മലപ്പുറം: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീട് നിർമിക്കാൻ പാർട്ടി വാങ്ങിയ സ്ഥലവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മുസ്‍ലിംലീഗ് നേതാവ് പി.കെ ബഷീർ എം.എൽ.എ. മുട്ടിൽ-മേപ്പാടി റോഡിനോട് ചേർന്ന 11 ഏക്കർ ഭൂമിയാണ് പി.കെ. ബഷീർ ചെയർമാനായ അഞ്ചംഗ ഉപസമിതിയുടെ നേതൃത്വത്തിൽ വാങ്ങിയത്. വയനാട് തൃക്കൈപ്പറ്റ വില്ലേജിലാണ് ഭൂമി. അമിത വില നൽകിയാണ് ഇത് വാങ്ങിയതെന്നാണ് ഉയർന്ന ആരോപണങ്ങളിലൊന്ന്. കൂടാതെ ഇതിലെ ഒരു ഭാഗം കാപ്പിത്തോട്ടം തരംമാറ്റിയതാണെന്ന വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോർഡ് ഭൂവുടമകളില്‍ നിന്ന് വിശദീകരണം തേടിയിട്ടുമുണ്ട്. ലാന്‍ഡ് ബോർഡില്‍ രേഖകള്‍ സഹിതം ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്.
മുൻ എം.എൽ.എ സി. മമ്മുട്ടി, യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ്, ട്രഷറർ പി. ഇസ്മായിൽ, സെക്രട്ടറി ടി.പി.എം ജിഷാൻ എന്നിവരാണ് അഞ്ചംഗ ഉപസമിതിയിലുള്ളത്. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ നടപടികള്‍ക്കും നേതൃത്വം നല്‍കിയത് പി.കെ ബഷീറാണ്. ഈ സാഹചര്യത്തിലാണ് ബഷീറിന്റെ വിശദീകരണം.
‘ഫെയർ വാല്യുവിന് നാട്ടിൽ സ്ഥലം കിട്ടില്ലെന്ന് അറിയാത്തവരല്ല വിവാദമുണ്ടാക്കുന്നത്. ഞങ്ങളെടുത്ത സ്ഥലത്തിന്റെ 300 മീറ്റർ അപ്പുറത്ത് സ്ഥലം വിറ്റത് രണ്ടേ കാൽ ലക്ഷം രൂപക്കാണ്. തൊട്ടുമുമ്പിലുള്ള സ്ഥലത്തിന്റെ കച്ചവടം നടക്കുന്നത് മൂന്ന് ലക്ഷത്തിനാണ്. നല്ല വിലപേശൽ നടത്തി പരമാവധി കുറച്ചാണ് ഭൂമി വാങ്ങിയത്. 65,000 രൂപയുടെ സ്ഥലമാണിത് എന്നാണ് ചിലരുടെ തള്ള്. ആ പൈസക്ക് ആ ഏരിയയിൽ സ്ഥലം കണ്ടെത്താൻ ഈ കൂമന്മാർക്ക് പറ്റുമെങ്കിൽ ഈ നിമിഷം ഞാൻ അവർക്കൊപ്പം വരാം. രണ്ട് മാസം നടന്നിട്ട് ഞങ്ങൾക്ക് കിട്ടാത്ത ഒരു സ്ഥലമുണ്ടെങ്കിൽ അതൊന്ന് കാണണമല്ലോ...’ -അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
ഒരു പണിയുമെടുക്കാതെ കാഴ്ചയും കണ്ട് മരക്കൊമ്പത്തിരുന്ന് മൂളുന്ന എല്ലാ കൂമന്മാർക്കുമുള്ള മറുപടിയാണിത്. ശ്രദ്ധിച്ച് വായിക്കണം.
1. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന്റെ വാർത്ത കേട്ട അന്ന് രാവിലെ ചുരം കയറിയതാണ്. ഇപ്പോഴും അവർക്കൊപ്പമുണ്ട്. സംഭവസ്ഥലത്ത് ആദ്യമെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത് മുസ്ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് ആയിരുന്നു. മൃതദേഹങ്ങൾ അടക്കം ചെയ്യാനുള്ള സ്ഥലം ലഭ്യമാകാതെ വന്നപ്പോൾ സർവമത പ്രാർത്ഥനയോടെ പുത്തുമലയിൽ അതിനുള്ള സൗകര്യം ഒരുക്കാൻ മുസ്‍ലിംലീഗ് നേതൃപരമായ പങ്ക് വഹിച്ചു. അന്ന് എണ്ണായിരത്തോളം വരുന്ന സന്നദ്ധ പ്രവർത്തകർക്ക് വൈറ്റ് ഗാർഡ് സജ്ജീകരിച്ച ഊട്ടുപുര പൂട്ടിക്കാനിറങ്ങിയവർ തന്നെയാണ് ഇപ്പോൾ പുതിയ തിരിപ്പുകളുമായി രംഗത്തുള്ളത്.
2. പുനരധിവാസത്തിന് വേണ്ടി എന്നെ കൺവീനറാക്കി പാർട്ടി ഉപസമിതിയെ തീരുമാനിച്ചു. അന്ന് മുതൽ ഇന്നുവരെ എല്ലാ കാര്യങ്ങളും വളരെ സുതാര്യമായും സത്യസന്ധമായും നിർവഹിച്ച് വരികയാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും പാർട്ടി സെക്രട്ടറി പി.എം.എ സലാം സാഹിബും ഏൽപിച്ചതാണ് ഈ ഉത്തരവാദിത്തം. കൈയിൽ കറ പുരളാത്ത കാലത്തോളം എനിക്ക് ഒരു ശുജായിയെയും പേടിക്കേണ്ട കാര്യമില്ല. ഏൽപിച്ച വിശ്വാസം നീതിപൂർവം നിർവ്വഹിക്കും. ഏതെങ്കിലും പുതിയ അവതാരങ്ങൾ ചാനലിലൂടെയും സോഷ്യൽ മീഡിയയിലും ആക്ഷേപിച്ചാൽ ലീഗ് ഒന്നാകെ ഒലിച്ച് പോകുമെന്ന് ആരും കരുതേണ്ട.
3. ലീഗ് ചെയ്ത കാര്യങ്ങൾ എന്തൊക്കെ എന്ന് ദുരിതബാധിതരോട് ചോദിച്ചാൽ പറഞ്ഞുതരും. അല്ലെങ്കിൽ ഫോർ വയനാട് എന്ന ആപ്പിൽ വിശദ വിവരങ്ങളുണ്ട്. സർക്കാറുമായി സഹകരിച്ച് പുനരധിവാസം നടത്തുക എന്നതായിരുന്നു പാർട്ടിയുടെ താൽപര്യം. സ്ഥലം ലഭിക്കുന്നതിന് വേണ്ടി സർക്കാറിനെ കാത്തിരുന്നത് ഏഴ് മാസമാണ്. ഒരു നടപടിയും ഇല്ലാതെ വന്നപ്പോഴാണ് സ്വന്തം നിലക്ക് പുനരധിവാസത്തിന് മുന്നിട്ടിറങ്ങിയത്. കൂമന്മാർക്ക് അന്ന് തുടങ്ങിയതാണ് ഹാലിളക്കം, ഇന്നും തീർന്നിട്ടില്ല.
4. വീടുകളുടെ നിർമാണത്തിന് നിരവധി സ്ഥലങ്ങൾ കണ്ടു. പലതും ഡോക്യുമെന്റ് പ്രശ്നങ്ങൾ കാരണമാണ് വേണ്ടെന്ന് വെച്ചത്. വില നോക്കുകയാണെങ്കിൽ നാൽപതിനായിരത്തിനും അറുപതിനായിരത്തിനും ഭൂമിയുണ്ട്. അതൊക്കെ തോട്ടം ഭൂമികളാണ്. ഡോക്യുമെന്റ്സ് ക്ലിയറായ, വാസയോഗ്യമായ നല്ല ഭൂമി വേണമെന്ന് പാർട്ടിക്ക് നിർബന്ധമുണ്ടായിരുന്നു. വിലയേക്കാൾ പ്രധാനം സൗകര്യങ്ങളാണ് എന്നത് കൊണ്ടാണ് വിദഗ്ധരുടെ മേൽനോട്ടത്തിൽ എല്ലാ നിയമവശങ്ങളും പരിശോധിച്ച് ഗുണഭോക്താക്കളുടെ ആഗ്രഹപ്രകാരം മേപ്പാടി പഞ്ചായത്തിൽത്തന്നെ നല്ല വില കൊടുത്ത് സ്ഥലം വാങ്ങിയത്.
