തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്കും തിരികെയും എ.ഡി.ജി.പി എം.ആര്. അജിത്കുമാർ നടത്തിയ ട്രാക്ടർ യാത്രയെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ. രാജൻ. മലയാളത്തിൽ വകതിരിവ് എന്നൊരു വാക്കുണ്ടെന്നും അത് യൂനിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നതല്ലെന്നും ഓരോരുത്തരും ഉണ്ടാക്കിയെടുക്കേണ്ട ശീലമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പൂരം കലക്കലിൽ അജിത്കുമാറിന്റെ ഇടപെടൽ സംബന്ധിച്ച് അന്വേഷണ കമീഷന് മൊഴി നൽകിയിട്ടുണ്ട്. ആ മൊഴികളിൽ ഉറച്ചുനിൽക്കുന്നതായും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിനെക്കുറിച്ച് മാധ്യമവാർത്തകളല്ലാതെ കൂടുതലൊന്നും അറിയില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, എം.ആർ. അജിത്കുമാറിന്റെ ശബരിമല ട്രാക്ടർ യാത്രയിൽ ഡ്രൈവര്‍ക്കെതിരെ മാത്രമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ട്രാക്ടർ ഓടിച്ചത് അലക്ഷ്യമായാണെന്ന് കാട്ടിയാണ് പൊലീസ് സേനാംഗമായ ഡ്രൈവർക്കെതിരെ പമ്പ പൊലീസ് കേസെടുത്തത്. ജൂലൈ 12ന് രാത്രി പമ്പയിൽനിന്ന് ട്രാക്ടറിൽ മൂന്നുപേരെ കയറ്റിയെന്നും 13ന് ഉച്ചക്ക് ഒന്നിന് മരക്കൂട്ടത്തുനിന്ന് രണ്ടുപേരെ കയറ്റിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.
അലക്ഷ്യമായി ജനങ്ങൾക്ക് അപകടം ഉണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചെന്നും ഹൈകോടതി വിധി ലംഘിച്ച് ട്രാക്ടറിൽ ആളെ കയറ്റിയെന്നും പറയുന്ന എഫ്.ഐ.ആറിൽ ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. മോട്ടോർ വാഹന നിയമങ്ങൾ പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എന്നാൽ, എം.ആർ. അജിത്കുമാറിനെക്കുറിച്ച് എഫ്.ഐ.ആറിൽ പരാമർശമില്ല.
ട്രാക്ടർ പൊലീസിന്റെ ഉടമസ്ഥതയിലുള്ളതാണ്. സംസ്ഥാന പൊലീസ് മേധാവി ഉടമയായ ഇത് ഓടിക്കുന്നതും പൊലീസ് സേനാംഗമാണ്. സംഭവത്തില്‍ കേസെടുത്തതായി ബുധനാഴ്ച സര്‍ക്കാര്‍ ഹൈകോടതിയെയും അറിയിച്ചിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തി സ്വമേധയായാണ് കേസ്.
നവഗ്രഹ ക്ഷേത്രപ്രതിഷ്ഠ ചടങ്ങുകൾക്ക് കഴിഞ്ഞ ദിവസം ശബരിമല നട തുറന്നപ്പോഴായിരുന്നു നിയമം ലംഘിച്ച് എ.ഡി.ജി.പി എം.ആര്. അജിത്കുമാർ ട്രാക്ടർ യാത്ര നടത്തിയത്. ട്രാക്ടർ ചരക്കുനീക്കത്തിനുമാത്രമേ ഉപയോഗിക്കാവൂവെന്നായിരുന്നു ഹൈകോടതിയുടെ നിർദേശം. അജിത്കുമാർ ഇത് ലംഘിച്ചെന്ന് സ്പെഷൽ കമീഷണർ ഹൈകോടതിക്ക് റിപ്പോർട്ടും നൽകിയിരുന്നു.
ട്രാക്ടറിൽ കയറിയശേഷം ടാർപോളിൻ ഷീറ്റിട്ട് മറച്ചായിരുന്നു യാത്ര. ഇതിന്റെ ദൃശ്യങ്ങൾ ചില തീർഥാടകർ മൊബൈലിൽ പകർത്തിയിരുന്നു. ഇവർ ഇക്കാര്യം സ്പെഷൽ കമീഷണറെ അറിയിക്കുകയായിരുന്നു. ദൃശ്യങ്ങളും കൈമാറി. 12ന് രാത്രി സന്നിധാനത്തേക്ക് ദർശനത്തിനായി ട്രാക്ടറില്പോയ എം.ആര്. അജിത്കുമാര്‍ പിറ്റേന്ന് രാവിലെ തിരിച്ചിറങ്ങിയതും ഇതേ മാര്‍ഗം ഉപയോഗിച്ചായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.