ന്യൂഡൽഹി: മധ്യ ബംഗ്ലാദേശിൽ സജീവമായ മൺസൂൺ ട്രാഫും ചുഴലിക്കാറ്റും കാരണം പശ്ചിമ ബംഗാളിലെ ഹിമാലയത്തിന് താഴെയുള്ള ഭാഗങ്ങളിലും ചില തെക്കൻ ജില്ലകളിലും കനത്ത മഴ പെയ്യുമെന്ന് ഐ.എം.ഡി മുന്നറിയിപ്പ് നൽകി. ഹിമാലയൻ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ കഴിഞ്ഞ ദിവസം ഉണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിലും കൂടിയാണ് മുന്നറിയിപ്പ്.
ഡാർജിലിംഗ്, കലിംപോങ്, ജൽപൈഗുരി, അലിപുർദുവാർ, കൂച്ച് ബിഹാർ എന്നീ ഉപ ഹിമാലയൻ ജില്ലകളിൽ ഈ മാസം 12 വരെ കനത്ത മഴക്ക് സാധ്യതയുണ്ട്. ആഗസ്റ്റ് 11ന് ഒന്നോ രണ്ടോ സ്ഥലങ്ങളിൽ വളരെ ശക്തമായ മഴ പെയ്യുമെന്നും ബുള്ളറ്റിനിൽ പറയുന്നു.
അലിപുർദുവാറിലെ ഗോപാൽപൂർ തേയിലത്തോട്ടത്തിലും ജൽപൈഗുരി ജില്ലയിലെ ദാംഡിം തേയിലത്തോട്ടത്തിലും കഴിഞ്ഞ ദിവസങ്ങളിൽ 100 മില്ലീമീറ്റർ വീതം മഴ ലഭിച്ചു. ഇത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കാണെന്നും കൂച്ച് ബിഹാറിലെ സങ്കോഷിൽ 80 മില്ലീമീറ്റർ മഴ രേഖപ്പെടുത്തിയതായും കൂട്ടിച്ചേർത്തു.
കൂച്ച് ബിഹാർ, ഉത്തർ ദിനാജ്പൂർ, മാൾഡ എന്നീ വടക്കൻ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ സാധ്യത എന്നിവ പ്രവചിക്കപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ട്, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം, ദൃശ്യപരത കുറയൽ എന്നിവയെക്കുറിച്ചും ഐ.എം.ഡി മുന്നറിയിപ്പ് നൽകി.
ദക്ഷിണ ബംഗാൾ, കൊൽക്കത്ത, ഹൗറ, ഹൂഗ്ലി, നാദിയ ജില്ലകളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇവിടെ ശക്തമായ കാറ്റും ഇടിമിന്നലും പ്രവചിച്ചിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങൾ ഒഴിവാക്കാനും ജലാശയങ്ങളുമായി സമ്പർക്കം പുലർത്താതിരിക്കാനും ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.