5. വില കൂടി എന്നാണ് ഇപ്പോഴത്തെ കുറ്റം. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോട് പ്രദേശത്ത് റബ്ബറൈസ്ഡ് ആയ മുട്ടിൽ-മേപ്പാടി റോഡിനോട് ഓരം ചേർന്നാണ് ഭവന സമുച്ചയം ഒരുങ്ങുന്നത്. ഫെയർ വാല്യുവിന് നാട്ടിൽ സ്ഥലം കിട്ടില്ലെന്ന് അറിയാത്തവരല്ല വിവാദമുണ്ടാക്കുന്നത്. ഞങ്ങളെടുത്ത സ്ഥലത്തിന്റെ 300 മീറ്റർ അപ്പുറത്ത് സ്ഥലം വിറ്റത് രണ്ടേ കാൽ ലക്ഷം രൂപക്കാണ്. തൊട്ടുമുമ്പിലുള്ള സ്ഥലത്തിന്റെ കച്ചവടം നടക്കുന്നത് മൂന്ന് ലക്ഷത്തിനാണ്. നല്ല വിലപേശൽ നടത്തി പരമാവധി കുറച്ചാണ് ഭൂമി വാങ്ങിയത്. 65,000 രൂപയുടെ സ്ഥലമാണിത് എന്നാണ് ചിലരുടെ തള്ള്. ആ പൈസക്ക് ആ ഏരിയയിൽ സ്ഥലം കണ്ടെത്താൻ ഈ കൂമന്മാർക്ക് പറ്റുമെങ്കിൽ ഈ നിമിഷം ഞാൻ അവർക്കൊപ്പം വരാം. രണ്ട് മാസം നടന്നിട്ട് ഞങ്ങൾക്ക് കിട്ടാത്ത ഒരു സ്ഥലമുണ്ടെങ്കിൽ അതൊന്ന് കാണണമല്ലോ.
6. ഫെയർ വാല്യുവിന് രജിസ്ട്രേഷൻ നടത്തി യഥാർഥ കണക്ക് ഒളിപ്പിച്ചുവെക്കുന്ന പണിക്ക് ലീഗിനെ കിട്ടില്ല. അതൊക്കെ നിങ്ങളുടെ ശീലമാണ്. പാർട്ടി സത്യസന്ധമായി കാര്യങ്ങൾ ചെയ്തതാണ് ഇപ്പോഴത്തെ കുഴപ്പം. തെരഞ്ഞെടുപ്പ് കമ്മിഷനും ആദായ നികുതി വകുപ്പിനും സമയാസമയം കണക്ക് ബോധിപ്പിക്കേണ്ട പാർട്ടിയാണിത്. ഭൂമി വിൽക്കുന്ന വ്യക്തികൾക്ക് ലീഗ് പണം നൽകുകയും ഭൂമി തേർഡ് പാർട്ടിക്ക് രജിസ്റ്റർ ചെയ്ത് കൊടുക്കുകയും ചെയ്താൽ വലിയ നിയമക്കുരുക്കാകും. എന്നാൽ രണ്ടാമത് രജിസ്റ്റർ ചെയ്യുമ്പോൾ ലീഗ് സൗജന്യമായി സ്ഥലം ഗുണഭോക്താക്കൾക്ക് നൽകുന്നത് കൊണ്ട് തന്നെ സ്റ്റാമ്പ് ഡ്യൂട്ടിയുൾപ്പടെയുള്ള ചെലവുകൾ സർക്കാറിന് ഒഴിവാക്കാം. രജിസ്ട്രേഷന് പാഴ്ച്ചെലവ് എന്നത് വ്യാജ വാദമാണ്.
