ബാബു ജോസ് 

സന്ദർശക വിസയിലെത്തിയ മലയാളി ആർക്കിടെക്റ്റ് റിയാദിൽ കവർച്ചക്കിരയായി

റിയാദ്: 10 ദിവസം മുമ്പ് റിയാദിൽ സന്ദർശക വിസയിലെത്തിയ മലയാളിക്ക് മെട്രോ സ്റ്റേഷന് അരികിൽ വെച്ച് കവർച്ചാ സംഘത്തിന്റെ ആക്രമണവും കവർച്ചയും നേരിടേണ്ടിവന്നു. തൃശ്ശൂർ സ്വദേശിയും സീനിയർ ആർക്കിടെക്റ്റുമായ ബാബു ജോസ് മുക്കനാപറമ്പിലാണ് പിടിച്ചുപറിക്കും മാനഹാനിക്കും ധനനഷ്ടത്തിനും ഇരയായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിക്ക് സുൽത്താന 17 നമ്പർ മെട്രോ സ്റ്റേഷനിൽ വെച്ച് പുറത്തിറങ്ങിയ ശേഷമായിരുന്നു ഇദ്ദേഹത്തിനുണ്ടായ ദുരനുഭവം.

റൂമിലേക്ക് പോകുവാൻ സ്റ്റേഷനിൽ ട്രെയിനിറങ്ങിയപ്പോൾ രണ്ടു പേർ വന്ന് ബാഗ് തട്ടിയെടുക്കുകയായിരുന്നു. പ്രതിരോധിക്കുന്നതിനിടയിൽ റോഡിലൂടെ ഇദ്ദേഹത്തെ സംഘം വലിച്ചിഴച്ചു. മൽപ്പിടുത്തത്തിനൊടുവിൽ ഒരു സ്കൂട്ടറിൽ കയറി കവർച്ചാ സംഘം രക്ഷപ്പെടുകയും ചെയ്തു. ഭീതി കാരണം കണ്ടുനിന്ന പലരും അടുത്തേക്ക് വന്നില്ല. സംഭവത്തിൽ റോഡിൽ വീണു ഇദ്ദേഹത്തിന്റെ ഇടതു കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

പാസ്‌പോർട്ട്, വാലറ്റ്, മൊബൈൽ ഫോൺ, സൗദി, യുഎഇ, ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസുകൾ, എ.ടി.എം കാർഡുകൾ, മെട്രോ കാർഡുകൾ, മരുന്നുകൾ, പെൻ ഡ്രൈവുകൾ, ചില കമ്പ്യൂട്ടർ സാധനങ്ങൾ, ഭാര്യയുടെ ഒരു സ്വർണ്ണ മാല എന്നിവയും പണവും അടക്കം ഏകദേശം 8,000 റിയാലിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും സംഘത്തിനെതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്തു. പക്ഷേ ഇതുവരെ കവർച്ചാ സംഘത്തെക്കുറിച്ചു സൂചനയോ നഷ്ടപ്പെട്ട മുതലിനെകുറിച്ച വിവരങ്ങളോ ഒന്നും ലഭ്യമായിട്ടില്ല. വളരെ പ്രയാസപ്പെട്ട് സുഹൃത്തിനെ ബന്ധപ്പെട്ടാണ് ഇദ്ദേഹം പോലീസ് സ്റ്റേഷനിൽ എത്തിയത്. സംഭവം നടന്ന പ്രദേശത്ത് സ്ഥിരമായി വനിതകളുടെ ബാഗ് തട്ടിപ്പറിക്കുന്ന സംഘങ്ങളുണ്ടെന്ന് പരിസരവാസികൾ പറയുന്നു.

1993 മുതൽ 2014 വരെ 10 വർഷത്തിലധികം റിയാദിൽ ജോലി ചെയ്തു മുൻ പരിചയമുള്ള ഒരു ആർക്കിടെക്റ്റ് കൂടിയാണ് ബാബു ജോസ്. പ്രവാസത്തിനു ശേഷം ബാംഗ്ലൂരിൽ ജോലി ചെയ്തുവരവെയാണ് സന്ദർശക വിസയിൽ ഇദ്ദേഹം റിയാദിൽ വീണ്ടും എത്തുന്നത്. റിയാദിലെ ഒരു പ്രമുഖ കമ്പനിക്ക് വേണ്ടി നാട്ടിൽ വച്ച് ഓൺലൈനിൽ ജോലിയും ചെയ്യുന്നുണ്ടായിരുന്നു. അവരെ സന്ദർശിക്കാനായാണ് ഇദ്ദേഹം റിയാദിലെത്തിയത്.

നിശ്ചിത ഇടവേളകളിൽ ആവർത്തിക്കുന്ന ഇത്തരം കവർച്ചകൾ വലിയ ഭീതിയോടെയാണ് പ്രവാസി സമൂഹം കാണുന്നത്. വിഷയം എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ബാബു ജോസ് പറഞ്ഞു. സഹായത്തിനായി പ്രവാസി വെൽഫെയർ വളണ്ടിയർ നിഹ്മത്തുല്ല രംഗത്തുണ്ട്. ഇദ്ദേഹത്തിന്റെ പാസ്പോർട് അടക്കം നഷ്ടപ്പെട്ട സാധനങ്ങൾ ആർക്കെങ്കിലും ലഭിക്കുകയാണെങ്കിൽ +966 544800791 എന്ന നമ്പറിൽ അറിയിക്കണം.

Tags:    
News Summary - Malayali architect on visitor visa robbed in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.