‘ഭൂമിയില്ല, വീടില്ല, ഭാവിയില്ല’: അണക്കെട്ടുകളെ ഭയക്കുന്ന ഹിമാലയൻ ലെപ്ചകൾ

2023 ഒക്ടോബറിൽ ഒരു ഹിമാനിയൻ തടാകത്തിൽനിന്നും പൊട്ടിപ്പുറപ്പെട്ട പ്രളയത്തിൽ സിക്കിമിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ടായ ‘ടീസ്റ്റ 3’ ഒലിച്ചുപോയി. 50 ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

ഒരു മലയിടുക്കിലൂടെ ഒഴുകുന്ന ടീസ്റ്റ നദിക്കു തൊട്ടു മുകളിലായി സ്ഥിതി ചെയ്യുന്ന നാഗ, ഇന്ത്യയിലെ വടക്കുകിഴക്കൻ ഹിമാലയൻ സംസ്ഥാനമായ സിക്കിമിലെ ഒരു വിദൂര ഗ്രാമമാണ്. നൂറ്റാണ്ടുകളായി തദ്ദേശീയരായ ലെപ്ച ജനതയുടെ ആവാസ കേന്ദ്രമാണിത്.

നാഗയിലെ വീടുകളെ പിടിച്ചുകുലുക്കിയ ഭൂകമ്പ സമാനമായ പൊട്ടിത്തെറിയിൽ ആ അർധരാത്രിയിൽ താഷി ചോഡെൻ ലെപ്ച ഞെട്ടിയുണർന്നു. ‘ഒരു ഭൂകമ്പം പോലെ തോന്നി’ അഞ്ച് കുട്ടികളുടെ അമ്മയായ 51 വയസ്സുള്ള അവർ 2023 ഒക്ടോബർ 4ലെ സംഭവങ്ങളെക്കുറിച്ച് പറയുന്നു. വീട് മുഴുവൻ കുലുങ്ങുകയായിരുന്നു. കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. വൈദ്യുതി ഇല്ലായിരുന്നു. ഞങ്ങൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല.’

കനത്ത ഇരുട്ടിലും ആ രാത്രിയിലെ കനത്ത മഴയിലും ലെപ്ച സ്ത്രീ തന്റെ 13ഉം 10ഉം 5ഉം വയസ്സുള്ള മൂന്ന് കുട്ടികളെ വിളിച്ചുണർത്തി. ഭർത്താവിനൊപ്പം പരിഭ്രാന്തരായി വീടിന് പുറത്തേക്ക് ഓടി. കുറച്ച് അയൽക്കാരോടൊപ്പം അവർ ഉയർന്ന പ്രദേശങ്ങളിൽ സുരക്ഷിതമായ ഒരു സ്ഥലം അന്വേഷിച്ചു. അപ്പോഴാണ് ചെളിയുടെയും വെടിമരുന്നിന്റെയും ഗന്ധം അവർ ശ്രദ്ധിച്ചത്.

നിമിഷങ്ങൾക്കുശേഷം ഭയാനകമായ ശക്തിയോടെ സുനാമി പോലുള്ള ഒരു വലിയ തിരമാല താഴേക്ക് വന്നു. ആ സമയത്ത് അവർ അത് അറിഞ്ഞിരുന്നില്ല. മുകളിലെ ഒരു മഞ്ഞുതടാകം പൊട്ടിത്തെറിച്ചുണ്ടായ വെള്ളപ്പൊക്കം ആ പ്രദേശത്തെ വിഴുങ്ങുകയായിരുന്നു. വടക്കൻ സിക്കിമിലെ ടീസ്റ്റ തടത്തിൽ ഉയരത്തിലുള്ള ഒരു ഹിമ തടാകമായ സൗത്ത് ലോനാക്കിലേക്ക് പെട്ടെന്ന് ഹിമപാതമുണ്ടായതാണ് ഇതിന് കാരണം.

ആഘാതം തടാകത്തിന്റെ മതിൽ തകർത്ത് 50 ദശലക്ഷം ക്യുബിക് മീറ്ററിലധികം വെള്ളം പുറത്തേക്ക് തള്ളി. കിഴക്കൻ ഹിമാലയത്തിൽ ഉത്ഭവിക്കുന്നതും സിക്കിമിലെ ഏറ്റവും വലിയ നദിയായ ടീസ്റ്റ നദിയിലെ ചുങ്‌താങ്ങിൽ സ്ഥിതി ചെയ്യുന്നതുമായ സിക്കിമിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയമായ 1,200 മെഗാവാട്ട് ടീസ്റ്റ3 അണക്കെട്ട് ആ വെള്ളപ്പാച്ചിലിൽ തകർന്നു. അണക്കെട്ട് തകർന്നതിനെത്തുടർന്ന് അഞ്ച് ദശലക്ഷം ക്യുബിക് മീറ്റർ (2,000 ഒളിമ്പിക് നീന്തൽക്കുളങ്ങൾക്ക് തുല്യം) വെള്ളം പുറത്തുവന്നു.

