ഗസ്സയിലേക്കുള്ള സഹായ വസ്തുക്കൾ വിമാനത്തിൽ കയറ്റുന്നു
കുവൈത്ത് സിറ്റി: ഗസ്സയിലേക്ക് കുവൈത്തിന്റെ മാനുഷിക സഹായം തുടരുന്നു. 10 ടൺ ദുരിതാശ്വാസ സഹായവുമായി ചൊവ്വാഴ്ച കുവൈത്തിന്റെ രണ്ടാമത്തെ വിമാനം ജോർഡനിലെത്തി. അത്യാവശ്യ വസ്തുക്കൾ സഹായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോർഡനിൽ നിന്ന് ഗസ്സയിലേക്ക് സഹായം എത്തിക്കുന്നത് ഉറപ്പാക്കാൻ ജോർഡനിലെ കുവൈത്ത് എംബസിയുമായി ഏകോപനം നടത്തിവരുന്നതായി കെ.ആർ.സി.എസ് ചെയർമാൻ ഖാലിദ് അൽ മഗാമിസ് പറഞ്ഞു. ദുരിതാശ്വാസ സഹായ കാമ്പയിന് സംഭാവന നൽകിയ എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. കുവൈത്ത് ഭരണ നേതൃത്വവും ജനങ്ങളും എപ്പോഴും ഫലസ്തീൻ ജനതക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗസ്സക്കുള്ള ആദ്യഘട്ട സഹായമായി കുവൈത്ത് ഞായറാഴ്ച 10 ടൺ ഭക്ഷ്യവസ്തുക്കൾ അയച്ചിരുന്നു. ഈജിപ്തിലെ അൽ അരിഷിലെത്തിച്ച സഹായ വസ്തുക്കൾ ഇവിടെ നിന്ന് ഗസ്സയിലെത്തിക്കും. സാമൂഹികകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെയും വ്യോമസേനയുടെയും സഹകരണത്തിൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ആണ് സഹായകൈമാറ്റം ഏകോപിപ്പിക്കുന്നത്. ഗസ്സയിലേക്ക് സഹായം സുരക്ഷിതമായി എത്തുന്നത് ഉറപ്പാക്കാൻ ഈജിപ്ത്, ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റികളുമായി കെ.ആർ.സി.എസ് ഏകോപനം നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ അയക്കുന്നതിനായി ക്രമീകരണങ്ങൾ നടന്നുവരികയാണ്.
ഗസ്സക്ക് സഹായം എത്തിക്കുന്നതിനായി നേരത്തെ കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം ആരംഭിച്ച മൂന്നു ദിവസത്തെ രാജ്യവ്യാപക സംഭാവന കാമ്പയിനിൽ 11.5 മില്യൺ ദീനാർ സമാഹരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.