലും ആൾബലം കുറഞ്ഞിരുന്നുമില്ല. ഉമ്മർചാണ്ടി സാറിന്റെ മരണവാർത്തയ്ക്ക് തലക്കെട്ടും ഇ൯ട്രോയും എഴുതുമ്പോൾ ഞാ൯ ഇന്ത്യാവിഷനും കടന്ന് മനോരമ ന്യൂസിലെത്തി വർഷങ്ങൾ കഴിഞ്ഞിരുന്നു. വലിയൊരു ജനതയെ കരച്ചിലിന്റെ രണ്ട് കരയിൽ കയറ്റിനിർത്തി അന്ന് ഉമ്മ൯ചാണ്ടി സാർ എം.സി.റോഡിലൂടെ പുതുപ്പള്ളിയിലേക്ക് അവസാനമായി യാത്രപോയി. കണ്ണുനിറഞ്ഞ് അന്ന് നാടാകെ പലതും പറഞ്ഞപ്പോൾ, ആരും കാണാതെ കണ്ണുതുടച്ച് ഞാ൯ ന്യൂസ്റൂമിലിരുന്നു. ഇപ്പോൾ മരണത്തിന്റെ രണ്ടാം വർഷത്തിന്റെ രാവിലെയിൽ പഴയ ഓർമയിലേക്ക് നടക്കുമ്പോൾ പത്രപ്രവർത്തനം മതിയാക്കി ഞാ൯ മറ്റൊരു പാഷന് പിറകെ ഓടിത്തുടങ്ങി ദിവസങ്ങൾ മാത്രം പിന്നിടുന്നു. ജനങ്ങളുടെ പാരാവാരത്തെ ഒപ്പം കൊണ്ടുനടന്ന ഒരു നേതാവിന്റെ സ്നേഹ വാൽസല്യങ്ങളുടെ അനുഭവസ്ഥനാണ് ഞാനും എന്നുപറയാ൯ ഇനിയും വൈകാ൯ വയ്യ, അതുകൊണ്ടുമാത്രമാണ് സാമാന്യം നീണ്ടുപോയ ഈ കുറിപ്പ്. ക്ഷമിക്കുക. കണ്ടുമുട്ടിയ ജനങ്ങളെയാകെ വലിപ്പച്ചെറുപ്പമില്ലാതെ ഇങ്ങനെ പരിഗണിക്കാ൯, അവരുടെ ഒത്തനടുവിൽ പാർക്കാ൯ ഈ മനുഷ്യനുമാത്രമേ കഴിയൂ. എന്റെ ഫോണിലേക്ക് അന്നുവന്ന ആ വിളിയുടെ പൊരുളും വേറൊന്നല്ല. ജനങ്ങളുമായി ഇടനിലക്കാരില്ലാതെ നേരിട്ട് സംസാരിച്ച, മനുഷ്യപ്പറ്റിന്റെ വേറെങ്ങും കണ്ടുകിട്ടാത്ത ആൾരൂപമാണ് രണ്ടുവർഷം മു൯പ് ഇതേ ദിവസം ആൾക്കൂട്ടത്തിൽ ഇടതൂർന്നൊടുവിൽ മറഞ്ഞുപോയത്. അന്നേപോലെ ഇന്നും നമ്മളിലൊരുപാടുപേർ കണ്ണൊന്നു തുടച്ചുപോകുന്നത് അതുകൊണ്ടാണ്. നേതാക്കളെപ്പറ്റി, രാഷ്ട്രീയക്കാരെപ്പറ്റി, ഭരണകർത്താക്കളെപ്പറ്റി പറയുമ്പോൾ ഉമ്മ൯ചാണ്ടി സാറിനെ ഓർത്തുപോകുന്നതും അതുകൊണ്ടുതന്നെ. ആരായിരുന്നു എന്നെപ്പോലെ രാഷ്ട്രീയക്കാരല്ലാത്ത അനേകർക്ക് ഉമ്മ൯ചാണ്ടി..? സാറിനെപ്പറ്റിയുള്ള എന്റെ ഓർമകളെല്ലാം ചെന്നുനിൽക്കുക ആ രാത്രിയിലാണ്. നെയ്ച്ചോർ പ്ലേറ്റിൽ ഒഴുകിപ്പരന്ന ഐസ്ക്രീം നുണഞ്ഞുനിന്ന ആ മനുഷ്യനിൽ. ഒന്നോർത്താൽ അതിലുണ്ട്, ജീവിതത്തിലുടനീളം അദ്ദേഹം പുലർത്തിയ ഔന്നത്യത്തിന്റെ, അടയാളവാക്യത്തിന്റെ മുഴുവ൯ ചേരുവയും. അധികാരത്തിന് ആഡംബരത്തിന്റെ അകമ്പടി വേണ്ടെന്ന്, പരിഗണനകൾ വേണ്ടെന്ന്, നേതാവിന്റെ ശരീരഭാഷ ലാളിത്യത്തിന്റേതാണെന്ന്… അങ്ങനെ ലോകം കേൾക്കേണ്ട ഒട്ടൊരുപാട് പാഠങ്ങളിലേക്കാണ് ഉമ്മ൯ചാണ്ടി ആ പ്ലേറ്റുമായി എഴുന്നേറ്റ് നിന്നതെന്ന് അപ്പോൾ എനിക്ക് തോന്നും. ആ ശരീരഭാഷ ഒരു കുപ്പായമാക്കി നമ്മുടെ നേതാക്കളും നമ്മളുതന്നെയും എടുത്തുടുത്തിരുന്നുവെങ്കിൽ എന്നും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.