നടൻ ഹരീഷ് പേരടി, നിമിഷപ്രിയ, ശ്രീജിത്ത് പണിക്കർ
കോഴിക്കോട്: യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കണമെന്ന് വാദിക്കുന്ന 'സംഘ്പരിവാർ സഹയാത്രികൻ' ശ്രീജിത്ത് പണിക്കർക്കെതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത്ര നടൻ ഹരീഷ് പേരടി.
ഇത്രയും പക എന്തിനാണ് മനസ്സിൽ സൂക്ഷിക്കുന്നതെന്ന് ചോദിച്ച ഹരീഷ്, നിമിഷപ്രിയ കൊല്ലപ്പെടുകയാണെങ്കിൽ അവളുടെ ഒരു മാംസ കഷണം ഇരയുടെകുടുംബത്തിന്റെ സഹായത്തോടെ ശ്രീജിത്ത് നേടിയെടുക്കണമെന്നും എന്നിട്ട് പുഴുങ്ങി തിന്നണമെന്നും കൊന്നാൽ പാപം തിന്നാൽ തീരുമെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
'ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാരാണ്' എന്നാണ് നാം ചൊല്ലിപഠിച്ചതെന്നും നമ്മുടെ സഹോദരിക്ക് ഒരു തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പോലും അതിനുപകരമായി അവളുടെ ജീവൻ എടുക്കും എന്ന ഘട്ടത്തിൽ എല്ലാ മാനാഭിമാനങ്ങളും മാറ്റിവച്ച് ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഒരു സമൂഹം ഒന്നിച്ച് മാപ്പിരക്കുമ്പോൾ എന്തിനാണ് നെല്ലും പതിരും വേർതിരിച്ച് അവരെ കൊലക്ക് കൊടുക്കുന്നതെന്നും ഹരീഷ് ചോദിച്ചു.
യമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ മലയാളികൾ ആവുംവിധം അവസാന ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് അവർ കൊല്ലപ്പെടേണ്ടയാളാണ് എന്ന് ശ്രീജിത് സമൂഹമാധ്യമങ്ങളിലൂടെ വാദിക്കുന്നത്.
മിഷ ചെയ്തത് ചെറിയതെറ്റല്ലെന്നും സ്വന്തം രാജ്യത്തിന്റെ നിയമപ്രകാരവും അന്താരാഷ്ട്ര നിയമപ്രകാരവും ചെയ്തത് തെറ്റല്ലെന്ന് തെളിഞ്ഞിട്ടും ഇന്ത്യന്‍ കോടതികളുടെയും അന്താരാഷ്ട്ര കോടതിയുടെയും സംരക്ഷണം ഉണ്ടായിട്ടും ഇറ്റാലിയന്‍ നാവികരെ അവരുടെ നാട്ടിലേക്ക് വിട്ടയതിനെ എതിര്‍ത്തവരാണ് ഇക്കാര്യത്തില്‍ നിമിഷപ്രിയയെ രക്ഷിക്കണമെന്ന് വാദിക്കുന്നതെന്നാണ് ശ്രീജിത്ത് പണിക്കര്‍ പറയുന്നത്.
"ഇന്ത്യ എൻ്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരി സഹോദരൻമാരാണ്"..പ്രിയപ്പെട്ട ശ്രീജിത്ത് നമ്മൾ ചൊല്ലി പഠിച്ച പ്രതിഞ്ജയുടെ ആദ്യഭാഗമാണ്...അപ്പോൾ നിമിഷ പ്രിയ എനിക്കും നിങ്ങൾക്കും നമുക്ക് എല്ലാവർക്കും ആരാണെന്ന് മനസ്സിലാക്കാൻ ഇതിലും കൂടുതൽ തെളിവുകൾ വേണ്ടല്ലോ...നമ്മുടെ സഹോദരിക്ക് ഒരു തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പോലും അതിനുപകരമായി അവളുടെ ജീവൻ എടുക്കും എന്ന ഘട്ടത്തിൽ ഇരയുടെ കുടുംബത്തിനോട് എല്ലാ മാനാഭിമാനങ്ങളും മാറ്റിവച്ച് ജാതി,മത,രാഷ്ട്രിയ ഭേദമന്യേ ഒരു സമൂഹം ഒന്നിച്ച് മാപ്പിരന്ന് അവളുടെ ജീവൻ തിരിച്ചുപിടിക്കാൻ പെടാപാട് പ്പെടുമ്പോൾ നിങ്ങൾ എന്തിനാണ് നിയമത്തിൻ്റെ നെല്ലും പതിരും വേർത്തിരിച്ച് അവളെ കൊലക്ക് കൊടുക്കുന്നത്...ഇത്രയും പക എന്തിനാണ് മനസ്സിൽ സൂക്ഷിക്കുന്നത്?..നിമിഷപ്രിയയുടെ ജീവനായി ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് ശ്രിജിത്തിനോട് പറയുന്നു...ഇനി അവൾ കൊല്ലപ്പെടുകയാണെങ്കിൽ അവളുടെ ഒരു മാംസ കഷണം ഇരയുടെകുടുംബത്തിൻ്റെ സഹായത്തോടെ നിങ്ങൾ നേടിയെടുക്കണം...എന്നിട്ട് പുഴുങ്ങി തിന്നണം.."കൊന്നാൽ പാപം തിന്നാൽ തീരുമെന്ന്" നമുടെ പൂർവ്വികർ പറഞ്ഞിട്ടുണ്ട്.."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.