കൊച്ചി: ദേശീയപാത മണ്ണുത്തി-ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്ക് കുറഞ്ഞതായി ദേശീയപാത അതോറിറ്റി ഹൈകോടതിയിൽ. ഒരാഴ്ചക്കകം ഗതാഗതം കൂടുതൽ മെച്ചപ്പെടുത്താനുള്ള നടപടി സ്വീകരിക്കും. സംസ്ഥാന സർക്കാറുമായി കൂടിയാലോചിച്ചാണ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത്. ടോൾ നിർത്തിവെക്കുന്നത് ഗതാഗതക്കുരുക്കിന് പരിഹാരമാർഗമല്ലെന്നും അറിയിച്ചു.
അതേസമയം, ഗതാഗതക്കുരുക്കടക്കം വിഷയങ്ങൾ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
ഗതാഗതക്കുരുക്കിന് പരിഹാരം തേടിയും പാലിയേക്കര ടോൾ നിർത്തണമെന്നുമാവശ്യപ്പെട്ടുള്ള ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ ഗതാഗതക്കുരുക്കിന് പരിഹാര നടപടിക്കായി അതോറിറ്റിക്ക് ഒരാഴ്ച സമയം അനുവദിച്ചിരുന്നു. നടപടിയെടുത്തില്ലെങ്കിൽ ടോൾ നിർത്തിവെക്കാൻ നിർദേശം നൽകേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, സമാനവിഷയത്തിലെ മറ്റൊരു ഹരജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവിനെത്തുടർന്ന് ചീഫ് സെക്രട്ടറി യോഗം വിളിച്ചിരുന്നതായി അതോറിറ്റി അറിയിച്ചു. ഈ യോഗത്തിലെ മിക്ക തീരുമാനങ്ങളും നടപ്പാക്കി. ഈ ആഴ്ച വീണ്ടും യോഗം ചേരുന്നുണ്ടെന്നും അറിയിച്ചു. തുടർന്നാണ് ഒരേ വിഷയത്തിൽ സമാന്തര നടപടികൾ നടക്കുന്നതിനാൽ പരിശോധനക്കായി ഹരജികൾ വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
കരാർപ്രകാരം നൽകേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താതെ ടോൾ വർധിപ്പിക്കുന്നതടക്കം ഹരജിക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.