റിയാദ്: സിറിയൻ സയാമീസ് ഇരട്ടകൾ വിജയകരമായി വേർപിരിഞ്ഞു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ വിദഗ്ധ കരങ്ങളാൽ വേർെപട്ട സെലിൻ, എലീൻ എന്നീ പെൺകുരുന്നുകൾ ഇനി വെവ്വേറെയുള്ള ജീവിതങ്ങളിലേക്ക് പിച്ചവെക്കും. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശാനുസരണം റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ ഞായറാഴ്ച രാവിലെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്.
അനസ്തേഷ്യ, ന്യൂറോ സർജറി, പീഡിയാട്രിക്സ്, പ്ലാസ്റ്റിക് സർജറി എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ കൺസൾട്ടൻറുമാർ, സ്പെഷ്യലിസ്റ്റുകൾ, നഴ്‌സുമാർ, ടെക്‌നീഷ്യന്മാർ തുടങ്ങിയ 24 പേരടങ്ങുന്ന മെഡിക്കൽ സംഘം ആറ് ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടത്തിയത്. റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കിയ ശസ്ത്രക്രിയ ഉയർന്ന കാര്യക്ഷമതയോടെ സങ്കീർണമായ ശസ്ത്രക്രിയ നടത്തുന്നതിലുള്ള സൗദി വൈദ്യസംഘത്തിെൻറ പ്രാവീണ്യം തെളിയിക്കുന്നതായിരുന്നു.
വേർപിരിയൽ പ്രക്രിയയ്ക്ക് ശേഷം ‘സെലിൻ’ എന്ന പെൺകുഞ്ഞിന്റെ ആരോഗ്യം സ്ഥിരമാണെന്ന് മെഡിക്കൽ ആൻഡ് സർജിക്കൽ ടീം തലവനുമായ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. വെൻറിലേറ്ററിന്റെ ആവശ്യമില്ലാതെ തന്നെ അവൾക്ക് ഓക്സിജൻ നൽകി. ഇത് ശസ്ത്രക്രിയക്കു ശേഷമുള്ള അവളുടെ ആരോഗ്യസ്ഥിരതയുടെ നല്ല സൂചനയാണെന്നും പറഞ്ഞു. സിറിയൻ സയാമീസ് ഇരട്ടകളായ സെലിൻ, എലീൻ എന്നിവരുടെ കുടുംബം ലബനാനിൽ അഭയാർഥികളാണെന്ന് ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
അവരുടെ മാതാവ് മൂന്ന് കുട്ടികളെ ഗർഭം ധരിച്ചിരുന്നു അതിൽ രണ്ട് സയാമീസ് പെൺകുട്ടികളും ഒന്ന് ആരോഗ്യവാനായ ഒരു ആൺകുട്ടിയും ഉൾപ്പെടുന്നു. ബെയ്റൂത്തിലെ റഫീഖ് ഹരീരി ആശുപത്രിയിൽ സിസേറിയൻ വഴിയാണ് അവർ ജനിച്ചത്. ഇരട്ടകൾക്ക് ഒരു വർഷവും അഞ്ച് മാസവും പ്രായമുണ്ടെന്നും അവരുടെ ആകെ ഭാരം 14 കിലോഗ്രാം ആണെന്നും അൽറബീഅ പറഞ്ഞു. സൗദി വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ 2024 ഡിസംബർ 29നാണ് ഈ ഇരട്ടകൾ സൗദിയിൽ എത്തിയത്. പിന്നീട് ഇരട്ടകളെ നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് മുമ്പുള്ള പരിചരണ, പരിശോധന പ്രവർത്തനങ്ങൾക്ക് വിധേയമാക്കുകയായിരുന്നുവെന്ന് അൽറബീഅ വിശദീകരിച്ചു.
വിശദമായ പരിശോധനയിലൂടെ ഇരട്ടകളുടെ നെഞ്ചും വയറും പരസ്പരം ഒട്ടിച്ചേർന്നിരിക്കുകയാണെന്നും ഹൃദയത്തിെൻറയും കരളിെൻറയും പാളികൾ പരസ്പരം ചേർന്നിരിക്കുകയാണെന്നും കുടൽ പരസ്പരം പങ്കിടുകയാണെന്നും കണ്ടെത്തി. സിറിയയിൽനിന്ന് നാല് സയാമീസ് ഇരട്ടകളാണ് ഇതുവരെ റിയാദിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയിട്ടുള്ളതെന്നും അൽറബീഅ പറഞ്ഞു. സെലിൻ, എലീൻ സയാമീസ് ഇരട്ടകളുടെ പിതാവ് സൗദിക്ക് അഗാധമായ നന്ദി രേഖപ്പെടുത്തി. തന്റെ കുടുംബത്തിന് പ്രതീക്ഷ തിരികെ നൽകിയ ഈ മാനുഷിക സംരംഭത്തിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നന്ദി പറഞ്ഞു. ലോകത്തിന്റെ നാനാഭാഗത്തുനിന്ന് റിയാദിലെത്തിച്ച് ശസ്ത്രക്രിയ നടത്തുന്ന 66ാമത്തെ ഇരട്ടകളാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.