ഇന്ത്യയിലെ ഏക വാലില്ലാകുരങ്ങ് ഇനം, വെസ്റ്റേണ്‍ ഹൂലോക്ക് ഗിബ്ബണിനെ സംരക്ഷിക്കാൻ ത്രിപുര

ഇന്ത്യയില്‍ കാണപ്പെടുന്ന ഏക വാലില്ലാ കുരങ്ങ് ഇനമാണ് വെസ്റ്റേണ്‍ ഹൂലോക്ക് ഗിബ്ബൺ. വടക്കുകിഴക്കൻ ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. ആൺ ഗിബ്ബണുകൾക്ക് കറുത്ത നിറവും, പെൺ ഗിബ്ബണുകൾക്ക് ഇളം തവിട്ടുനിറവുമാണ്. ഇരുവർക്കും പുരികത്തിന് മുകളിലായി ഒരു വെളുത്ത വരയുണ്ട്. ഇതാണ് ഇവരെ തിരിച്ചറിയാനുള്ള പ്രധാന അടയാളം. നിത്യഹരിത വനങ്ങളിലും, ഇലപൊഴിയും കാടുകളിലും, ഉഷ്ണമേഖലാ മലയോര വനങ്ങളിലുമെല്ലാം ഇവയെ കാണാൻ സാധിക്കും. മരങ്ങളുടെ മുകളിലാണ് ഇവയുടെ ജീവിതം. ഇവരിപ്പോൾ വംശനാശ ഭീഷണിയിലാണ്.

ആവാസവ്യവസ്ഥയുടെ നാശം,ഭക്ഷണത്തിനും പരമ്പരാഗത മരുന്നുകൾക്കും വേണ്ടിയുള്ള വേട്ട, വന നശീകരണം, മനുഷ്യനുമായുള്ള സംഘർഷങ്ങൾ ഇവയൊക്കെ ഇവരുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നുണ്ട്. റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിഭാഗത്തിൽ വെസ്റ്റേൺ ഹൂലോക്ക് ഗിബ്ബൺ ഉണ്ട്. ഇപ്പോഴിതാ ഇവയെ സംരക്ഷിക്കാൻ കര്‍മപദ്ധതിയുമായി ത്രിപുര എത്തിയിരിക്കുകയാണ്. ആള്‍ക്കുരങ്ങുകളുടെ എണ്ണം കുറയുന്നതടക്കം പഠിക്കാന്‍ ത്രിപുര വനംവകുപ്പ് ത്രിപുര സര്‍വകലാശാല, വന്യജീവി സംരക്ഷണ സംഘടനയായ ആരണ്യക് എന്നിവയുമായി കൈകോര്‍ത്തിരിട്ടുണ്ട്.

ഗിബ്ബണുകളുടെ എണ്ണം നിരീക്ഷിക്കുന്നതും നശിച്ച വന ആവാസവ്യവസ്ഥകള്‍ പുനഃസ്ഥാപിക്കുന്നതും കര്‍മപദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. രാജ്യത്ത് ശേഷിക്കുന്ന വെസ്റ്റേണ്‍ ഹൂലോക്ക് ഗിബ്ബണുകളുടെ പ്രധാന ആവാസവ്യവസ്ഥകളിലൊന്ന് കൂടിയാണ് ത്രിപുര. തെക്കന്‍ ത്രിപുരയിലെ തൃഷ്ണ വന്യജീവി സങ്കേതത്തിലും ഗോമതി, ഘോവായി ജില്ലകളിലെ കാടുകളിലുമാണ് പ്രധാനമായും വെസ്റ്റേണ്‍ ഹൂലോക്ക് ഗിബ്ബണുകള്‍ വസിക്കുന്നത്. അമര്‍പുര്‍ സബ് ഡിവിഷനില്‍ ഗിബ്ബണുകളെ കണ്ടിട്ടുണ്ടെങ്കിലും ഇവയുടെ എണ്ണത്തേപ്പറ്റി കൃത്യമായ ധാരണകളില്ല.

പകൽ സമയത്ത് സജീവമായ ഗിബ്ബണുകൾ തങ്ങളുടെ പ്രദേശത്തിന്മേൽ വലിയ അവകാശം സ്ഥാപിക്കാറുണ്ട്. ഉറക്കെയുള്ള ശബ്ദങ്ങളിലൂടെയാണ് ഇവർ ആശയവിനിമയം നടത്തുന്നത്. പ്രധാനമായും പഴങ്ങൾ, ഇലകൾ, പൂക്കൾ, ചിതലുകൾ, മറ്റ് ചെറു പ്രാണികൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, ത്രിപുര, മേഘാലയ, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളിലെ വനങ്ങളിലാണ് വെസ്റ്റേൺ ഹൂലോക്ക് ഗിബ്ബണുകളെ കാണപ്പെടുന്നത്. അസമിലെ ഹോളോങ്ഗാപാർ ഗിബ്ബൺ വന്യജീവി സങ്കേതം ഇവയുടെ സംരക്ഷണത്തിനായി ഒരു പ്രധാന കേന്ദ്രമാണ്. സംരക്ഷണപ്പട്ടികയില്‍ ഉയര്‍ന്ന സ്ഥാനമുണ്ടെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവയുടെ എണ്ണം കുറയുന്ന സാഹചര്യമാണ് നിലവിലുളളത്. വനവിസ്തൃതി കുറയുന്നതും ഇവയുടെ നിലനിൽപ്പിനെ ബാധിച്ചിട്ടുണ്ട്.

Tags:    
News Summary - India’s only ape species faces a survival threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.