7. രജിസ്ട്രേഷൻ വിവരങ്ങൾ ആർക്കും വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. അതെന്തോ ഭയങ്കര സംഭവമാണെന്ന മട്ടിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന അൽപന്മാരോട് പറയാനുള്ളത് നേരെ പോയി ഫോർ വയനാട് എന്ന ആപ്പ് ഡൗൺലോഡ് ചെയ്യൂ എന്നാണ്. സർക്കാർ വെബ്സൈറ്റുകളിലും ഉദ്യോഗസ്ഥരുടെ പിന്നാലെയും പോയി സമയം കളയണ്ട. എല്ലാ വിവരങ്ങളും അതിലുണ്ടാകും എന്ന് ഫണ്ട് കളക്ഷൻ നടക്കുമ്പോൾത്തന്നെ ലീഗ് പറഞ്ഞതാണ്. അത് പണം തന്നവർക്ക് കൊടുത്ത വാക്കാണ്.
8. ഭൂവുടമകൾക്ക് റവന്യൂ വകുപ്പ് നൽകിയ നോട്ടീസാണല്ലോ മറ്റൊരു കാര്യം. അത് ഞങ്ങൾ നോക്കിക്കോളാം. ബോധിപ്പിക്കേണ്ടത് ബോധിപ്പിക്കേണ്ട ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തും. എത്രയൊക്കെ കോലിട്ടിളക്കിയാലും യാതൊരു നിയമ തടസ്സവുമില്ലാതെ ഇതേ ഭൂമിയിൽ വീട് പണിയും. ഈ കേസ് എങ്ങനെ തീർപ്പാക്കണമെന്ന് സ്ഥലം വിറ്റവർക്കും വാങ്ങിയവർക്കുമറിയാം. ഭൂമി നൽകിയവരുടെ ജാതകവും തറവാടും തപ്പിയാണ് ചിലർ നടക്കുന്നത്. ലീഗ് നേതാക്കളുടെ അകന്ന ബന്ധുക്കളോ കെട്ടുബന്ധങ്ങളോ അതിലുണ്ടാകാം. സ്ഥലം എത്രത്തോളം നല്ലതാണ് എന്നത് മാത്രമേ ഇക്കാര്യത്തിൽ ലീഗ് നോക്കിയിട്ടുള്ളൂ.
പാവപ്പെട്ട മനുഷ്യർക്ക് അന്തസ്സോടെ ജീവിക്കാനുള്ള ഭൂമിയിലാണ് മുസ്‌ലിംലീഗിന്റെ ഭവന സമുച്ചയം. ഒരു ജീവകാരുണ്യ പ്രവർത്തനത്തെ അപരാധമായി ചിത്രീകരിച്ച് പാർട്ടിയെയും നേതാക്കളെയും താറടിക്കാനാണ് നാണംകെട്ട ചില മാധ്യമപ്രവർത്തകരും സി.പി.എമ്മിന്റെ മൂടുതാങ്ങികളും ശ്രമിക്കുന്നത്. ഇല്ലാക്കഥകളുണ്ടാക്കുന്നതാണല്ലോ പുതിയ കാലത്തെ വലിയ മാധ്യമ പ്രവർത്തനം. ഈ പുനരധിവാസ ഫണ്ട് ഞങ്ങളുടെ പ്രവർത്തകരുടെയും ഈ നാട്ടിലെ മനുഷ്യസ്നേഹികളുടെയും വിയർപ്പിന്റെ വിലയാണ്. അതിൽനിന്ന് ഒരു ചില്ലിക്കാശ് വകമാറ്റിയോ അധികമായോ ചെലവഴിക്കുമെന്ന് ആരും കരുതേണ്ട.
ഇത് മുസ്‌ലിംലീഗിന്റെ വാക്കാണ്.
ഞങ്ങൾ ഞങ്ങളുടെ ജോലി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.