അതീവ ശക്തിയേറിയ ഒഴുക്കിൽ ഏകദേശം 270 ദശലക്ഷം ഘനമീറ്റലെ ​നിർമിതികളും വസ്തുക്കളും ഒഴുകിപ്പോയി. ഇത് സിക്കിം, പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങൾ, ടീസ്റ്റ ഒഴുകുന്ന ബംഗ്ലാദേശ് എന്നിവിടങ്ങളിൽ വ്യാപകമായ നാശത്തിന് കാരണമായി.

കുറഞ്ഞത് 55 പേർ മരിച്ചു. 74 പേരെ കാണാതായി. 7025ൽ അധികം പേർക്ക് വീട് നഷ്ടപ്പെട്ടു. വെള്ളപ്പൊക്കത്തിൽ 26,000റോളം കെട്ടിടങ്ങൾ തകർന്നു. 31 പാലങ്ങളും. 270 ചതുരശ്ര കിലോമീറ്ററിലധികം കൃഷിഭൂമി വെള്ളത്തിനടിയിലായി. 45 മണ്ണിടിച്ചിലിനും നാല് അണക്കെട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ദേശീയ പാത 10 ന്റെ ദീർഘിച്ച ഭാഗങ്ങൾ നശിച്ചു.

ബലുതാറിലെ ഡിക്കുവിനടുത്തുള്ള മറ്റൊരു ജലവൈദ്യുത അണക്കെട്ടായ ടീസ്റ്റ3 ഉം ടീസ്റ്റ5 ഉം വെള്ളപ്പൊക്കത്തിൽ സാരമായി തകർന്നതിനാൽ അടച്ചിട്ടിരിക്കുകയാണ്. അറ്റകുറ്റപ്പണികൾ തുടരുകയാണ്. പക്ഷേ രണ്ട് അണക്കെട്ടുകളിൽ നിന്നും രണ്ട് വർത്തോളമായി വൈദ്യുതി ഉൽപാദിപ്പിച്ചിട്ടില്ല. ഈ നാശത്തിന്റെ വ്യാപ്തി സമീപ ദശകങ്ങളിൽ ഹിമാലയത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വിനാശകരമായ വെള്ളപ്പൊക്ക ദുരന്തങ്ങളിലൊന്നായി ഇതിനെ മാറ്റുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

 ഇന്ന്, സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിൽ നിന്ന് ഏകദേശം 73 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നാഗ ഗ്രാമം തുടർച്ചയായ മണ്ണിടിച്ചിൽ കാരണം വിജനമാണ്. വീടുകൾ വിണ്ടുകീറിയിരിക്കുന്നു. പലതും തകർന്നിരിക്കുന്നു. പലതും താഴെ ഒഴുകുന്ന നദിയിലേക്ക് ചാഞ്ഞിരിക്കുന്നു. ഗ്രാമത്തിലൂടെ കടന്നുപോകുന്ന പ്രധാന ദേശീയ പാത നീണ്ടതും ആഴത്തിലുള്ളതുമായ വിള്ളലുകൾ കൊണ്ട് നശിച്ചിരിക്കുന്നു.

ഇപ്പോൾ അനിശ്ചിതത്വത്തിന്റെ ഭാവി നേരിടുന്നു ഈ ഗ്രാമം. മണ്ണിടിച്ചിലിൽ തകർന്ന ലെപ്‌ചയുടെ കുടുംബത്തിന് അവരുടെ രണ്ട് വീടുകളും നഷ്ടപ്പെട്ടു. അവരും മറ്റ് 19 കുടുംബങ്ങളും ഇപ്പോൾ വീട്ടിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയുള്ള സിംഗിക്കിലെ ഒരു സർക്കാർ ടൂറിസ്റ്റ് ലോഡ്ജിൽ താൽക്കാലികമായി താമസിക്കുന്നു.

Tags:    
News Summary - ‘No land, no home, no future’: Himalayan Lepchas fear new dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.