ദോഹ: പുതിയ അധ്യയന വർഷം ആരംഭിക്കാനായതോടെ പൗരന്മാരും താമസക്കാരും മക്കൾക്കായി പഠനസാമഗ്രികൾ ഒരുക്കാനുള്ള തയാറെടുപ്പിലാണ്. ഇതോടനുബന്ധിച്ച് ഖത്തർ റെയിൽവേസ് (ഖത്തർ റെയിൽ) വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ബാക്ക് ടു സ്കൂൾ’ പരിപാടിയുടെ രണ്ടാം പതിപ്പ് ദോഹ മെട്രോയിലെ സ്പോർട് സിറ്റി സ്റ്റേഷനിൽ ചൊവ്വാഴ്ച ആരംഭിക്കും. ആഗസ്റ്റ് 19 മുതൽ സെപ്റ്റംബർ രണ്ടുവരെയാണ് പരിപാടി നടക്കുക. മെട്രോ സ്റ്റേഷനുകളിൽ പൊതുജനങ്ങൾക്കായി ഖത്തർ റെയിൽ സംഘടിപ്പിക്കുന്ന ‘മെട്രോ ഇവന്റ്സ്’ പരമ്പരയുടെ ഭാഗമാണ് ഈ പരിപാടി.
മെട്രോ സ്റ്റേഷനുകളെ സജീവമായ ഇടങ്ങളാക്കി നിലനിർത്താനും പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകാനും പൊതു-സ്വകാര്യ മേഖലയിലെ പങ്കാളികളുമായി സഹകരണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.മെട്രോയുടെ ഗോൾഡ് ലൈനിലെ സ്പോർട് സിറ്റി സ്റ്റേഷനിൽ നടക്കുന്ന പരിപാടിയിൽ പ്രത്യേക ഓഫറുകൾ പൊതുജനങ്ങൾക്കും ഉപഭോക്താക്കൾക്കും നൽകുന്നു.
പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്കും കുടുംബങ്ങൾക്കും ഗെയിമിങ് സോൺ, പെയിന്റിങ്, കളറിങ്, കലാപരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഖത്തർ റെയിൽ, പങ്കാളികളുമായി സഹകരിച്ച് വിവിധ മത്സരങ്ങളും നടത്തും. അതിലൂടെ ഉപഭോക്താക്കൾക്ക് വിലയേറിയ സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം നാലുമുതൽ രാത്രി എട്ടുവരെയും വാരാന്ത്യങ്ങളിൽ വൈകുന്നേരം നാലുമുതൽ രാത്രി ഒമ്പതു വരെയുമാണ് പ്രവർത്തിക്കുക. പരിപാടിക്ക് സമാന്തരമായി ഖത്തർ റെയിൽ പുതിയ 365 ഡേ മെട്രോപാസ് പ്രഖ്യാപിക്കും. 990 റിയാൽ വിലയുള്ള ഈ വാർഷിക പാസിലൂടെ ഖത്തർ റെയിൽ ഉപഭോക്താക്കൾക്ക് ദോഹ മെട്രോയിലും ലുസൈൽ ട്രാം ശൃംഖലകളിലും പരിധിയില്ലാത്ത യാത്രകൾ വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.