ദുബൈ: ഇസ്രായേൽ അധിനിവേശത്തിൽ കടുത്ത ദുരിതമനുഭവിക്കുന്ന വടക്കൻ ഗസ്സ മുനമ്പിലെ ഫലസ്തീനികൾക്ക് കുടിവെള്ളമെത്തിക്കാൻ പുതിയ പൈപ്പ്ലൈൻ പദ്ധതിയുമായി യു.എ.ഇ. പദ്ധതിക്ക് കീഴിൽ ഈജിപ്ത് അതിർത്തിയിൽനിന്നാണ് കടൽവെള്ളം ശുദ്ധീകരിച്ച് ഗസ്സയിലെത്തിക്കുകയെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതിനായി 6.7 കിലോമീറ്റർ നീളവും 315 മില്ലിമീറ്റർ വീതിയുള്ള പൈപ്പുകളെ ഈജിപ്തിൽ യു.എ.ഇ നിർമിച്ച കടൽജല ശുദ്ധീകരണ പ്ലാന്റുമായി ബന്ധിപ്പിക്കും. ഖാൻ യൂനുസിനും റഫക്കും ഇടയിൽ താമസിക്കുന്ന ഫലസ്തീനികൾക്കാണ് പദ്ധതിയിലൂടെ കുടിവെള്ളം എത്തിക്കുക. ഗസ്സയിലെ ആറുലക്ഷം ഫലസ്തീനികൾക്ക് സഹായമെത്തിക്കുന്നതിനായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ് 3 സംരംഭത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇത് യാഥാർഥ്യമാകുന്നതോടെ പ്രതിദിനം ഒരാൾക്ക് 15 ലിറ്റർ കുടിവെള്ളം ലഭ്യമാകും.
ആക്രമണത്തിൽ ഗസ്സയിലെ 80 ശതമാനം ജലവിതരണ സൗകര്യങ്ങളും തകർന്നിരിക്കുകയാണ്. ഇതോടെ ആയിരങ്ങളാണ് നിർജലീകരണത്തോട് പോരാടി ജീവിക്കുന്നത്. ജലപ്രതിസന്ധിക്കെതിരായ അടിയന്തര നടപടിയെന്ന നിലയിൽ മാത്രമല്ല പൈപ്പ് ലൈൻ പദ്ധതിയെ കാണുന്നതെന്നും ഫലസ്തീൻ ജനതക്ക് നൽകിവരുന്ന തുടർച്ചയായ പിന്തുണയുടെ ഭാഗമാണെന്നും ഓപറേഷൻ ഗാലന്റ് നൈറ്റ് 3 മീഡിയ പ്രതിനിധി ഷരീഫ് അൽ നൈറബ് പറഞ്ഞു. ഗസ്സയിലെ വ്യത്യസ്ത മേഖലകളിൽ യു.എ.ഇ നിരവധി സഹായങ്ങൾ നൽകിവരുന്നുണ്ട്. കടൽജല ശുദ്ധീകരണ പ്ലാന്റുകളുടെ നിർമാണം മുതൽ വാട്ടർ ടാങ്കറുകൾ ലഭ്യമാക്കൽ വരെ ഇതിന്റെ ഭാഗമാണ്. ഇത്തരം പ്രവർത്തനത്തിലൂടെ ഗസ്സയിൽ ഏറ്റവും ദുരിതപൂർണമായ ഇടങ്ങളിലെ മനുഷ്യർക്ക് കുടിവെള്ളം ലഭ്യമാക്കാൻ കഴിയുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.