ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസും സൗദി കിരീടാവകാശി അമീർ മുഹമ്മദ്
ബിൻ സൽമാനും (ഫയൽ)
റിയാദ്: ഫലസ്തീൻ രാഷ്ട്രത്തെ ഫ്രാൻസ് ഔദ്യോഗികമായി അംഗീകരിക്കുന്നതിന് ഫലപ്രദമായ ഇടപെടൽ നടത്തിയ സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് അഗാധമായ നന്ദിയും കടപ്പാടും അറിയിച്ചു. സെപ്തംബറിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലി യോഗങ്ങളിൽ ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കാനുള്ള തന്റെ രാജ്യത്തിന്റെ താൽപര്യം പ്രഖ്യാപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സന്ദേശത്തെ മഹമൂദ് അബ്ബാസ് സ്വാഗതം ചെയ്തു.
അന്താരാഷ്ട്ര പ്രമേയങ്ങൾക്കനുസൃതമായി ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള സമാധാനം ഏകീകരിക്കുന്നതിന് സംഭാവന ചെയ്യുന്ന ധീരമായ ഒരു നടപടിയായി ഇതിനെ കണക്കാക്കുന്നു. ഫലസ്തീൻ അവകാശങ്ങൾക്കായുള്ള രാഷ്ട്രീയ വിജയമായും ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിലും അന്താരാഷ്ട്ര നീതിക്കുവേണ്ടിയുള്ള അവരുടെ പരിശ്രമത്തിലും ഫ്രാൻസിന്റെ പ്രതിബദ്ധതയുടെ തെളിവായും അബ്ബാസ് ഈ സംഭവവികാസത്തെ വിശേഷിപ്പിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും അടിസ്ഥാനത്തിൽ ഫലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരം ശക്തിപ്പെടുത്തുന്നതിന് സമാനമായ നടപടികൾ സ്വീകരിക്കാൻ ഫലസ്തീൻ പ്രസിഡന്റ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
പലസ്തീൻ രാഷ്ട്രത്തിന് ഫ്രാൻസിന്റെ അംഗീകാരം ലഭ്യമാക്കുന്നതിൽ സൗദി അറേബ്യ വഹിച്ച പങ്കിനെ ഫലസ്തീൻ വൈസ് പ്രസിഡൻറ് ഹുസൈൻ അൽശൈഖും അഭിനന്ദിച്ചു. ഫലസ്തീന് കൂടുതൽ അംഗീകാരം നൽകുന്നതിലേക്ക് അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ സൗദി നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നിലപാട് അന്താരാഷ്ട്ര നിയമത്തോടുള്ള ഫ്രാൻസിന്റെ പ്രതിബദ്ധതയെയും പലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനും അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള അവകാശങ്ങൾക്കായുള്ള ഫ്രാൻസിന്റെ പിന്തുണയെയും പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.