കലക്ടർ അർജുൻ പാണ്ഡ്യൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റർ, കലക്ടറും സൽമാനും ഓട്ടമത്സരത്തിൽ

സൽമാൻ അവധി ചോദിച്ചു, കലക്ടർ ചേട്ടൻ വാക്കുപാലിച്ചു

തൃശൂർ: മഴക്കാലമായാൽ പിന്നെ കലക്ടർമാരുടെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന സ്ഥിരം ചോദ്യമാണ് അവധി കിട്ടുമോ എന്നത്. മിക്ക കലക്ടർമാരുടെയും ഇതിനുള്ള മറുപടികൾ വൈറലാകാറുണ്ട്. മഴ മുന്നറിയിപ്പുള്ള തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിക്കൊണ്ടുള്ള കലക്ടർ അർജുൻ പാണ്ഡ്യന്റെ ഫേസ്ബുക്ക് പോസ്റ്റ് ​വേറിട്ടതാകുന്നതും അത്തരത്തിലുള്ള ഒന്നായതുകൊണ്ടാണ്.


സ്നേഹപൂർവം സൽമാന് നാളെ അവധി എന്നാണ് കലക്ടർ ഔദ്യോഗിക ഫേസ്ബുക്കിൽ പങ്കു​വെച്ച പോസ്റ്ററിൽ പറയുന്നത്. അടുത്തിടെ തൃശൂരിൽ നടന്ന മാരത്തണിൽ കലക്ടർക്കൊപ്പം ഓടിയ സൽമാൻ എന്ന വിദ്യാർഥി ഓടിത്തോൽപിച്ചാൽ അവധി തരാമോ എന്ന് ചോദിച്ചിരുന്നു. അനുകൂലമായ അവസരം വന്നാൽ അവധി നൽകാം എന്നായിരുന്നു അതിന് കലക്ടറുടെ മറുപടി.

കലക്ടറുടെ ഫേസ്ബുക്ക് ​പോസ്റ്റിൽനിന്ന്:

ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വ്യാഴാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. അവധി ചോദിച്ചുകൊണ്ടുള്ള മെസ്സേജുകൾ നേരിട്ടും സാമൂഹികമാധ്യമങ്ങളിലൂടെയും എന്നോട് കുട്ടികൾ ചോദിക്കാറുള്ളതാണ്. കഴിഞ്ഞ മാസം പാലപിള്ളിയിൽ വച്ചു നടന്ന മരത്തോണിനിടെ പരിചയപ്പെട്ട ഏഴാംക്ലാസുകാരൻ സൽമാന്റെ ചോദ്യവും അങ്ങനെ ഉള്ള ഒന്നായിരുന്നു.


മഴയുടെ സാഹചര്യങ്ങളും മുന്നറിയിപ്പും കണക്കിലാക്കിയാണ് അവധികൾ നിശ്ചയിക്കുന്നത്. കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം, ഇതാ ഒരു മഴ അവധി കൂടി. ഈ മഴ അവധികൾ വീട്ടിൽ ഇരുന്നു പഠിച്ചും മറ്റു പ്രവർത്തികളിൽ ഏർപ്പെട്ടും പുഴകളിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങാതെ വീട്ടിൽ ഇരിക്കണം എന്നഭ്യർഥിക്കുന്നു. ഈ അവധി സൽമാനും, സൽമാനെ പോലെ സ്പോർട്സിനെ സ്നേഹിക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും ആയി ഡെഡിക്കേറ്റ് ചെയ്യുന്നു.

വലിയ സ്വപ്‌നങ്ങൾ കാത്തുസൂക്ഷിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ കൂട്ടുകാർക്കും, അവ യാഥാർഥ്യമാവട്ടെ എന്നാശംസിക്കുന്നു. വലിയ നേട്ടങ്ങളിലേക്ക് ഓടി കുതിക്കാൻ സൽമാനും സാധിക്കട്ടെ!.

സ്നേഹപൂർവ്വം അർജുൻ പാണ്ഡ്യൻ.

കലക്ടർ ജൂൺ 29നു പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:

" കളക്ടർ സാറിനെ ഓടി തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? "

എൻഡ്യൂറൻസ് അറ്റ്ലറ്റ്സ് ഓഫ് തൃശ്ശൂരിന്റെ നേതൃത്വത്തിൽ പാലപ്പിള്ളിയിൽ വച്ചു നടന്ന 12 കിലോമീറ്റർ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്ത് പങ്കെടുക്കാൻ എത്തിയപ്പോഴാണ്, ഓട്ടത്തിനിടയിൽ പരിചയപ്പെട്ട സെന്റ്.മേരീസ് യു.പി.എസ് ലൂർദ് തൃശൂർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ സൽമാൻ നിഷ്കളങ്കമായ ഈ ചോദ്യം ചോദിക്കുന്നത്. തൃശ്ശൂരിലെ എല്ലാ കുട്ടികൾക്കും കൂടി വേണ്ടിയാണ് താൻ അവധി ചോദിക്കുന്നതെന്ന് സൽമാൻ കൂട്ടിച്ചേർത്തു. അതൊരു ചാലഞ്ച് ആയി തന്നെ ഏറ്റെടുത്ത് സൗഹൃദ ഓട്ടത്തിൽ പങ്കാളിയായി. 12 കീ. മീ ഉടനീളം നല്ല സ്പീഡിൽ മികച്ച പ്രകടനം കാഴ്ചവെച്ചു, ഒരുമിച്ച് ഫീനിഷ് ചെയ്തു. സ്കൂളിലെ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്തിലെത്തിയ അനുഭവവും സൽമാൻ പങ്കുവെച്ചു.


കായിക അധ്യാപകനായ ജോഷി മാഷിൽ നിന്നും (ജോബി മൈക്കിൾ എം) പരിശീലനം നേടുന്ന സൽമാൻ, കായികരംഗത്ത് ജില്ലയുടെ ഭാവി വാഗ്ദാനമാണ് എന്ന കാര്യത്തിൽ സംശയമില്ല. കുട്ടികളും പ്രായമായവരും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്ത മാരത്തോൺ പാലപ്പിള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച്, സോഷ്യൽ മീഡിയയിൽ വൈറലായ പാലപ്പിള്ളി ഗ്രൗണ്ടിൽ വച്ചാണ് അവസാനിച്ചത്.

വരും ദിവസങ്ങളിൽ ജില്ലയിൽ ഗ്രീൻ അലർട്ട് ആയതിനാൽ തിങ്കളാഴ്ച അവധി പ്രഖ്യാപിക്കുന്നതിന് പരിമിതികൾ ഉണ്ടെന്നും, എന്നാൽ വരുന്ന ദിവസങ്ങളിൽ മഴ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം വന്നാൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച സൽമാന്റെ പേരിൽ ഡെഡിക്കേറ്റ് ചെയ്യാമെന്ന് ഉറപ്പു നൽകി കൊണ്ടാണ് മടങ്ങിയത്.

Full View


Full View

Tags:    
News Summary - thrissur Collector rain leave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.