കുവൈത്ത് സിറ്റി: സന്ദർശകരെ ആകർഷിക്കലും പ്രവേശന നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെയും ഭാഗമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ വിസ ചട്ടക്കൂട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സന്ദർശകർക്ക് ടൂറിസ്റ്റ് വിസകൾ ലഭ്യമാക്കുന്നതിനുള്ള നടപടി പരിഷ്കരിച്ചു.
അപേക്ഷകർക്കായി കുവൈത്ത് വിസ പ്ലാറ്റ്ഫോമും ആരംഭിച്ചിട്ടുണ്ട്. ഇതുവഴി അപേക്ഷകർക്ക് റെസിഡൻസി അഫയേഴ്സ് വകുപ്പുകൾ സന്ദർശിക്കാതെ ഓൺലൈനായി വിസ നേടാം. വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിങ്ങനെ ഇത് ലഭ്യമാണ്. ടൂറിസ്റ്റ്, കുടുംബ സന്ദർശനം, സർക്കാർ സന്ദർശനം, ബിസിനസ് വിസകൾ എന്നിങ്ങനെ നാല് തരം വിസകൾ ഇതു വഴി വാഗ്ദാനം ചെയ്യുന്നു. സന്ദർശകർ കുവൈത്ത് ദേശീയ വിമാനങ്ങളെ ആശ്രയിക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ജി.സി.സി പ്രവാസികൾക്ക് കുവൈത്തിലേക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസയും നിലവിൽ വന്നിട്ടുണ്ട്. പ്രവാസികൾക്ക് കുടുംബ സന്ദർശക വിസയിലും ഇളവ് വരുത്തിയിട്ടുണ്ട്.
നാലു വിഭാഗമായി ടൂറിസ്റ്റ് വിസകളെ തരം തിരിച്ചിട്ടുണ്ട്.
ഒന്നാം വിഭാഗം: ശക്തമായ പാസ്പോർട്ടും മികച്ച സാമ്പത്തിക ശേഷിയുമുള്ള രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഈ വിസ ലഭിക്കുക. വിവിധതരം വിസ ഓപ്ഷനുകൾ ഈ വിഭാഗത്തിൽ ലഭ്യമാണ്.
രണ്ടാം വിഭാഗം: ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും പ്രഫഷണൽ യോഗ്യതകളുള്ള പ്രവാസികൾക്കും ഈ വിസക്ക് അർഹതയുണ്ട്. കൂടാതെ, അമേരിക്ക, യു.കെ, ഷെങ്കൻ വിസകളോ ഗൾഫ് രാജ്യങ്ങളിലെ റെസിഡൻസ് പെർമിറ്റുകളോ ഉള്ളവർക്കും ഈ വിഭാഗത്തിൽ വിസ ലഭിക്കും.
മൂന്നാം വിഭാഗം: സാമ്പത്തിക ഭദ്രതയുടെ തെളിവുകളും ആവശ്യമായ മറ്റ് രേഖകളും സമർപ്പിക്കാൻ കഴിയുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്കായി ഈ വിഭാഗം ഉടൻ ആരംഭിക്കും.
നാലാം വിഭാഗം: കുവൈത്തിൽ നടക്കുന്ന പ്രത്യേക പരിപാടികളിലും മറ്റ് പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ വരുന്ന സന്ദർശകർക്ക് വേണ്ടിയുള്ളതാണ് ഈ വിസ. ഓരോ പരിപാടിയുടെയും സ്വഭാവമനുസരിച്ച് വ്യവസ്ഥകൾ ബാധകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.