കൊല്ലം: കൊല്ലം തേവലക്കരയിലെ എട്ടാംക്ലാസ് വിദ്യാർഥി മിഥുന്‍റെ മരണത്തെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി ഖേദം പ്രകടിപ്പിച്ചു. വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി തനിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ചു. പരാമര്‍ശം വേണ്ടിയിരുന്നില്ല. അങ്ങനെ പറയരുതായിരുന്നു. പെട്ടെന്ന് പറഞ്ഞപ്പോൾ വാക്കുകൾ മാറിപ്പോയതാണെന്നും ചിഞ്ചുറാണി മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിയുടെ അനുചിതമായ വാക്കുകളിൽ പാർട്ടിക്കുള്ളിലും അമർഷം പുകഞ്ഞതോടെയാണ് ഖേദപ്രകടനവുമായി രംഗത്തെത്തിയത്.
സ്വന്തം ജില്ലയില്‍ ഒരു വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചത് അറിഞ്ഞിട്ടും മന്ത്രി തൃപ്പൂണിത്തുറയില്‍ സി.പി.ഐ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന വനിതാ സമ്മേളനത്തില്‍ പങ്കെടുത്ത് സൂംബാ ഡാന്‍സ് കളിക്കുകയായിരുന്നു. ഇതേ വേദിയില്‍ മിഥുന്‍റെ മരണത്തെ ലഘൂകരിച്ച് സംസാരിച്ച മന്ത്രി അധ്യാപകരെ കുറ്റപ്പെടുത്താൻ ആവില്ലെന്നും പ്രസംഗിച്ചു. മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കള്‍ വിമര്‍ശനമുയര്‍ത്തി. പ്രതിഷേധം ശക്തമായതോടെ മന്ത്രി മിഥുന്റെ കുടുംബത്തെ കാണാനെത്തി. മന്ത്രിയുടെ വാക്കുകള്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്. ഇതു തണുപ്പിക്കാന്‍ കൂടിയാണ് ഇന്ന് തന്നെ മന്ത്രി മിഥുന്‍റെ വീട്ടിലെത്തിയത്.
അപകടത്തിൽ അധ്യാപകരെ കുറ്റം പറയാൻ പറ്റില്ലെന്നും സഹപാഠികൾ വിലക്കിയിട്ടും മിഥുൻ വലിഞ്ഞുകയറിയതാണ് അപകടത്തിന് കാരണമായതെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. “ചെരിപ്പ് എടുക്കാൻ പയ്യൻ ഷെഡിന് മുകളിൽ കയറിയപ്പോൾ ഉണ്ടായ അപകടമാണ്. കാലൊന്ന് തെന്നി, പെട്ടെന്ന് കയറിപ്പിടിച്ചത് വലിയ ലൈൻ കമ്പിയിലാണ്. അതിലൂടെയാണ് വൈദ്യുതി കടന്നുവന്നത്. ആ കുഞ്ഞ് അപ്പോഴേ മരിച്ചു. അതേതെങ്കിലും അധ്യാപകരുടെ കുഴപ്പമല്ല. നമ്മുടെ കുഞ്ഞുങ്ങൾ കളിച്ച് കളിച്ച് ഇതിന്‍റെയൊക്കെ മുകളിൽ ചെന്നു കയറുമ്പോൾ ഇത്രയും ആപൽക്കരമായിട്ടുള്ള സംഭവങ്ങൾ ഉണ്ടാകുമെന്ന് നമുക്കറിയുമോ. നമ്മളൊക്കെ അന്തിച്ചുപോകും. ഒരു കുഞ്ഞ് രാവിലെ സ്കൂളിൽ ഒരുങ്ങിപ്പോയ കുഞ്ഞാണ്. ആ കുഞ്ഞ് മരിച്ച് തിരിച്ചുവരുന്ന അവസ്ഥ. അധ്യാപകരെ നമുക്ക് കുറ്റം പറയാൻ പറ്റില്ല. അവിടെ കയറരുതെന്ന് സഹപാഠികൾ പറഞ്ഞിട്ട് പോലും അവനവിടെ വലിഞ്ഞുകയറി എന്നുള്ളതാണ് നമുക്ക് അറിയാൻ കഴിഞ്ഞത്. അങ്ങനെയുള്ള എത്ര സംഭവങ്ങളാണ് നടക്കുന്നത്” -എന്നിങ്ങനെയായിരുന്നു മന്ത്രി പ്രസംഗത്തിൽ പറഞ്ഞത്.
വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ കൊല്ലം തേവലക്കര കോവൂര്‍ ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചത്. വലിയപാടം മിഥുന്‍ ഭവനില്‍ മനോജിന്റെ മകനാണ് മിഥുൻ (13). ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ കളിച്ചുകൊണ്ട് നിൽക്കെ സ്കൂൾ സൈക്കിള്‍ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴാണ് അപകടം. ചെരുപ്പ് എടുക്കാന്‍ മതിൽ വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍നിന്നും ഷോക്കേൽക്കുകയായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.