എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ബ്ലൈൻഡ് ടേബിൾ ടെന്നിസിൽനിന്ന്
ദോഹ: 'ടേബിൾ ടെന്നിസ് വളരെ രസകരമാണ്. കാണാൻ കഴിയാത്തതുകൊണ്ട് ഞങ്ങൾ കേൾക്കുന്നു, -അതിനാൽ ശബ്ദത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കളിക്കുന്നത്' - എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ബ്ലൈൻഡ് ടേബിൾ ടെന്നിസിൽ പങ്കെടുത്ത അമൽ ആദം പറഞ്ഞു. ഖത്തർ ഫൗണ്ടേഷന്റെ ലേഡീസ് നൈറ്റിനോടനുബന്ധിച്ചാണ് കാഴ്ചയില്ലാത്തവർക്കായി ഖത്തർ കൾചറൽ സെന്റർ ബ്ലൈൻഡ് ടേബിൾ ടെന്നിസ് നടത്തിയത്.
ഖത്തർ ഫൗണ്ടേഷന്റെ ലേഡീസ് നൈറ്റിൽ സ്ത്രീകൾക്കും ആറു വയസ്സിനു മുകളിലുള്ള പെൺകുട്ടികൾക്കും കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനും വിവിധ സൗജന്യ ഫിറ്റ്നസ് ക്ലാസുകളിലൂടെയും ആക്ടിവിറ്റികളിലൂടെയും മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിനും അവസരം ഒരുക്കുന്നുണ്ട്. കായികരംഗത്ത് വനിതകളെ പിന്തുണക്കുന്നതിൽ ഖത്തർ ഫൗണ്ടേഷൻ ഒരു വഴികാട്ടിയാണെന്ന് കാഴ്ചയില്ലാത്തവർക്കായി പ്രവർത്തിക്കുന്ന ഖത്തർ കൾചറൽ സെന്ററിലെ ഇവന്റ്സ് ആൻഡ് ആക്ടിവിറ്റീസ് സൂപ്പർവൈസർ മറിയം അൽകുവാരി പറഞ്ഞു.
ഈ സഹകരണത്തിലൂടെ കാഴ്ചയില്ലാത്ത സ്ത്രീകളുടെ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നു. അതോടൊപ്പം കായികരംഗത്ത് എല്ലാവർക്കും അവസരം നൽകാനും, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു അവബോധവും വളർത്തിയെടുക്കാനും സാധിക്കുന്നു. കായിക പ്രവർത്തനങ്ങളിൽ കാഴ്ചയില്ലാത്ത പെൺകുട്ടികൾ ഏർപ്പെടുന്നതുവഴി സാമൂഹികമായി അവരെ ഉൾക്കൊള്ളുന്നതിന് ഒരിടം നൽകുകയും സുരക്ഷിതമായ കായിക ചുറ്റുപാടുകളിൽ അവരെ ശാക്തീകരിക്കുകയും ചെയ്യുന്നു.
നീളമുള്ള മേശയുടെ നാലു വശങ്ങളും ഉയർത്തിഘടിപ്പിച്ച്, ബാളിന്റെ ട്രാക്കിങ്ങിനായി ശബ്ദമുണ്ടാക്കുന്ന ബെൽ ഉപയോഗിച്ചുമാണ് ബ്ലൈൻഡ് ടേബിൾ ടെന്നിസ് കളിക്കുന്നത്. പ്ലെയേഴ്സ് ദീർഘചതുരാകൃതിയിലുള്ള ബാറ്റുകൾ ഉപയോഗിക്കുകയും പരമ്പരാഗത വലക്കു പകരം ഒരു മരത്തടയുടെ താഴെക്കൂടി പന്ത് ഉരുട്ടുകയും ചെയ്യുന്നു. ബ്ലൈൻഡ് ടേബിൾ ടെന്നിസ് പൂർണമായും ശ്രവണ സൂചനകളെ ആശ്രയിച്ചാണ് കളിക്കുന്നത്.
'ഞാൻ ഒരു വർഷമായി ടേബിൾ ടെന്നിസ് കളിക്കുന്നു. എന്റെ സുഹൃത്തുക്കളാണ് എന്നെ പഠിപ്പിച്ചത്, ഇത് വളരെ രസകരമാണ്. കാണാൻ കഴിയാത്തതുകൊണ്ട് ഞങ്ങൾ കേൾക്കുന്നു, - അതിനാൽ ശബ്ദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഞാൻ ധാരാളം സുഹൃത്തുക്കളോടൊപ്പം കളിക്കാറുണ്ട്' -പരിപാടിയിൽ പങ്കെടുത്ത അമൽ ആദം പറഞ്ഞു.
എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ എത്താനായതിൽ ഞാൻ സന്തോഷവതിയാണ്. ഖത്തർ ഫൗണ്ടേഷന്റെ ലേഡീസ് നൈറ്റിൽ ഞാൻ ആദ്യമായാണ് പങ്കെടുക്കുന്നത്, ഇത് എനിക്ക് മികച്ച അനുഭവമാണ്. തീർച്ചയായും ഞാൻ വീണ്ടും വരും -അവർ പറയുന്നു.കാഴ്ച വൈകല്യമുള്ളവർക്ക് ഉപദേശം നൽകിക്കൊണ്ട് അവർ കൂട്ടിച്ചേർത്തു' അവസരം ലഭിക്കുകയാണെങ്കിൽ ഈ കായിക വിനോദം പരീക്ഷിക്കാൻ ഞാൻ മറ്റുള്ളവരെ ക്ഷണിക്കുന്നു. ഇനിയും മുന്നോട്ട് പോകുക. വെറുതെ ഒന്നു ശ്രമിച്ചുനോക്കുക, ഉപേക്ഷിക്കരുത്. എല്ലാ യാത്രയും വെല്ലുവിളികളോടെയാണ് ആരംഭിക്കുന്നത്, പക്ഷേ അത് എളുപ്പമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.