നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് മനസിലാകുന്ന കാര്യങ്ങളെ ലോകത്തുള്ളൂ എന്നും പറഞ്ഞ കാര്യങ്ങൾ മനസിലായില്ലെങ്കിൽ അത് തുറന്നു പറയാൻ ഒരിക്കലും മടിക്കേണ്ടെന്നും അദീല അബ്ദുല്ല ഐ.എ.എസ്. ഒരു കാര്യം മനസിലായിട്ടില്ലെങ്കിൽ അതു തുറന്നു പറയുന്നത് കൊണ്ടും ഒന്നു കൂടി ലളിതമായി പറഞ്ഞുതരാൻ ആവശ്യപ്പെട്ടതുകൊണ്ടും ഒരു ഈഗോയും ഇടിഞ്ഞു വീഴില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. മനസിലാകാത്ത കാര്യങ്ങൾ ഒരിക്കലും സമ്മതിച്ചു കൊടുക്കേണ്ട ആവശ്യമില്ല. ആരും ബുദ്ധിയില്ലാത്തവരായി ജനിക്കുന്നില്ലെന്നും അവർ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
സിവിൽ സർവീസ് എന്നാൽ മാനേജ്മെന്റ് ആണല്ലോ. സ്വകാര്യ മേഖലയിൽ മാനേജ് ചെയ്യുന്നത് പോലെ സർക്കാർ വകുപ്പുകളെയും മാനേജ് ചെയ്യുക
പക്ഷെ, വ്യത്യാസമുണ്ട്. സ്വകാര്യ മേഖലയിൽ ചെയ്യുമ്പോൾ സ്ഥാപനത്തിന്റെ നിയമാവലിയും ചട്ടക്കൂടും നോക്കിയാൽ മതി. സർക്കാരിൽ അത് കുറച്ചു കൂടി കോംപ്ലിക്കേറ്റഡ് ആകും. നിയമങ്ങളും നിയമാവലിയും പലതാവും
എന്നാലും മാനേജ്മെന്റിൽ ചില പൊടിക്കൈകൾ എല്ലായിടത്തും ഒരുപോലെയാണ്.
ഉദാഹരണത്തിന്, പണ്ടൊരു പ്രസിദ്ധനായ സുപ്രീം കോടതി അഭിഭാഷകൻ (വലിയ കേമനായിരുന്നു പുള്ളി) എന്റെ ഒരു സീനിയറിനോട് പറഞ്ഞ കാര്യം അവരെപ്പോഴും പറയും.
ഇതാണ് കാര്യം:
"ഏത് വിഷയവും ഒരു നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കാൻ കഴിയുന്നത് മാത്രമേ ലോകത്ത് ഉള്ളൂ" എന്ന്. ആരെങ്കിലും നിങ്ങൾക്ക് മനസ്സിലാക്കി തരാതെ വീണ്ടും വീണ്ടും ജാർഗണുകൾ കുത്തിനിറച്ചു പറയുന്നുവെങ്കിൽ രണ്ടത്ഥമേ ഉള്ളൂ.
1. പറഞ്ഞു തരുന്ന ആൾക്ക് അത് മനസ്സിലായിട്ടില്ല
2.നിങ്ങൾക്ക് അത് മനസ്സിലാകണം എന്ന് അയാൾ ആഗ്രഹിക്കുന്നില്ല
അത് കൊണ്ട് നമുക്ക് മനസ്സിലാകാത്ത കാര്യം ഒരിക്കലും സമ്മതിച്ചു കൊടുക്കേണ്ട കാര്യമില്ല
അയാൾക്കല്ലെങ്കിൽ വേറെ ആർക്കെങ്കിലും നിങ്ങൾക്കത് മനസ്സിലാക്കി തരാൻ കഴിയും
നിങ്ങൾക്ക് ബുദ്ധി ഇല്ലെന്നും വിചാരിക്കണ്ട. അപകടത്തിൽപ്പെടാതെ റോഡ് മുറിച്ചു കടക്കാനുള്ള ബുദ്ധി പട്ടികൾക്ക് വരെ നല്ലോണമുണ്ട്; പൂച്ചയെ പറ്റിച്ചു ജീവിക്കാനുള്ള ബുദ്ധി എലികൾക്കും ഉണ്ട്
എല്ലാവരും ജീവിക്കാനുള്ള നല്ല മിടുക്കോടു കൂടി തന്നെയാണ് ജനിക്കുന്നത്, കാര്യങ്ങൾ പഠിക്കുന്നത്.
ബുദ്ധി ഉണ്ടെന്ന് വെച്ച് ജീവിക്കണോ, ബുദ്ധി ഇല്ലാത്തത് പോലെ ജീവിക്കണോ എന്നത് പിന്നെ നമ്മുടെ തീരുമാനമാണ്
അതുകൊണ്ട് ഏത് കാര്യവും ആരെങ്കിലും വിശദീകരിച്ചു തരുമ്പോൾ, മനസ്സിലാവാതെ വരികയാണെങ്കിൽ, വീണ്ടും വീണ്ടും ചോദിക്കുക.
ഒരു നാലാം ക്ലാസ് കുട്ടിയ്ക്ക് മനസ്സിലാകുന്ന കാര്യങ്ങളെ ഈ ലോകത്തുള്ളൂ എന്നത് ഓർക്കുക
ഇത് പറഞ്ഞ സോളിസിറ്റർ ജനറലിന്റെ പേര്
പറയുന്നില്ല. പുള്ളി പല കേസുകളിലും കോടതിയുടെ അമിക്കസ് ക്യൂരി ആയിരുന്നു. പല സങ്കീർണ്ണ കേസുകളും കൈകാര്യം ചെയ്തിട്ടുണ്ട്. എനിക്കിത് പറഞ്ഞു തന്ന സിവിൽ സെർവന്റും സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ചവരായിരുന്നു .
ഞാൻ ജീവിതത്തിൽ ഓരോ നിമിഷത്തിലും അത് ഓർക്കാറുണ്ട്.
ഒന്ന് പകർത്തി നോക്കിയേ...
അടുത്ത പ്രാവശ്യം ആരെങ്കിലും പറയുന്നത് തലയിൽ കയറിയില്ലെങ്കിൽ ഒട്ടും അമാന്തിക്കാതെ പറയുക:
"സോറി, എനിക്ക് മനസ്സിലായില്ല. ഒന്ന് കൂടി ലളിതമായി പറഞ്ഞു തരാമോ?"
അതുകൊണ്ട് ഒരു ഈഗോയും ഇടിഞ്ഞു വീഴില്ല. സംഗതി കൂടുതൽ മനസ്സിലാവുകയേ ഉള്ളു. അത്ര തന്നെ. (മലബാറിൽ നിന്ന് സിവിൽ സർവീസ് നേടിയ ആദ്യ മുസ്‍ലിം വനിതയാണ് അദീല അബ്ദുല്ല. നിത്യ ജീവിതവുമായി ബന്ധമുള്ള കുറിപ്പുകൾ അവർ ഫേസ്ബുക്കിൽ പങ്കുവെക്കാറുണ്ട്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.