റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനം നടത്തുന്നു
റിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒമ്പതാമത് ഗ്രാൻഡ് - റയാൻ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് വെള്ളിയാഴ്ച തുടക്കമാവും. റിയാദ് ശിഫ ദിറാബ് റോഡിലെ ദുറത്ത് അൽ മലാബ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ സഹകരണത്തോടെ എ ഡിവിഷനിലെ എട്ട് പ്രമുഖ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുക. ലീഗ് കം നോകൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരങ്ങൾ എട്ട് ആഴ്ചയോളം നീണ്ടുനിൽക്കും. എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് ആറിനാണ് മത്സരങ്ങൾ ആരംഭിക്കുക. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെയും അൽ റയാൻ പോളി ക്ലിനിക്കിന്റെയും സഹകരണത്തോടെയാണ് ടൂർണമെന്റ് നടത്തുന്നത്. വിജയികൾക്ക് ഉൾപ്പടെയുള്ള സമ്മാന തുക സിറ്റി ഫ്ലവർ ഗ്രൂപ് നൽകും.
ദിവസവും നാലു മത്സരങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. കെ.എം.സി.സി പ്രവർത്തകർക്കായി എട്ട് ജില്ലാകമ്മിറ്റികളുടെ ടീമുകൾ അണിനിരക്കുന്ന ഫുട്ബൾ ടൂർണമെന്റ് കൂടി ഇതോടൊപ്പം നടത്തുന്നുണ്ട്. ടൂർണമെന്റിന്റെ ഭാഗമായി മെഗാ ബംബർ സമ്മാന കൂപ്പൺ പുറത്തിറക്കിയിട്ടുണ്ട്. എ.ബി.സി കാർഗോ നൽകുന്ന സ്വിഫ്റ്റ് ഡിസയർ കാറാണ് ഒന്നാം സമ്മാനം. ഔട്ട്റൈറ്റ് ഗ്ലോബൽ നൽകുന്ന ബുള്ളറ്റ് ബൈക്ക് രണ്ടാം സമ്മാനവും മോഡേൺ സർക്യൂട്ട് നൽകുന്ന ഐഫോൺ മൂന്നാം സമ്മാനവുമാണ്.
സന്തോഷ് ട്രോഫി, ദേശീയ ഐ ലീഗ് താരങ്ങൾ ഉൾപ്പെടെ നിരവധി കളിക്കാർ വിവിധ ടീമുകൾക്കായി ബൂട്ട് കെട്ടും. ഇതോടൊപ്പം സൗദിയിലെ പ്രമുഖ പ്രവാസി താരങ്ങളും വിവിധ ടീമുകൾക്കായി കളത്തിലിറങ്ങുന്നുണ്ട്. സൗദിയിലെ ദേശീയ മത്സരങ്ങൾ നിയന്ത്രിക്കുന്ന സ്വദേശി റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിക്കുക. അയ്യായിരത്തോളം കാണികൾക്ക് ഒരേസമയം മത്സരം വീക്ഷിക്കാൻ കഴിയും. കഴിഞ്ഞദിവസം മുർസലാത്തിലെ ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന ചടങ്ങിൽ ഫിക്ച്ചർ, ട്രോഫി, ലോഗോ എന്നിവയുടെ പ്രകാശനം നടന്നിരുന്നു.
ടൂർണമെന്റ് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ചീഫ് ഓപറേഷൻ ഓഫീസർ സാനിൻ വാസിമും അൽ റയാൻ പോളിക്ലിനിക്ക് മാനേജിങ് ഡയറക്ടർ മുഷ്താഖ് മുഹമ്മദ് അലിയും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. ഉത്ഘാടനത്തോടനുബന്ധിച്ച് വിവിധ കെ.എം.സി.സി ജില്ലാകമ്മിറ്റികൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റ് നടക്കും. വൈവിധ്യമാർന്ന കലാരൂപങ്ങൾ ഉദ്ഘാടന ചടങ്ങിന് ആവേശം പകരും.
സെപ്തംബർ അഞ്ചിനാണ് ഫൈനൽ. ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെ മറ്റു നേതാക്കളും പങ്കെടുക്കും. ജില്ല തല ഫുട്ബാളിെൻറ ആദ്യ മത്സരത്തിൽ കണ്ണൂർ ജില്ലാ കെ.എം.സി.സി മലപ്പുറം ജില്ലയെ നേരിടും. സൂപ്പർകപ്പ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ അസീസിയ സോക്കർ ബ്ലാസ്റ്റേഴ്സ് എഫ്.സി വഴക്കാടിനേയും രണ്ടാം മത്സരത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് റെയിൻബോ എഫ്.സി, യൂത്ത് ഇന്ത്യ സോക്കറിനെയും നേരിടും.
വാർത്താസമ്മേളനത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, സൂപ്പർ കപ്പ് ചീഫ് കോഓഡിനേറ്റർ മുജീബ് ഉപ്പട, കോഓഡിനേറ്റർ സത്താർ താമരത്ത്, സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി. മുസ്തഫ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.