തിരുവനന്തപുരം: സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതോടെ ചേരിപ്പോര് രൂക്ഷമായ ബി.ജെ.പിയിൽ സ്ഥാനങ്ങൾ ലഭിക്കാത്ത നേതാക്കൾക്ക് പ്രതീക്ഷ ദേശീയ പുനഃസംഘടനയിൽ. തഴയപ്പെട്ട പലരും അതൃപ്തി പരസ്യമാക്കാതെ മൗനം പാലിക്കുന്നത് ദേശീയ നിർവാഹക സമിതിയിലും ഭാരവാഹിത്വത്തിലും പരിഗണന കിട്ടുമെന്ന വിശ്വാസത്തിലാണ്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദേശീയ നിർവാഹക സമിതിയിലെ ‘കേരള ക്വാട്ട’ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടതിനെയും ഇവർ പ്രതീക്ഷയോടെയാണ് കാണുന്നത്.
അടുത്തിടെ പാർട്ടിയിലെത്തിയ റിട്ട. ഡി.ജി.പി ആർ. ശ്രീലേഖ, പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ് എന്നിവരെയടക്കം സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിച്ചത് കാലങ്ങളായി നല്ലനിലയിൽ ചുമതലകൾ നിർവഹിക്കുന്ന പലരെയും വെട്ടിയായിരുന്നു. ഇങ്ങനെ സ്ഥാനമാനങ്ങൾ നഷ്ടമായവരാണ് അതൃപ്തി പുറത്തുകാണിക്കാതെ ദേശീയ പുനഃസംഘടനക്കായി അനുസരണയോടെ കാത്തിരിക്കുന്നത്. മാത്രമല്ല കോൺഗ്രസിൽ നിന്ന് പാർട്ടിയിലെത്തിയ പത്മജ വേണുഗോപാലും കടുത്ത നിരാശയിലാണ്. സംഘടനക്ക് പുറത്തുള്ള പദവിയാണ് താൽപര്യമെന്ന് നേരത്തെ നേതൃത്വത്തെ അറിയിച്ച പത്മജക്ക് ഡൽഹി ലഫ്റ്റനന്റ് ഗവർണർ പദവി, പി.എസ്. ശ്രീധരൻപിള്ളക്കു ശേഷം ഗോവ ഗവർണർ പദവി തുടങ്ങിയവയിലൊന്ന് ലഭിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
എന്നാൽ ശ്രീധരൻപിള്ളക്കു പിന്നാലെ മുൻ സിവിൽ വ്യോമയാന മന്ത്രി പശുപതി ഗജപതി രാജുവിനെയണ് കേന്ദ്രം ഗോവ ഗവർണറാക്കിയത്. ഇതോടെ അനിൽ ആന്റണിയെ പോലെ ദേശീയ സെക്രട്ടറി പദവിയെങ്കിലും വേണമെന്ന നിലപാടിലാണിപ്പോൾ പത്മജ. മുൻ സംസ്ഥാന പ്രസിഡന്റുമാരിൽ മുൻ കേന്ദ്ര മന്ത്രിയും ആന്ധ്ര പ്രഭാരിയുമായ വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ എന്നിവരും ദേശീയ ഭാരവാഹിത്വം പ്രതീക്ഷിക്കുന്നവരാണ്. ഭാരവാഹിത്വമില്ലെങ്കിൽ കേന്ദ്ര സഹമന്ത്രി സ്ഥാനമാണ് സുരേന്ദ്രന്റെ താൽപര്യം. എന്നാൽ ഒമ്പത് മാസത്തിനകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇത്തരമൊരു നീക്കമുണ്ടാവില്ലെന്നാണ് പാർട്ടിയിലെ തന്നെ ചിലർ നൽകുന്ന സൂചന. സുരേന്ദ്രനെ തഴഞ്ഞാൽ പൊട്ടിത്തെറി ഉറപ്പാണ് എന്നതിനാൽ ദേശീയ ഭാരവാഹിത്വം നൽകിയാവും പ്രശ്നം പരിഹരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.